ഏതായാലും അരുണിമയെയും കണ്ടു അശയുടെ വീട് ചോദിച്ചറിയാമെന്ന് കണക്ക് കൂട്ടി.
പതുക്കെ നടന്നുനടന്നു അരുണിമയുടെ വീട്ടിൽ എത്തി.
ചേച്ചി…… ദേ ആ ചേട്ടൻ
അനന്തുവിനെ കണ്ടതും മുറ്റത്ത് അക്ക് കളിക്കുകയായിരുന്ന അനിയത്തിക്കുട്ടി വീട്ടിലേക്ക് ഓടി കയറി.
അൽപ നേരം കഴിഞ്ഞതും വിയർത്ത് കുളിച്ചൊരു രൂപം അതും ചുരിദാറിൽ പൂച്ചകണ്ണുകളും ചുണ്ടിൽ പുഞ്ചിരിയും.
മുഖത്തു ഏറെ നാൾ കാണാതെ കാത്തിരുന്ന പ്രാണനാഥനെ കണ്ടു മുട്ടിയപ്പൊ ഉള്ള ഭാവങ്ങളാൽ സമ്പന്നമായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ അരുണിമയുടെ ചിരി മങ്ങി.
പകരം മുഖത്തു കപട ഗൗരവം ഫിറ്റ് ചെയ്തു.
എന്തിനാ പെണ്ണെ എന്നോടീ അഭിനയം?
അനന്തു സങ്കടത്തോടെയാണെങ്കിലും അവളെ തന്നെ കൺകുളിരെ കാണുകയായിരുന്നു.
എന്താ കാര്യസ്ഥന്റെ മോനു ഈ വീട്ടിൽ കാര്യം?
അരുണിമ അവനോടായി ചോദിച്ചു.
ഞാൻ ഇവിടെയുള്ള ഒരു ആശയെ തപ്പിയിറങ്ങിയതാ….. ഇവിടുത്തെ സ്കൂളിൽ കഞ്ഞി വയ്ക്കുന്ന?
എന്റെ അമ്മയാ അത്.
അരുണിമ ചുണ്ടുകൾ കോടി വച്ചു കൈകൾ പിണച്ചു വച്ചു.
ആണോ…… എന്നോട് ബലരാമൻ അമ്മാവ്….. സോറി ബലരാമൻ അങ്ങുന്ന് പറഞ്ഞു ഹോസ്‌പിറ്റലിൽ വാക്കൻസി ഉണ്ടെന്ന്…… അവരുടെ മകൾക്ക്…… അപ്പൊ കൂട്ടിക്കൊണ്ടു പോകാൻ വന്നതാ ഞാൻ
അനന്തു അവളോടായി പറഞ്ഞു.
ഹ്മ്മ്…… എനിക്ക് വേണ്ടിയിട്ടാ…… അങ്ങുന്ന് പറഞ്ഞിരുന്നു.
എങ്കിൽ പോയാലോ?.
അനന്തു ചോദിച്ചു.
ഞാൻ റെഡിയാവട്ടെ…… കേറി വാ
അരുണിമ അവനെ വിളിച്ചു.
പക്ഷെ ആ താടകയുടെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് നിശ്ചയമില്ലാത്തതിനാൽ അനന്തു ആ ക്ഷണം നിരസിച്ചു കൊണ്ടു പുറത്ത് തന്നെ നിന്നു.
അര മണിക്കൂർ കഴിഞ്ഞതും അരുണിമ മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാറുമണിഞ്ഞ് കണ്ണുകളൊക്കെ എഴുതി സുന്ദരിയായി ഇറങ്ങി വന്നു.
എന്റമ്മോ…………
അവളുടെ പൂച്ചക്കണ്ണുകളിലെ വശ്യത അവനെ കൊത്തി വലിക്കുന്ന പോലെ തോന്നി.
അനന്തു ചിരിയോടെ കണ്ണുകൾ അടച്ചു വച്ചു
പോകാം.
ഉള്ളിലൂറി വന്ന പുഞ്ചിരി തല്ലി കെടുത്തിയിട്ട് അരുണിമ ചോദിച്ചു.
ആാാഹ്.
അനന്തു മറുപടി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.
പിന്നാലെ അരുണിമയും
നടന്നു നടന്നു അവർ ആ മില്ലിന് മുന്നിലെത്തി.
അവിടെയായിരുന്നു ബുള്ളറ്റ് പാർക്ക് ചെയ്തിട്ടുള്ളത്.