“പോട്ടേ?”
എന്നേയും , അമ്മയേയും നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ കാറും എടുത്ത് പോയി.
ഒന്ന് നിന്ന ശേഷം അവനും മുറ്റത്തേക്ക് ഇറങ്ങി.
“നീ മായേടെ വീട്ടിലേക്കാണോ?”
“ആ , അതെ”
അമ്മയുടെ ചോദ്യത്തിന് മറുപടിയായി അതും പറഞ്ഞ് അവൻ ഗെയ്റ്റും കടന്ന് പുറത്തേക്ക് നടന്നു.
വിഷമവും , കുറ്റബോധവും , പ്രതീക്ഷയും എല്ലാം നിറഞ്ഞ മുഖവുമായി ആ അമ്മ അതും നോക്കി നിന്നു.
നാട് കുറേയൊക്കെ മാറിയിരിക്കുന്നു.
പണ്ട് ഇല്ലാതിരുന്ന കടകളും വീടുകളും എല്ലാം വേറെ ഏതോ സ്ഥലത്ത് ചെന്നത് പോലെ തോന്നിച്ചു.
വലിയ വയലുകളുടെ സ്ഥാനത്ത് എന്തൊക്കെയോ കെട്ടിടങ്ങൾ ഉയർന്ന് വരുന്നുണ്ട്.
കുറച്ച് വർഷങ്ങൾ കൊണ്ട് വല്ലാതെ മാറ്റങ്ങൾ വന്നിരിക്കുന്നു.
നടന്നുകൊണ്ടിരിക്കുമ്പോൾ ഫോൺ റിങ്ങ് ചെയ്തു.
“Hello”
“ഡാ , ഞാനാ ശ്രീയാ. നീ വീട്ടിലാണോ?”
“അല്ല പുറത്താ”
“എന്നാ നീ ഇങ്ങോട്ട് വാ , ഞങ്ങള് ഭീമന്റെ അടുത്ത് ഉണ്ട്”
“ഞാൻ ഹരി അങ്കിളിന്റെ വീട്ടിലേക്ക് പോവ്വാ”
“ആഹ് , എന്നാ അത് കഴിഞ്ഞിട്ട് ഇങ്ങ് പോര്”
“ആ , ശരി”
ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് പിന്നെയും നടന്നു.
കുറച്ച് മുന്നോട്ട് പോയതും ഒരു ബൈക്ക് അവനേയും മറികടന്ന് വന്ന ദിശയിലേക്ക് പോയി.
അതിൽ ഇരുന്ന് കൈ കാണിച്ച യുവാവിനെ മനസ്സിലായില്ല.
ബൈക്ക് പോയ ദിശയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനോക്കി അവൻ നടത്തം തുടർന്നു.
വഴി അത്ര നല്ലതല്ല. അതുകൊണ്ട് വയൽ വഴി കയറാതെ ചുറ്റി വളഞ്ഞ് തന്നെ പോവേണ്ടി വന്നു.
പഴയ കാവും ഒരുപാട് മാറി.
ഇപ്പോൾ കാവ് നിന്നിരുന്നിടത്ത് ഒരു ചെറിയ ക്ഷേത്രം തന്നെയാണ് ഉള്ളത്.
നടന്ന് നടന്ന് ഒടുവിൽ ഹരി അങ്കിളിന്റെ വീടിന് അടുത്തെത്തി.
കാരണം അറിയില്ല എങ്കിലും എന്തോ ഒരു വല്ലായ്മ ഉള്ളതായി തോന്നി.
അടഞ്ഞ് കിടന്നിരുന്ന ഗെയ്റ്റ് തുറന്ന് മുന്നോട്ട് നടന്നപ്പോൾ ഒരു നീറ്റൽ മനസ്സിൽ വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു.
ഉണ്ടാവില്ല , എന്ന് അറിയാമായിരുന്നിട്ടും ആരേയോ തേടി പോകുന്ന കണ്ണുകളെ തടയാൻ കഴിഞ്ഞില്ല.
എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഹരിപ്രസാദ് തനിക്ക് നേരെ നടന്നുവരുന്ന നവനീതിനെ കണ്ട് ഒരുനിമിഷം നിന്നു.