തീ മിന്നൽ അപ്പേട്ടൻ 1 [നരഭോജി]

Posted by

 

നാട്ടിൽ ആകെ പ്രശ്നങ്ങൾ ആണ്. തസ്കര ശല്യം അതും ആനത്തലയൻ കൊള്ളക്കാർ, പോരാത്തതിന് ചുറ്റും കാടായതു കൊണ്ട് ചില സമയങ്ങളിൽ പുലിയും കടുവയും നാട്ടിൽ ഇറങ്ങും, പലപ്പോഴും പുഴക്കപ്പുറത്തെ ഫാക്ടറിയിൽ നിന്നുള്ള പുക മേഘത്തിൽ കലർന്ന് ഇടയ്ക്കു ആസിഡ് മഴയും പെയ്യും. എല്ലാത്തിലും ഉപരി ഇവരുടെ കഥകളിൽ ജീവിക്കുന്ന, ആ സത്വവും, മനുഷ്യനും മൃഗവും ചേർന്ന, പൗർണമി ദിവസങ്ങളിൽ ഇരപിടിക്കുന്ന ആ സത്വം. വെറും കെട്ട്ക്കഥകൾ. അതിനു പിന്നിൽ എന്തെങ്കിലും രഹസ്യം കാണാതിരിക്കില്ല. ഇതിൽ നിന്നെല്ലാം ഈ നാടിനെയും നാട്ടുകാരെയും താൻ രക്ഷിക്കുന്നത് അവൻ ഇടക്ക് പകൽകിനാവ് കാണും. അത് കാണാനും തന്നെ ആരാധനയോടെ നോക്കി നില്ക്കാനും അമ്പിളി കൂടി ഉണ്ടായിരുന്നെങ്കിലോ. അവനതോർക്കുമ്പോ രോമാഞ്ചം വരും.

 

അമ്പിളി അച്ഛന്റെ പ്രിയ കൂട്ടുകാരൻ ഫോറെസ്റ്റ് ഓഫീസർ രാമനാഥൻ്റെ, മൂത്തമകൾ, പട്ടണത്തിൽ പോയി ഡോക്ടർ ഭാഗം പഠിച്ച പെൺകുട്ടി, ഇപ്പോ അവിടെ ഒരു ഹോസ്പിറ്റലിൽ ട്രെയിനിങ് ആണ്. അവൻ്റെ അതെ വയസ്സേ ഉള്ളു, അവർ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നതാണ്. നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ, അവന്റെ വികൃതമായ മുഖമൊന്നും അവൾക്കു ഒരു പ്രശ്നമേ ആയിരുന്നില്ല. അതൊന്നും നോക്കാതെ അവൾ കൂട്ട് കൂടി. അവൾ ആയിരുന്നു നാട്ടിൽ ഏറ്റവും സുന്ദരി, ഒരുപാട് പേർക്ക് അവളെ ഇഷ്ടം ആയിരുന്നു, അവരൊക്കെ അവളോട് പറയും, അപ്പൂട്ടനോട് കൂട്ടുകൂടണ്ട ആ രോഗം പടർന്ന ഈ ഭംഗി ഒക്കെ പോയ് പോകുമെന്ന്. അവളതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല കൂടുതൽ കൂടുതൽ കൂട്ട് കൂടി. അവൾ അവനൊരു ആശ്വാസം ആയിരുന്നു, മങ്കുവിനെപോലെ തന്നെ മനുഷ്യനായി കാണുന്ന ഒരാൾ. 

 

അമ്മയുടെ മരണത്തിനു ശേഷം എന്ത് ചെയ്യും എന്നൊരു ബോധം ഇല്ലാതെ അവളുടെ വാക്കു പോലും കേൾക്കാതെ പണിക്കു പോയി, അതോടെ അവളൊന്നു പിണങ്ങി. അപ്പോഴത്തെ അവസ്ഥ കാരണം അവളോട് തീരെ സംസാരിക്കാതെയായി, ഒരു തരം ദേഷ്യം പോലെ ആയിരുന്നു എല്ലാരോടും അത് അവളോടും കാണിച്ചു. അവൾക്കത് നല്ല വിഷമമായി. അപ്പോഴക്കും എൻട്രൻസിൽ അവൾക്കു പട്ടണത്തിൽ ഉള്ള മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി, പട്ടണത്തിൽ പോയി, പഠിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് വല്ലപ്പോഴും മാത്രമേ വരാറുള്ളൂ, അപ്പോൾ തന്നെ തിരിച്ചു പോവുകയും ചെയ്യും. അപ്പോഴേക്കും അവർ തമ്മിലുള്ള സൗഹൃദം വല്ലാതെ അകന്നുപോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *