ഇവളെ എന്നെക്കൊണ്ട് കെട്ടിക്കാൻ പോകുവാണോ…!
അച്ഛനോട് എല്ലാം വിളിച്ച് പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ആ മുഖത്തെ ഭാവം.. അത് കണ്ടപ്പോൾ ശബ്ദമുയർന്നില്ല.
അഭിരാമിയെ ഞാനൊന്ന് കലിപ്പിച്ച് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പും ഞെട്ടലും ആയിരുന്നു.
ഹോ… എന്താ താടകയുടെ അഭിനയം.
അമ്മ… അമ്മയെ കാണുമ്പോൾ എന്റെ ചങ്ക് കലങ്ങുന്നുണ്ട്. കണ്ണൊക്കെ കരഞ്ഞ് വീർത്ത്…
ഞങ്ങൾ അകത്തേക്ക് കയറി. അച്ഛൻ അവിടെ പൂജാരിയോട് സംസാരിച്ച് നിൽപ്പുണ്ട്.
വാഴയിലക്കീറിൽ പൂജിച്ച മഞ്ഞച്ചരടുമായി അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ ഹൃദയമിടിപ്പ് കൂടി. ഇറങ്ങി ഓടണം എന്ന് തോന്നി. പക്ഷേ പറ്റുന്നില്ല. ശരീരം തളരുന്നപോലെ. കാലുകൾക്ക് ബലമില്ലാത്തപോലെ.
ഞാൻ ദയനീയമായി അച്ഛനെയും അമ്മയെയും നോക്കി.
താടക ഇപ്പോഴും കണ്ണീരോലിപ്പിച്ചു നിൽപ്പുണ്ട്.
” കെട്ടടാ…. ”
താലി കയ്യിലെക്കെടുത്ത് തന്ന് അച്ഛൻ കനപ്പിച്ച് പറഞ്ഞ്. എതിർക്കാൻ കഴിഞ്ഞില്ല. എതിർത്താൽ എന്നെ കൊന്നുകളയും എന്നപോലുള്ള ഭാവമായിരുന്നു അച്ഛന്റെ മുഖത്ത്.
പിടക്കുന്ന മനസും വിറക്കുന്ന കൈകളുമായി ഞാൻ താലി തടകയുടെ കഴുത്തിൽ കെട്ടി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. താലികെട്ടുമ്പോൾ മനസ്സിൽ തടകയോടുള്ള വെറുപ്പ് മാത്രമായിരുന്നു.
കഴുത്തിൽ താലി വീണതും തടകയുടെ മുഖം കുനിഞ്ഞു. അവളുടെ കരച്ചിൽ ഉയർന്നു. അത് കേട്ട് കലി വന്നെങ്കിലും ഒന്നും മിണ്ടിയില്ല.
അമ്മയുടെ മുഖം നന്നേ കുനിഞ്ഞുപോയി. മകന്റെ വിവാഹത്തെപ്പറ്റി എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടുകാണും… പാവം.
****************************************
ഫ്ലാറ്റിലേക്കുള്ള വഴിയിൽ എല്ലാരും തീർത്തും നിശബ്ദമായിരുന്നു. മനസാകെ ശൂന്യമായിത്തന്നെ കിടക്കുകയാണ്. ഇവളൊരുത്തി കാരണം എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്ന സ്ഥിതിയായി.
ഓരോ നിമിഷവും നെഞ്ചിലെ ഭാരം കൂടിക്കൂടി വന്നു. അച്ഛനെങ്കിലും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാമായിരുന്നു.
പക്ഷേ അച്ഛൻ ഒന്നും സംസാരിക്കുന്നില്ല.
പൊതുവെ അച്ഛൻ സംസാരം കുറവാണെങ്കിലും ഇന്നത്തെ ആ മൗനം എന്നെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു.
കാർ ഫ്ലാറ്റിലേ പാർക്കിങ്ങിൽ നിന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഞാൻ ഉണരുന്നത്.
ഞാൻ കാറിൽനിന്ന് ഇറങ്ങി.
കവിള് പുകയുന്നുണ്ട്. അമ്മാതിരി അടിയാണല്ലോ കിട്ടിക്കൊണ്ടിരുന്നത്.
ഫ്ലാറ്റിലേക് നടക്കുമ്പോൾ ജിൻസി അവളുടെ ഫ്ലാറ്റിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. പക്ഷെയാ ചുണ്ടിൽകണ്ട പുച്ഛച്ചിരി എന്നെ കുത്തിനോവിച്ചു. അപ്പൊ അവളും അറിഞ്ഞിട്ടുണ്ട്. പക്ഷേ ഇവർ ആരും മനസിലാക്കിയതല്ല സത്യം എന്നത് ഉള്ളിൽ കിടന്ന് പുകഞ്ഞു.