തിരികെ വീട്ടിലേക്ക് പോകും വഴി ഒരെത്തും പിടിയും കിട്ടുനില്ലായിരുന്നു…
ആവേശത്തിൽ ഇറങ്ങിയത് തെറ്റായി പോയോ എന്ന ചിന്ത നിറഞ്ഞു വരുന്നു…
അഡ്വാൻസ് കൊടുത്തത് ബാങ്കിൽ ഇട്ടിരുന്ന കുറച്ചു കാശ് എടുത്തിട്ടാ….ഇനി അങ്ങോട്ടും എന്തൊക്കെ വേണ്ടി വരുമെന്ന് ഒരു പിടിയും ഇല്ല…
ഓരോന്നു ആലോചിച്ചു വീട്ടിൽ എത്തുമ്പോൾ,
എന്നെ നോക്കി മുറ്റത്തു തന്നെ അവൾ നിൽപ്പുണ്ടായിരുന്നു,…
മുന്നിൽ എത്തിയ എന്നെ ചൂഴ്ന്നു നോക്കി നിക്കുന്ന ചാരുവിനെ ഞാനും ഒന്നു കിള്ളി നോക്കി.
പിന്നെ എന്റെ ഒപ്പം കൂടെ വീട്ടിലേക്ക് നടക്കുമ്പോഴും പെണ്ണിന്റെ കണ്ണ് ഇടയ്ക്ക് തട്ടിത്തെറിച്ചു എന്നിലേക്ക് നീളുന്നുണ്ടായിരുന്നു..
“ഏട്ടൻ ഇന്ന് എവിടെപോയതാ….”
ഒടുക്കം ഒന്നു മടിച്ചവൾ ചോദിച്ചു.
“എവിടെ പോവാൻ…കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു…നമുക്കു ഇവിടുന്ന് മാറണ്ടേ അതിനുള്ള ഓട്ടം…”
അതു പറയുമ്പോൾ അവളുടെ തല ഒന്നു കുനിഞ്ഞു,….
പെട്ടെന്ന് വിഷമം ആയപോലെ…
“ഏട്ടന് ഒത്തിരി ബുദ്ധിമുട്ടായല്ലേ…ഞാൻ കാരണം…”
അവളുടെ സ്വരത്തിൽ, അടക്കിപ്പിടിക്കാൻ കഷ്ടപ്പെടുന്ന ഒരു നോവുണ്ടായിരുന്നു.
അതോടെ ഞാൻ അവളെ ഒന്ന് ചുറ്റിപ്പിടിച്ചു,..അതു കാത്തിട്ടെന്നപോലെ എന്റെ മേത്തേക്ക് അവൾ ചാഞ്ഞു,.
“ചാരു…ഇതു നീ കാരണം ഒന്നും അല്ല…അതോർത്തു ഇനി ആലോചിച്ചു വിഷമിച്ചിരിക്കേണ്ട,…അവനെ പോലെ ഒരുത്തനുള്ള വീട്ടിൽ പേടിച്ചു കഴിയുന്നതിലും ബേധം, മാറി പോവുന്നതല്ലേ…ഇന്നല്ലെങ്കിൽ നാളെ എന്തായാലും ഞാൻ ഈ വീട് അവനു വിട്ടു കൊടുക്കണം…ഇതിപ്പോ ഇങ്ങനൊരു കാരണം കൂടി ഉണ്ടായി എന്നെ ഉള്ളൂ..അതലോചിച്ചു എന്റെ കൊച്ചിനി വിഷമിക്കേണ്ട….”
അവളെ ഒന്നു ചേർത്തു കുലുക്കി ഞാൻ അകത്തേക്കു നടന്നു.
ഹാളിൽ തന്നെ ആഹ് കാഴ്ച്ച കണ്ടു,…
സോഫയിൽ നീലിച്ച മുഖവും, മേല് മുഴുവൻ എണ്ണയും, നീര് വന്നു വീർത്ത കാലും, ഒക്കെയായി അവനെ ഇട്ടു ഉഴിയുന്ന അമ്മ.
ഞാൻ വന്നത് കണ്ട എന്നെ ഒന്ന് നോക്കിയ അവൻ അതേപോലെ മുഖം തിരിച്ചു കിടന്നു.
“ഇവൻ എങ്ങാണ്ടോ പോയി വീണു മോനെ…..
ദേ നെഞ്ചും മുഖോം കാലും എല്ലാം നീര് വന്നു കിടപ്പുണ്ട് ചതവും ഉണ്ട്…”