എന്നും എന്റേത് മാത്രം 4 [Robinhood]

Posted by

ശ്രീലക്ഷ്മി കിടന്നിരുന്ന മുറിയിലേക്ക് മായയുടെ പിന്നാലെ ഹരിയും ഓടിച്ചെന്നു.

അവളേയും എടുത്ത് പുറത്ത് എത്തുമ്പോഴേക്കും കാറുമായി ശ്രീരാഗ് എത്തി.

അവളെ മടിയിൽ കിടത്തി ഹരിയും , മായയും , പ്രീതിയും പിറകിൽ ഇരുന്നു.

ഗോപിനാഥ് കൂടി കയറിയതോടെ ആശുപത്രി ലക്ഷ്യമാക്കി അവർ കുതിച്ചു.

പ്രീതി വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിലേക്ക് തന്നെയാണ് അവളെ കൊണ്ടുപോയത്.

എത്തിയ ഉടൻ തന്നെ ശ്രീലക്ഷ്മിയെ ഐ സീ യൂവിലേക്ക് മാറ്റി.

പുറത്ത് വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ മായയും ഹരിപ്രസാദും ഇരുന്നു.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.

“ആഹ് , എത്തിയല്ലോ , എവിടെ തന്റെ പുന്നാരമകൻ?”

അങ്ങോട്ട് നടന്നുവരുന്ന പ്രതാപനേയും വിക്കിയേയും കണ്ട് ഗോപിനാഥ് ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റു.

അയാളെ ഒന്ന് നോക്കിയ ശേഷം അവർ മായയുടേയും ഹരിപ്രസാദിന്റേയും അടുത്തേക്ക് ചെന്നു.

“ഹരി , അവക്കെങ്ങനെയുണ്ട്?”

പ്രതാപ് ചോദിച്ചത് കേട്ടെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല.

“താനൊക്കെ ഒരു അച്ഛനാണോ?. തന്റെ മോൻ കാരണമാ അവളിങ്ങനെ കെടക്കുന്നത്”

അയാളുടെ സംസാരം കേട്ട വിക്കിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ദേ , കാര്യമറിയാതെ അവനെ കുറ്റപ്പെടുത്തിയാൽ കേട്ട് നിക്കില്ല”

പിന്നെയും എന്തോ പറയാൻ ആഞ്ഞ അവനെ പ്രതാപ് കൈ ഉയർത്തി തടഞ്ഞു.

” തന്നോട് എനിക്ക് വേറൊന്നും പറയാനില്ല. നാക്കിന് ്് ലൈസന്സില്ല , എന്നുവച്ച് ആളും തരവും അറിയാതെ വല്ലതും വിളിച്ച് കൂവിയാലുണ്ടല്ലോ”

ഗോപിനാഥിനോടായി അതും പറഞ്ഞ് അയാൾ വീണ്ടും ഹരിയുടെ അടുത്തേക്ക് വന്നു.

“ഹരീ , നടന്നത് എന്താണെന്ന് അറിയാതെ അവനെ കുറ്റപ്പെടുത്തരുത്”

അപ്പോഴേക്കും അനിതയും , സച്ചിയും അവിടേക്ക് എത്തി.

അവരെ നോക്കി പ്രതാപ് തുടർന്നു.

“ഇവമ്മാരും , അവനും കൂടി പല കുരുത്തക്കേടും കാണിച്ചിട്ടുണ്ട്. പക്ഷേ , ഇതുപോലൊരു ചെറ്റത്തരം അവൻ ചെയ്യില്ല , അത് എനിക്ക് ഉറപ്പാ”

തന്റെ ഭാര്യയെ നോക്കിയാണ് അയാൾ അവസാനത്തേത് പറഞ്ഞത്.

കുറച്ചധികം സമയം അവർക്കിടയിൽ മൗനം നിറഞ്ഞുനിന്നു.

ഐ സീ യൂവിന്റെ വാതിൽ തുറന്ന് പ്രീതിയും , ഒരു ജൂനിയറും പുറത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *