അവനതു അവളെ നോക്കി പറഞ്ഞപ്പോൾ ശബ്ദം ഇടറിയിരുന്നു, കണ്ണുകൾ ഈറനാൽ നനഞ്ഞിരുന്നു. അവൻ തിരിച്ചുപറയുന്നതു കേൾക്കാൻ നിൽക്കാതെ നടന്നു കോളജിലേക്ക്. കോളേജ്ഉം സ്കൂളും ഒരേ കോംപൗഡിൽ ആണ്, ഒരു അരമതിലിൻ്റെ വേർതിരിവേ ഉള്ളു, പിള്ളേര് അങ്ങോട്ടും ഇങ്ങോട്ടും , കടന്നൽ കൂട്ടം പോലെ മൂളക്കത്തിൽ, ക്ലാസ്സിലേക്ക് നടക്കുന്ന അവനു ചുറ്റുംചിതറിയോടി കൊണ്ടിരുന്നു.
സത്യത്തിൽ അമ്പിളിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല, അതവൾക്കും വിഷമം ആയി, നെഞ്ചിൽ ഒക്കെ ആകെ സങ്കടം തളം കെട്ടി. പണ്ടവളു പറഞ്ഞതൊന്നും കേൾക്കാതെ ഓരോന്ന് കാട്ടി കൂട്ടി ഇങ്ങനെ നിൽക്കുന്ന കണ്ട ദേഷ്യത്തിൽ, ഒന്ന് നോവിക്കണം എന്ന ക്രൂരബുദ്ധി തോന്നിപോയി. അവൻ അഞ്ചു വർഷത്തിൽ ഇത്രക്കും പാവം ആയി പോയെന്നു അവളും വിചാരിച്ചില്ല. അവൾക് അകെ നെഞ്ചത്ത് വെഷമം, കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോ അവൾ തിരിഞ്ഞു നടന്നു.
അവനു എന്തെങ്കിലും സംഭവിക്കുന്നത് അവൾക്കും സഹിക്കില്ല, കാരണം അവര് ചെറുപ്പം മുതലേ അത്ര നല്ല കൂട്ടുകാർ ആയിരുന്നു. അവളു അവനു വേണ്ടി കാട്ടുമുത്തിയമ്മയോടു മനസ്സിൽ പ്രാർത്ഥിച്ചു. കാട്ടുമുത്തിയമ്മക്ക് ആകെ അത്ഭുതം, ആദ്യം ആയിട്ടാണ് അവനു വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുന്നത്, അവൻ പോലും പ്രാർത്ഥിക്കാറില്ല !!!…
*************
ദിവസങ്ങൾ നെല്ലിക്കായ പോലെ പൂത്ത് കായ്‌ച്ചുലഞ്ഞു, കൊഴിഞ്ഞു വീണുകൊണ്ടേരുന്നു.
അതിനിടക്ക് ഒരു ദിവസം മങ്കു പറയണത് കേട്ടു, അമ്പിളി കുറച്ചു നാള് ഇവിടെ ഉള്ളോണ്ട് സ്കൂളിൽ എന്തൊക്കെയോ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു. അതെന്താണെന്നു മനസ്സിലാവാത്തത് കൊണ്ട് അപ്പൂട്ടൻ കുറെ പേരോട് ചോദിച്ചു. അപ്പൊ അമ്പിളി ഇവിടത്തെ പൂർവ്വവിദ്യാര്തഥി ആണല്ലോ, അവൾ ഇപ്പോൾ ഡോക്ടർ ആണെന്ന് പ്രിൻസിപ്പാൾക്കും നന്നായി അറിയാം. വെറുതെ പണി എടുക്കാൻ ഒരാളെ കിട്ടിയാൽ ആ പെട്ടത്തലയൻ വിടുമോ!!!.
വ്യക്തി ശുചിത്വം, മലേറിയ പതിരോധം, മാനസിക ആരോഗ്യ പരിപാലനം, ആർത്തവവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ, ലൈംഗീക അതിക്രമങ്ങൾക്കു എതിരെ ഉള്ള അവബോധം, ലഹരി മരുന്നിനു എതിരെ ഉള്ള അവബോധം ഇതൊക്കെയാണ് അവൾ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്. ഈ മലമൂട്ടിൽ, കാട്ടിൽ ആരണ്യകർ എല്ലാരും ഇതൊക്കെ കേട്ടാൽ, വായപൊത്തി ചിരിക്കും. ആരൊക്കെ കളിയാക്കി ചിരിച്ചാലും, ഇത്തരം കാര്യങ്ങൾ അടിസ്ഥാനമായിട്ട് ആയിട്ട് ഓരോ കുട്ടികൾക്കും നൽകേണ്ട അറിവുകൾ ആണെന്ന് അപ്പൂട്ടന് നല്ല നിശ്ചയം ഇണ്ടായിരുന്നു. എങ്കിലും അവൻ അവളെ കാണാനോ, അഭിനന്ദിക്കാനോ പോയില്ല. അന്നവൾ പറഞ്ഞ വാക്കുകൾ അത്രക്ക് അവൻ്റെ ഉള്ളിൽ പോറൽ ഉണ്ടാക്കിയിരുന്നു.