തന്നെ വിശ്വസിക്കുന്നവരെ, തന്നെ സ്നേഹിക്കുന്നവരെ രക്ഷിക്കാൻ ഉള്ള നിസ്സാര ശക്തി പോലും ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ജീവിച്ചിട്ട് തന്നെ എന്താണ് കാര്യം….
***************
പ്രേമപരവശരായ കാർമേഘങ്ങൾ, താഴെ അപ്പൂട്ടൻ കിടക്കുന്നതു കാണാതെ മുകളിൽ രാസകേളിയാടിക്കൊണ്ടിരുന്നു. നാണിച്ചുനിന്ന സുന്ദരിയായ കരിനീലഗാത്രി, നമ്മുടെ ആളി, പെൺമേഘത്തിനു, കാർമേഘവർണ്ണൻ നമ്മുടെ തോഴൻ ആൺമേഘം ആശയിൽ ഒരു ചുടുചുംബനം നൽകി. ആ ചുംബനത്തിൽ രൂപപ്പെട്ട, പോട്ടെൻഷ്യൽ ഡിഫറെൻസിൽ, ഒരു വൈദ്യൂത പ്രവാഹം രൂപപ്പെട്ടു. അത് മനോഹാരിണിയായ ധാത്രി, നമ്മുടെ സുന്ദരഭൂവിൽ വന്നു പതിച്ചു. സർവ്വംസഹയായ ഭൂമി സന്തോഷത്തോടെ അത് സ്വീകരിച്ചു.
“പ് ട്ടോ………….”
കർണ്ണ കടോരമായ ആ ശബ്ദം കേട്ട് അപ്പൂട്ടൻ ഞെട്ടിയുണർന്നു. ചുറ്റും തീ മിന്നലുകൾ ഇടുത്തീ പോലെ വന്നു വീഴുന്നു അവനു പേടിച്ച് അനങ്ങാൻ പറ്റിയില്ല. കൈകൾ തലയ്ക്കു പിന്നിൽ വച്ച് അനങ്ങാതെ അവൻ ആകാശം നോക്കി കിടന്നു. വലതു വശത്തെ അത്തിമരം തീ മിന്നൽ ഏറ്റ് നിന്ന് കത്തുന്നുണ്ട്. പിന്നെയും ഞെട്ടിക്കുന്ന ശബ്ദത്തിൽ മിന്നലുകൾ അവനു ചുറ്റും വീണു കൊണ്ടിരുന്നു. ഭയത്തിലും അവൻ ആകാശത്തിൻ്റെ ഭംഗി കണ്ടു അത്ഭുതപരവശനായി അമ്പരന്നു നിന്നു.
അവ സാധാരണ മേഘങ്ങൾ ആയിരുന്നില്ല, പല പല മൂലകങ്ങൾ, മിന്നലിൽ ഉണ്ടായ വൈദ്യൂത ചാർജിൽ കത്തി, പലവർണ്ണങ്ങൾ മേഘങ്ങൾക്കു കൈവന്നു. പച്ച, മഞ്ഞ, ചുവപ്പു, പിങ്ക് അതോ മജണ്ടയോ, നീല കടുത്തതും, നേർത്തതും മങ്ങിയതും. നിറങ്ങൾ കൊണ്ട് ആകാശം വർണ്ണശബളമായി നിറഞ്ഞുതൂവി. മിന്നൽ പിണരുകൾക്കു പോലും നിറങ്ങൾ ഉണ്ടായിരുന്നു. ഇതെന്തു മാറിമായം.
പെട്ടന്ന് ആകാശത്തെ പിളർത്തി ഏറ്റവും വലിയ ഘോരഘോരമായ ഒരു മിന്നൽ കടന്നുവന്നു, അതിനു കടുത്ത മഞ്ഞ നിറം ആയിരുന്നു. അപ്പൂട്ടന് എന്തെങ്കിലും ചിന്തിക്കാൻ കഴിയുന്നതിനു മുൻപേ മിന്നൽ അവനിൽ പതിച്ചു.