അവൻ്റെതൊരു ജനിതക രോഗം ആണെന്ന് അപ്പു ഒൻപതാം തരത്തിൽ പഠിച്ചിരുന്നു, പകരില്ല, പക്ഷെ അത് പഠിപ്പിച്ച പുഷ്പലത ടീച്ചർക്ക് തന്നെ അവൻ്റെ അടുത്ത് വരാൻ പേടിയായിരുന്നെന്നു അപ്പു ഓർത്തെടുത്തു.
“എന്താ അപ്പൂട്ട ഇന്ന് കൊറച്ചധികം സാധനങ്ങൾ ഉണ്ടല്ലോ, വല്ല കോളും കിട്ടിയോ.”
“ എവിടന്ന് ഇക്ക, എപ്പഴതേം പോലെ കൊറച്ചു തേനും, കുടംപുളിയും ഉണ്ട് അതിനപ്പുറത്തേക്ക് കോള് ഞാൻ എവിടെ പോയി ഒപ്പിക്കാൻ ആണ്. നിങ്ങള് ഇതെടുത്തു, വെക്കം കാശു തരീം. എനിക്ക് കോളേജി പൂവൻ ഇള്ളതാ.”
“ഇയ്യ് ഇങ്ങനെ നടന്ന മത്യാ പുള്ളെ, അനക്കു പട്ടണത്തി പോയി വല്ല ജോലിക്കും കേറിക്കൂടെ. തൊട്ടാ തെറിക്കണ പ്രായം അല്ലെ, ഇപ്പഴാ അതൊക്കെ പറ്റുള്ളൂ. ഇത്തിരികൂടി ഒക്കെ പ്രായം ആയ ഈ മലമൂട്ടിൽ വേര് ഉറച്ചു പോവും ചെക്കാ”
“അതെ തൊട്ടാ ഞാൻ തെറിച്ചു വല്ലോടത്തും വീണ് ചാവും , അതെന്നെ ഇണ്ടാവുള്ളോ, അങ്ങനത്തെ പ്രായം, ഇവിടെ ആവുമ്പൊ സ്കോളർഷിപ് കാശെങ്കിലും കിട്ടണ്‌ണ്ട്, അവിടെ ഒക്കെ പോയാ പട്ടിണി കിടന്നു ചവണ്ടി വരും.”
“ അതൊക്കെ എത്ര നാളാന്നാ!!, എന്നാലും അൻ്റെരു, തലേലെഴുത്തു ഞാൻ ആലോയ്‌ക്കായിരുന്നു.”
“അതൊന്നും നമ്മള് കൂട്ടിയ കൂടില്ല ഇക്ക, അനുഭവിച്ചെന്നെ തീരണം”
അവൻ നോക്കുമ്പോ കുട്ടികൾ ഓട്ടം നിർത്തി, അവനെയും നോക്കി പേടിച്ചു പിന്നിൽ കൈയ്യുംകെട്ടി നിൽപ്പാണ്.
“ഇവരിത്ര നേരത്തെ എണീക്കോ ഇക്ക”
“എന്താ ചെയ്യാ മോനെ, ഇവറ്റോൾക്ക് ഒറക്കം ഇല്ല, മിന്നംവെളുക്കും മുന്നേ എണീറ്റ് കളി തൊടങ്ങും, ഞങ്ങളേം ഒറക്കില്ല. വയസ്സാം കാലത്തു പടച്ചോൻ ഒരു താമാശ കാണിച്ചതാണ്. എന്നാലും ഇവരുള്ളോണ്ട് ഞങ്ങൾക്ക് ജീവിക്കാൻ തോന്നണ്ണ്ട്. അല്ലെങ്കി ഞങ്ങക്കു ആരാ, അൻ്റെ പോലെന്നെ.”
ബീവിയാണ് ഉത്തരം പറഞ്ഞത്.