“ആഹ് , കിച്ചൂ , മോനെ വാ”
“ഹായ് , അങ്കിളെ”
അവൻ അയാളുടെ അടുത്തേക്ക് നിന്ന് ചിരിച്ചു.
“അവിടെത്തന്നെ നിൽക്കാണോ? കേറിവാ”
“മായേ , ്് ഒന്നിങ്ങോട്ട് വന്നേ”
നവിയുടെ കൈയ്യും പിടിച്ച് വീടിനകത്തേക്ക് നടക്കുന്നതിനിടെ അയാൾ വിളിച്ചു.
അടുക്കളയിലായിരുന്നു അവർ. ഭർത്താവിന്റെ ശബ്ദം കേട്ട് മായ ഹാളിലേക്ക് വന്നു.
ഹരിയുടെ എതിർവശത്തായി സെറ്റിയിൽ ഇരുന്നിരുന്ന ആളെ കണ്ട് അവർ അത്ഭുതം നിറഞ്ഞ മുഖത്തോടെ ഭർത്താവിനെ നോക്കി.
അയാളുടെ മുഖത്തും അവിശ്വസനീയമായ എന്തോ നടന്നതിലുള്ള വേർതിരിച്ച് അറിയാനാവാത്ത ഒരു ഭാവം ആയിരുന്നു.
“കിച്ചൂ , സുഖല്ലേടാ?”
“ഉം , അതെ ആന്റി”
മായയുടെ ചോദ്യത്തിന് അത്ര മാത്രമേ അവൻ പറഞ്ഞുള്ളൂ.
അവനെ ശ്രദ്ധിക്കുകയായിരുന്നു അവർ.
അയാൾ ഭാര്യയെ നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയ അവർ അകത്തേക്ക് പോയി.
ഈ സമയം ചുവരിലെ ശ്രീലക്ഷ്മിയുടെ ഫോട്ടോയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു നവനീത്.
ഹരിപ്രസാദ് അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“ജോലി എങ്ങനെ പോവുന്നു?”
അയാളുടെ ശബ്ദമാണ് അവനെ ഉണർത്തിയത്.
“കുഴപ്പമില്ല”
അയാളെ നോക്കി അവൻ ചിരിക്കാൻ ശ്രമിച്ചു.
“വിളിച്ചപ്പോ , സത്യത്തിൽ നീ വരുമെന്ന് വിചാരിച്ചില്ല”
ഒരു കുറ്റബോധം ആ വാക്കുകളിൽ ഉണ്ടായിരുന്നു.
“എല്ലാർക്കും വിഷമമുള്ള കാര്യങ്ങളല്ലേ അന്ന് നടന്നേ”
നവനീത് ഒന്നും പറഞ്ഞില്ല , അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
“എന്താ അങ്കിളേ , പറയാനുള്ളേ?”
അൽപനേരം കഴിഞ്ഞ് അവൻ അങ്ങനെയാണ് ചോദിച്ചത്.
ഹരിപ്രസാദ് അവന്റെ മുഖത്തേക്ക് കുറച്ച് സമയം നോക്കി.
“നീ ഇനിയെങ്കിലും എല്ലാം അറിയണം. അല്ലെങ്കീ അത് വലിയ ശരികേടാകും ,”
പറഞ്ഞ് തുടങ്ങുമ്പോഴേക്കും മായ അവിടേക്ക് വന്നു.
“കിച്ചൂ , കഴിക്ക്”
കൈയ്യിലെ ചായ കപ്പ് ടീപ്പോയിൽ വെക്കുന്നതിനിടയിൽ അവരതും പറഞ്ഞ് ഹരിയുടെ അടുത്തായി ചെന്നിരുന്നു.
ഒരു കവിൾ കുടിച്ച് കപ്പ് തിരികെ വച്ചു.
“വാ”
തനിക്ക് നേരെ നോക്കുന്ന നവിയുടെ അവസ്ഥ മനസ്സിലാക്കി അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
മായയെ ഒന്ന് നോക്കിയ ശേഷം അവനും അയാളെ അനുഗമിച്ചു.
പുറത്തെ ്് ഗാർഡനിലേക്ക് ആയിരുന്നു അയാൾ അവനെയും കൂട്ടി നടന്നത്.