അപ്പൂട്ടന് അറിയാം, അവളെ കുറിച്ച് പലതും നാട്ടിൽ കേൾക്കുന്നുണ്ട്. അവൾക്കു അവിടെ ഒരു ഡോക്ടര് പയ്യനും ആയി പ്രേമം ഉണ്ടെന്നോ. രാമനാഥൻ ചേട്ടൻ അതിന് പാതിസമ്മതം മൂളി എന്നൊക്കെ. അവൾ ഇവിടന്നു പോയ അമ്പിളിയെ അല്ല. മോഡേൺ ആയുള്ള ഇറുകിയ ജീൻസും, ബനിയനും എല്ലാം ഇടും, മുടിയിൽ കടുംചുവപ്പിൽ നിറം കൊടുത്തിട്ടുണ്ട്, ഉച്ചവെയിൽ വന്നു തട്ടുമ്പോൾ അത് തെച്ചിപ്പൂ പോലെ കത്തി നിൽക്കും. അത് കാണാൻ എന്ത് ചേലാണ്.കണ്ണിൽ വിലകൂടിയ ഏതൊക്കെയോ കരിമഷികൾ എഴുതിയിട്ടുണ്ടാവും, ജന്മനാ ചെറിപ്പൂ നിറമുള്ള ചുണ്ടിൽ അവൾ ഇപ്പോൾ അല്പം ചായം പുരട്ടാറുണ്ട്. ഇതൊന്നും കൊണ്ട് നാട്ടുകാർ പറയണപോലെ, പെണ്ണ് കൈവിട്ടു പോയതായി അപ്പൂട്ടന് തോന്നിയില്ല. എല്ലാം അവളുടെ ഭംഗി ഇരട്ടിപ്പിച്ചതായിട്ടേ തോന്നിയുള്ളൂ. എങ്കിലും അവൻ അവളോട് പോയി സംസാരിക്കാനോ, സൗഹൃദം പുതുക്കാനോ മുതിർന്നില്ല, അവൾ അറിയില്ലെന്ന് എങ്ങാനും പറഞ്ഞാൽ, എല്ലാവരും അവനോടു കാണിക്കുന്നപോലെ അറപ്പു കാണിച്ചാൽ, അതവന് ഏറെ വിഷമം ആകും. അതുകൊണ്ടു മാത്രം ആണ്.
ക്ലാസ്സില് അവളോടിപ്പോഴും കൂട്ടുള്ള കൊച്ചുണ്ണി, അവളുടെ ചുവന്ന മുടിയിഴ പുസ്തകത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നു ഞാൻ കേട്ടു, കണ്ടിട്ടൊന്നും ഇല്ല, ഞാൻ അവനോടു ചോദിക്കാനും പോയില്ല, അവൻ ഒരു വഷളൻ ആണ്, അവൾ എന്തിനാവോ ഇതുപോലുള്ളവരൊക്കെ ആയി കൂട്ട് കൂടുന്നതു അപ്പൂട്ടൻ ചെറിയൊരു ദേഷ്യത്തോടെ മനസ്സിൽ വിചാരിച്ചു.
നടന്നു ചന്ത എത്തിയപ്പോഴേക്കും അപ്പൂട്ടൻ വിശർപ്പിൽ കുളിച്ചിരുന്നു. നേരെ കുഞ്ഞി മാപ്പിളേടെ കടയിലേക്ക് നടന്നു, വില ഇത്തിരി കുറവാണെങ്കിലും, അവൻ കുഞ്ഞിക്കക്കെ സാധനം വിൽക്കാറുള്ളു. പണ്ട് ചെറുപ്പത്തിൽ, മാങ്കുവിനെയും കൊണ്ട് കഷ്ടപെടുമ്പോൾ അയാളും, ബീവിയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർക്കു രണ്ടു കുഞ്ഞു പെൺകുട്ടികൾ ആണ്, ഇരട്ടകുട്ടികൾ, ഒരേ പോലത്തെ ഡ്രെസ്സൊക്കെ ഇട്ടു അവർ അവിടവിടെ പൂമ്പാറ്റ കുഞ്ഞുങ്ങൾ പോലെ അവിടെ പാറി നടക്കുന്നുണ്ടായിരുന്നു.
അവർക്കു വയസാം കാലത്താണ് ഈ മാലാഖകുഞ്ഞുങ്ങൾ ഉണ്ടായതു. പാത്തുവും, ആമിനയും. അതിനു രണ്ടിനും അപ്പൂട്ടനെ പേടിയായിരുന്നു, മുഖത്തെ മുഴകളും രൂപവും എല്ലാം കൂടി കണ്ട്. അവര് പേടിക്കുമ്പോൾ അപ്പൂട്ടന് വിഷമം ആണ്. അവനു അവരെ ഒന്ന് എടുത്തു കൊഞ്ചിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അവനു ലോകത്തുള്ള എല്ലാകുട്ടികളെയും ഇഷ്ടമാണ്. പക്ഷെ അവരുടെ അച്ഛനമ്മമാർ ഒരിക്കലും അവരെ അവനടുത്തേക്കു വിടാറില്ല, അവന്റെ അസുഖം കുഞ്ഞുങ്ങൾക്കു പകർന്നാലോ. അവൻ്റെ പേര് പറഞ്ഞു പേടിപെടുത്തി കുട്ടികൾക്ക് ചോറ് കൊടുക്കണതുവരെ അവൻ കണ്ടിട്ടുണ്ട്.