“മുത്തേ വിട്ടേക്ക്… ഉള്ളിലുള്ളത് പറഞ്ഞു അത്രേയുള്ളൂ തെറ്റ്…. ഇനി ഉണ്ടാവില്ല….”
ചേട്ടന്റെ ഫോണവൾ തിരികെ കൊടുത്ത് സൈഡിലേക്ക് നോക്കിയിരുന്നു…. വീടിന്റെ ഗേറ്റിൽ എത്തിയപ്പോൾ റീനയിറങ്ങി ഗേറ്റ് തുറന്നു… എന്നാൽ അവളിറങ്ങിയ ഉടനെ കാറും എടുത്ത് സതീശൻ നേരെ വെച്ചു പിടിച്ചു… തന്നോടുള്ള ദേഷ്യം മുഴുവൻ റോഡിലും വണ്ടിയിലും കാണിക്കുന്നത് അവൾ അവിടെ നിന്ന് കണ്ടു…. എന്നാലും ചേട്ടൻ അങ്ങനെ പറയുമെന്നവൾ ഒരിക്കലും കരുതിയില്ല…
സാധരണ ഓഫീസിൽ നിന്നും വന്നാൽ പുറത്തൊന്നും പോകാത്ത ചേട്ടനിന്ന് സമയം ഒൻപത് കഴിഞ്ഞിട്ടും വരാത്തത് കണ്ടപ്പോ റീനക്ക് പേടിയായി… രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും ഫോണും എടുത്തില്ല… ആരെങ്കിലെയും വിളിച്ച് വിവരം ചോദിക്കാമെന്ന് കരുതിയാൽ ചേട്ടന്റെ ഫ്രണ്ട്സിന്റെ നമ്പറും കയ്യിലില്ല… പണിയെല്ലാം തീർത്ത് മോളെ ഉറക്കി റീന കുളിക്കാനായി കയറിയപ്പോ മുറ്റത്തേക്ക് കാർ വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടു… വേഗം കുളിച്ചു റീന പുറത്തേക്ക് വന്നു…
“ഞാൻ കുളിക്കാൻ കയറി…”
“അഹ്…”
അവളെ നോക്കാതെ സതീശൻ മൂളികൊണ്ട് അകത്തേക്ക് കയറി….
“ചേട്ടാ ഫുഡ് വേണ്ടേ….??
നേരെ റൂമിലേക്ക് കയറുന്നത് കണ്ടവൾ ചോദിച്ചു…
“ഞാൻ കഴിച്ചു…”
ചേട്ടനു വേണ്ടി എടുത്ത് വെച്ച ഫുഡ് കിച്ചനിൽ കൊണ്ട് വച്ചു റൂമിൽ വന്നപ്പോ അവൾ കണ്ടത് ലൈറ്റെല്ലാം ഓഫാക്കി ഉറങ്ങുന്ന ചേട്ടനെയാണ്…. അതും കൂടി കണ്ടപ്പോ അവൾക്ക് വല്ലാത്ത വിഷമമായി… ഒരു വട്ടം ചേട്ടാ എന്ന് വിളിച്ചെങ്കിലും അയാൾ വിളി കേട്ടില്ല…. ഉള്ളിൽ സങ്കടമൊതുക്കി അവളും കിടന്നു….
“ചേട്ടാ എന്നെയൊന്ന് കൊണ്ടുവിടാമോ നല്ലോം വൈകിയിന്ന്….”
തിരക്കിട്ട് ഡ്രെസ്സ് മാറുന്നതിനിടയിൽ റീന ചോദിച്ചു…
“ഞാനും വൈകി…”
അലസമായ മട്ടിൽ മറുപടി നൽകി സതീശൻ തന്റെ കാറിന്റെ കീയും എടുത്ത് ഇറങ്ങി…
“പ്ലീസ് ചേട്ടാ ഞാനും വരുന്നു…. പിന്നെ എനിക്കൊരു കാര്യം പറയാനുമുണ്ട്….”
എന്തെന്ന മട്ടിൽ അവളെ നോക്കി സതീശൻ അവിടെ തന്നെ നിന്നു…
“ഒറ്റ മിനുട്ട് ഇപ്പൊ വരാം…”
സതീശൻ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് ഭാര്യയെ കാത്തിരുന്നു…. തൃതിയിൽ വാതിൽ ലോക്ക് ചെയ്ത് റീന ഓടി വന്നു കാറിൽ കയറി…. കുറച്ചു ദൂരം മുന്നോട്ട് പോയിട്ടും രണ്ട് പേരും ഒന്നും മിണ്ടിയില്ല…