ആ നോട്ടം ഇപ്പോഴും എനിക്കോർമ്മയുണ്ട്.വീട് കഴിഞ്ഞു തിരിയുന്ന വരെ ഞാൻ ഇടക്കിടക്ക് തിരിഞ്ഞു നോക്കും ചെറിയമ്മയെ. അവൾ അതേ പോലെ അവിടെയുണ്ടാവും. അവസാനം കൈ വീശി ഒരു ടാറ്റയും തരും.
ചില സമയങ്ങളിൽ ഞാനും അവളുടെ കൂടെ അതിൽ കൂടും.മടി!! സ്കൂളിൽ പോവാൻ.അന്ന് ഞങ്ങൾ തമ്മിൽ തല്ലൊന്നുമില്ല.ഒന്നേൽ തലവേദന, അല്ലേൽ വയറു വേദന.. അതും ഞങ്ങൾക്ക് ഒരുമിച്ചു. അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാവില്ല എന്ന് ഞങ്ങൾ വിചാരിച്ചോ ആവോ?.അവര് പോയി കഴിഞ്ഞാൽ പിന്നെ ഒരു ശ്വാസം വിടലുണ്ട്.വീട്ടീന്ന്,മുന്നിലെ റോട്ടിലേക്ക് അവർ പോവുന്നത് കാണുമ്പോ ചെറിയമ്മ എന്നെ നോക്കി ചിരിക്കും.അഭിനയിച്ചു തകർത്തത് ആയിരുന്നല്ലോ ഞങ്ങൾ രണ്ടും അതിന്റെ സന്തോഷം.
പിന്നെ പറമ്പ് മൊത്തം തെണ്ടൽ, മാങ്ങ പെറുക്കൽ, ന്നട്ട് ഉപ്പും മുളകും കൂട്ടി തിന്നേം, പച്ചവെള്ളം കുടിക്കേം ചെയ്യും.ബാക്കിലെ തോട്ടിൽ കിട്ടിലെങ്കിലും മീനിനെ പിടിക്കാൻ നോക്കും.ചെറിയമ്മ തരുന്ന സേഫ്റ്റി പിൻ വളച്ചതും,ഒരു നൂലും ഇത് രണ്ടും കാട്ടിയാൽ മീൻ വന്നു കൊത്തു മെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.. എന്നാൽ കാൾ വയസ്സുള്ള അവളും അങ്ങനെ കരുതിയോ.. ആ!!!
അന്ന് ഞങ്ങളുടെ വീട്ടിൽ കോഴിയൊക്കെ ണ്ടായിരുന്നു.. അമ്മ അരിപാത്രത്തിൽ സൂക്ഷിച്ചു വെക്കുന്ന കോഴിമുട്ട കട്ടെടുക്കും ചെറിയമ്മക്ക് അതുണ്ടാക്കാൻ അറിയാമായിരുന്നു. കോഴിമുട്ടയിൽ ഉപ്പ് മാത്രം ഇട്ട്, പൊരിച്ചെടുത്തു ചെറുതായി ചിക്കി ചിക്കി ഉണ്ടാക്കി എനിക്കവൾ വായിലിട്ടു തരുമായിരുന്നു.വരാന്തയിലോ, മാവിന്റെ ചുവട്ടിലോ, മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ചുവട്ടിലോ പോയിഒരുമിച്ചിരുന്നു ഞങ്ങൾ കഴിക്കും എന്ത് രുചിയായിരുന്നു അതിന്.എന്നിട്ട് അമ്മയോട് പറയല്ലെട്ടോന്ന് ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറയും.ഞാൻ തലയാട്ടും.അവൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് തരുന്നത് ഓർമയുണ്ട്. കൊതിയനായ ഞാൻ വീണ്ടും വീണ്ടും വാ തുറന്നു കാട്ടും.. തരാതെ അവൾക്ക് നിവർത്തി ഇല്ല!! എന്റെ ചെറിയമ്മ അല്ലെ.ശെരിക്കും അന്ന് ചെറിയമ്മ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അനൂന്നായിരുന്നു വിളിക്കൽ.
എല്ലാം കഴിഞ്ഞു വൈകുന്നേരം അമ്മയുടെ വരവുണ്ട്..അപ്പോഴേക്കും പകുതി മാറിയ വയറു വേദനയോ,തലവേദനയോ കാണിച്ചാൽ മതിയല്ലോ.പരിശോധന നീണ്ടു അരി പാത്രത്തിലെത്തുമ്പോ പേടിയോടെ ചെറിയമ്മയും ഞാനും അടുക്കളയുടെ പുറത്തു നിന്ന് ഉള്ളിലേക്ക് ഏന്തി നോക്കി നിക്കും. കണ്ണിൽ കണ്ണിൽ നോക്കി എന്ത് ചെയ്യും എന്ന് ആംഗ്യം കാട്ടും.അമ്മയൊക്കെ കണ്ടുപിടിച്ചു കാണും പക്ഷെ ഒന്നും പറയില്ല.രാത്രി എല്ലാരും കൂടി ഇരിക്കുമ്പോ ഞങ്ങൾ കേൾക്കാൻ വേണ്ടി അച്ഛനോട് പറയും.. കോഴിമുട്ടയുടെ എണ്ണം പെട്ടന്ന് കുറയുന്നുണ്ടല്ലോന്ന് ഞാനും ചെറിയമ്മയും ആ നിമിഷം ഒന്നുമറിയാത്ത പോലെ ഇരിക്കും. അച്ഛനും അമ്മയും പതുങ്ങി ചിരിക്കും.