സ്കൂളിന്റെ പടി എത്താൻ ഒരു അഞ്ഞൂറ് മീറ്റർ മാത്രം ഉള്ളപ്പോ ഒരു കൈ വന്നു എന്റെ വലത്തേ കയ്യിൽ പിടിച്ചു, ഞാണ്ടു. ഞാൻ തിരിഞ്ഞു നോക്കി താഴെ കുരുവി, അവൾക്കു മാങ്കുവിനേക്കാട്ടും കഷ്ടി ഒരു വയസ്സ് മാത്രെ കൂടുതൽ കാണുള്ളൂ.
“ഹാപ്പി ബർത്തഡേ അപ്പേട്ട, ചോപ്പ ബനിയൻ എന്തെ ഇടഞ്ഞേ, അപ്പേട്ടനതിട്ട നല്ല ചേലായേനെ, ഷാരുഖ് ഖാൻൻ്റെ പോലെ തോന്നിയേനെ” അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചു. ഇവർ രണ്ടുപേരും വളരാതെ ഈ നിഷ്കളങ്ക പ്രായത്തിൽ തന്നെ ഇരുന്നിരുന്നിരുന്നെങ്കിൽ, ഞാൻ വെറുതെ ആഗ്രഹിച്ചു. അല്ലെങ്കിൽ ലോകത്തു എല്ലാവരും കുട്ടികൾ ആയിരുന്നെങ്കിലോ, ലോകം എത്ര നന്നായേനെ. ആർക്കും പകയില്ല, പുച്ഛം ഇല്ല, മനുഷ്യസഹജമായ ദുഷ്ക്കുകൾ ഒന്നും ഇല്ല, എല്ലാവര്ക്കും എല്ലാരോടും സ്നേഹം മാത്രം.
ഞാൻ കുരുവിയുടെ വലത്തേ കൈ പിടിച്ചിരിക്കുന്നതാരാണെന്നു വെറുതെ നോക്കി, രാമനാഥൻ ചേട്ടൻ ആണ് എന്നുംവരാറ്. അയ്യോ…. അമ്പിളി, ഇന്ന് അമ്പിളി ആണ് അവളെയും കൊണ്ട് വന്നിരിക്കുന്നത്. അപ്പൂട്ടൻ നോക്കിയപ്പോൾ അവൾ ദേഷ്യത്തിൽ മുഖം ഒരു ഭാഗത്തേക്ക് വെട്ടിച്ചു. അവനതു ഒരുപ്പാട് വിഷമം ആയി. അവർ എത്ര നല്ല കൂട്ടുകാർ ആയിരുന്നു.
കുരുവിയും മങ്കുവും കൈകോർത്തു പിടിച്ചു നടക്കുകയാണ്, അവൻ അത് നോക്കി പിന്നിൽ ചിരിച്ചുകൊണ്ട് നടന്നു, വലതു വശത്തു കുറച്ചു പിന്നിൽ ആയി അമ്പിളി ഉണ്ട്.
“പേടിത്തൊണ്ടന്മാർക്കു വയസ്സു ഇരുപത്തി ഒന്നായാൽ എന്താ, ഇരുപതിയയ്യായിരം ആയാൽ എന്താ, എല്ലാം ഒരു പോലെയാ, ലോകത്തിനു ഒരു ഗുണോം ഇല്ല.”
അമ്പിളി പറഞ്ഞത് എന്റെ മനസ്സിൽ നല്ലൊരു നീറ്റൽ ഉണ്ടാക്കിയെങ്കിലും, എനിക്കതു മാങ്കുവോ കുരുവിയോ കേൾക്കുമോ എന്നായിരുന്നു പേടി ഞാൻ അവരെയും അമ്പിളിയെയും മാറി മാറി നോക്കി. അവളോട് അവർ കേൾക്കും പതുക്കെ പറയാൻ ആംഗ്യം കാട്ടി. ഈ ലോകത്തു അപ്പേട്ടൻ സൂപ്പർ ഹീറോ ആണെന്ന് വിശ്വസിക്കുന്നവര് അവര് രണ്ടു പേരെ ഉള്ളു.