കാര്യമായ പരിചരണം കിട്ടാത്തത് കൊണ്ടാവും പൂവുകൾ എല്ലാം വാടിയും , ചെടികളെല്ലാം അലങ്കോലമായും കാണപ്പെട്ടത്.
കയറി വരുമ്പോൾ പക്ഷെ അത് എന്തുകൊണ്ടോ ശ്രദ്ധിച്ചിരുന്നില്ല.
ഗാർഡനിലെ അടുത്ത് അടുത്തായുള്ള ബെഞ്ചുകളിൽ ഇരിക്കുകയാണ് നവനീതും , ഹരിപ്രസാദും.
“ഇത്ര നേരായിട്ട് നീ ലച്ചൂനെ പറ്റിയൊന്നും ചോദിച്ചില്ലല്ലോ!?”
ശാന്തമാണ് എങ്കിലും ഗൗരവം നിറഞ്ഞതായിരുന്നു ആ ചോദ്യം.
അയാളുടെ ചോദ്യത്തിന് മുമ്പിൽ അവൻ ഒരു നിമിഷം പതറി.
“അല്ല അങ്കിളെ , കാര്യമൊക്കെ അറിഞ്ഞിരുന്നു. അവള് ഭർത്താവിന്റെ വീട്ടിലായിരിക്കും അല്ലേ?”
അയാൾക്ക് മുഖം കൊടുക്കാതെയാണ് അവൻ സംസാരിച്ചത്.
ഹരിപ്രസാദ് ഒന്നും മിണ്ടിയില്ല.
“പുള്ളിയും അച്ഛനെ പോലെ ബിസിനസ് തന്നെയാണല്ലേ”
“അവള് കുറച്ച് കാലമായി ഇവിടെ തന്നെയുണ്ട്”
പെട്ടന്ന് അയാൾ പറഞ്ഞു.
അവൻ മനസ്സിലാകാതെ നോക്കി.
നവിയുടെ ഉള്ളിലെ സംശയങ്ങൾ അയാൾക്ക് ഊഹിക്കാമായിരുന്നു.
“അന്ന് , അവളേയും കൊണ്ട് എന്റെ ഫാമിലി ഫ്രന്റായ ഡോക്റ്റർ പ്രീതീടെ അടുത്തേക്കാണ് ഞങ്ങൾ പോയത്.
ദീർഘമായി ഒന്ന് ശ്വസിച്ച ശേഷം ഹരിപ്രസാദ് പറഞ്ഞുതുടങ്ങി.
* * * * *
അവധി ദിവസം ആയത് കൊണ്ട് അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
മുറ്റത്തേക്ക് കാർ കയറുമ്പോഴേക്കും പ്രീതി പുറത്തേക്ക് വന്നിരുന്നു.
വണ്ടി നിന്നതും ശ്രീലക്ഷ്മിയേയും താങ്ങി എടുത്ത് ഹരിപ്രസാദും മായയും , ഗോപിനാഥും അകത്തേക്ക് നടന്നു.
അവളെ കൊണ്ടുപോയ മുറിയിലേക്ക് പ്രീതി തന്റെ ബാഗുമായി കയറിച്ചെന്നു.
“ഹരിയേട്ടാ , എല്ലാരും കുറച്ച് നേരത്തേക്ക് വെളിയിൽ നിൽക്ക്”
അവൾ ശ്രീലക്ഷ്മിയെ ്് കിടത്തിയിരുന്ന ബെഡ്ഡിന് അടുത്തായി ഒരു കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
***
കുറച്ച് സമയം കഴിഞ്ഞിട്ടും അവൾ പുറത്ത് വന്നില്ല.
എല്ലാവരുടേയും മുഖത്ത് നിറഞ്ഞിരിക്കുന്ന ടെന്ഷൻ വളരെ വ്യക്തമാണ്.
ഹാളിന്റെ ഒരു വശത്ത് ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരിക്കുകയായിരുന്ന മായയുടെ പതിഞ്ഞ കരച്ചിൽ മാത്രം ഇടവിട്ട് കേട്ടുകൊണ്ടിരുന്നു.
എല്ലാം കണ്ട് കുറച്ച് മാറിയുള്ള സോഫയിൽ ഹരിപ്രസാദ് തളർന്ന് ഇരുന്നു.
“ആരെങ്കിലും വേഗം വണ്ടിയെടുക്ക്”
വല്ലാത്ത പിരിമുറുക്കം നിറഞ്ഞ കാത്തിരിപ്പിന് ഒടുവിൽ പുറത്തേക്ക് വന്ന പ്രീതി പറഞ്ഞത് കേട്ട് അവരിൽ ഭയം വർധിച്ചു.