ഇന്നലെ വീട്ടിൽ വന്നപ്പോൾ ഉണ്ടായിരുന്ന ഭാവമല്ല ആ മുഖത്ത്. കലിപ്പിച്ചോന്ന് നോക്കി അയാൾ അവിടന്ന് ഇറങ്ങിപ്പോയി.
അതുകൂടെ ആയതും അഭിരാമി വലിയ വായിൽ കരഞ്ഞുതുടങ്ങി.
“ശവം… കിട്ടിയത് കുറഞ്ഞുപോയി ഒരഞ്ചാറെണ്ണം കൂടെ കൊടുക്കായിരുന്നു…!”
ആ അവസ്ഥയിൽ നിക്കുമ്പോഴും മനസിലേക്ക് വന്നത് അതാണ്.
അച്ഛൻ എന്റടുത്തേക്ക് വന്നു.
“ഈശ്വരാ… ഇനി എനിക്കുള്ളത് തരാനാണോ….”
ഒന്ന് പകച്ചു. അച്ഛനോട് എല്ലാം തുറന്ന് പറയണം എന്ന് തോന്നി.
” അച്ഛാ…!… ”
പറയാൻ സമ്മതിച്ചില്ല. കയ്യുയർത്തി എന്റെ ശ്രമത്തെ തടഞ്ഞു. അതോടൊപ്പം എന്റെ നെറ്റിയിലെ മുറിവിലേക്ക് അച്ഛന്റെ കണ്ണൊന്ന് പാളിവീഴുന്നത് കണ്ടു. ആ മുഖമൊന്ന് വലിഞ്ഞുമുറുകി… പിന്നേ ശാന്തമായി.
” നടക്ക്…ചെന്ന് വണ്ടീ കേറ് ”
അച്ഛന്റെ ശബ്ദം… വല്ലാത്ത ഒരു ആത്നാശക്തി ഉണ്ടായിരുന്നു അതിന്.
എന്തുകൊണ്ടോ എന്റെ തലകുനിഞ്ഞുപോയി. പുറത്തേക്കിറങ്ങുമ്പോൾ സാരിത്തുമ്പ് കൊണ്ട് വായ പൊത്തിക്കരയുകയാണ് അമ്മ.
അത് കണ്ട് എന്റെ മനസ് പിടഞ്ഞു. ഞാനമ്മയുടെ അടുത്തേക്ക് നടന്നു. തലക്ക് കൊണ്ട അടിയുടെ കനം ഇപ്പോഴും മാറിയിട്ടില്ല.
ഞാൻ അടുത്തെത്തിയതും അമ്മ കരഞ്ഞുകൊണ്ട് കൈവീശിയെന്നെ അടിച്ചു.
” അമ്മേ….!.!” ഞാൻ ഞെട്ടലോടെ വിളിച്ചു.
” ഇനി നീയെന്നെയങ്ങനെ വിളിച്ചുപോകരുത്… നീയൊക്കെയൊരു മനുഷ്യനാണോ… നീയെന്റെ വയറ്റിൽത്തന്നെ വന്ന് പിറന്നല്ലോടാ….തുഫ്… ”
അമ്മ ആദ്യമായാണ് എന്നെ അടിക്കുന്നത്. പക്ഷേ അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ വാക്കുകളാണ്. കണ്ണ് നിറഞ്ഞു.
അത് കവിളിലൂടെ ചാലിട്ടൊഴുകി.
ആരും ഞാൻ പറയുന്നത് കൂട്ടാക്കുന്നില്ല. ആരൊക്കെ മനസിലാക്കിയില്ലേലും എന്റെ അമ്മ എന്നെ മനസിലാക്കും എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ അമ്മയും എന്നെ മനസിലാക്കാൻ തയ്യാറായില്ല.
ഞാൻ കാറിൽ ചെന്ന് ഇരുന്നു. കണ്ണിലുരുണ്ട് കൂടിയ കണ്ണീരിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല. മനസ് കിടന്ന് പിടച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും വന്ന് വണ്ടിയിൽ കയറി. പിന്നാലെ അവളും.
അവളെന്തിന് ഞങ്ങളോടൊപ്പം… ചോദിക്കാൻ നിന്നില്ല. മനസ്സിൽ നിറഞ്ഞ ദേഷ്യം പല്ല് കടിച്ചമർത്തി ഒതുക്കി.
അമ്മയുടെയും അവളുടെയും ഏങ്ങലടികൾ കാറിൽ കേട്ടുകൊണ്ടിരുന്നു.
കാർ ചെന്ന് നിന്നത് ഒരു അമ്പലനടയിൽ ആണ്. അപ്പോൾ മാത്രമാണ് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത്. എനിക്ക് അതൊരു ഞെട്ടലായിരുന്നു.