ഓരോന്ന് ആലോചിച്ചു പ്ലാറ്റ്ഫോമിൽ കൂടെ നടന്നു ഏറ്റവും അറ്റത്തുള്ള സിമന്റ് ബെഞ്ചിൽ പോയിരുന്നു. എത്ര നോക്കിയിട്ടും കുറച്ച് മുന്നേ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിനെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
“അവളോട് പറഞ്ഞിട്ട് പോന്നാൽ മതിയാരുന്നു, ഇത്രേം നാൾ കൂടെ നിന്ന് സഹായിക്കാൻ അവരൊക്കെ തന്നെ ഉണ്ടായിരുന്നുള്ളു എന്നിട്ടിപ്പോ ആരോടും പറയാതെ ഒളിച്ചോടിയ പോലെ ആയി.”
“മം.. എന്തായാലും നാളെ രാവിലെ തന്നെ ഫോൺ വിളിച്ചു പറയാം ഇന്നിപ്പോ അവളുടെ മൂഡ് ശെരിയാവില്ല.” എക്സ് മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു.
മുംബൈ നിന്നും കന്യാകുമാരി വരെ പോകുന്ന ട്രെയിൻ നമ്പർ 16382 ജയന്തി ജനത എക്സ്പ്രസ്സ് ലോണാവാല സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ രണ്ടിലേക്ക് അല്പസമയത്തിനകം എത്തിച്ചേരുന്നതാണ്….
ട്രെയിൻ അനൗൺസ്‌മെന്റ് കേട്ട് അവൻ ചിന്തയിൽ നിന്നുണർന്നു. ചുറ്റും ഒന്ന് നോക്കി, വളരെ കുറച്ച് ആളുകളെ ട്രെയിൻ കാത്ത് നിക്കുന്നുള്ളു. അകലെ ട്രെയിനിന്റെ ചൂളം വിളി കേട്ടതും അവിടെ ആകെ ഉണ്ടായിരുന്ന നാലഞ്ചു പേര് മുന്നോട്ട് നടന്നുപോയി. അധികം വൈകാതെ തന്നെ ജയന്തി ജനത ഒരു മുരൾച്ചയോടെ കുതിച്ചെത്തി. മഴ പെയ്യുന്നത് കൊണ്ട് എല്ലാ കംപാർട്മെന്റിലും ഗ്ലാസ് ഷട്ടർ ഇട്ടിട്ടുണ്ട് എന്നാൽ ഒരു കംപാർട്മെന്റ് മാത്രം മുഴുവൻ ഇരുമ്പ് ഷട്ടർ ഇട്ട് മൂടിയിരിക്കുന്നു. “ഹോ ഇതിനകത്ത് ഉള്ള ആളുകൾ ഒക്കെ ശ്വാസം മുട്ടി ചാകുവല്ലോ… ഓ ചെലപ്പോ പാർസൽ കംപാർട്മെന്റ് ആവും.” അവൻ മനസ്സിൽ ഓർത്തു.
അവൻ നോക്കിയിരിക്കെ അവന് ഇടത് വശത്തായി ആ കംപാർട്മെന്റിന്റെ അവസാനത്തേതിന് മുന്നിൽ ഉള്ള ഷട്ടർ മെല്ലെ ഉയർന്നു, എന്നാൽ അതിൽ ലൈറ്റ് ഒന്നും കാണാത്തത് അവനെ അത്ഭുതപെടുത്തി.
“ങേ… ഈ ലൈറ്റ് പോലും ഇടാതെ ഇതെങ്ങനാ ഇങ്ങനെ അടച്ചു മൂടി പോകുന്നത്.” ആ ജനലിനു പിന്നിലായി ഒരു നിഴൽ അവൻ കണ്ടു, കൈ രണ്ടും ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കുന്ന ഒരു നിഴൽ.
“ഇതാരപ്പാ ഇത്….” എക്സിന് എന്തോ ഒരു കൗതുകം തോന്നി. അവൻ നോക്കി നിൽക്കെ വണ്ടിയുടെ ചക്രങ്ങൾക്ക് ജീവൻ വെച്ചു, അത് മെല്ലെ മുന്നോട്ട് നീങ്ങി തുടങ്ങി. കൂടെ ആ നിഴൽ അവനോട് കൂടുതൽ അടുത്ത് തുടങ്ങി. വണ്ടിയുടെ വേഗത കൂടും തോറും ആ നിഴലിന്റെ ചലനവും കൂടി കൂടി വന്നു. എന്തോ ഒരു വെപ്രാളം പോലെ.