റിയയോടും , ഐശുവിനോടും കുറച്ച് നേരം കത്തിയടിച്ചു.
“എന്താണ് മോനെ , എല്ലാരും എന്തുപറയുന്നു?”
“ഞാൻ ആകെ confused ആണെടാ. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെയാ എല്ലാരും പെരുമാറണേ”
“ഡാ , ഞാൻ പറഞ്ഞതല്ലേ , എല്ലാം നല്ലതിനാവും”
“ആവോ , എനിക്കറിയില്ല. നിങ്ങൾ എന്തെടുക്കുവാ?”
“കുക്ക് ചെയ്യുവാ , ഐശൂന്റെ സ്പെഷ്യൽ ദോശയും ചട്ണിയും. നീ കഴിച്ചോ?”
“ആ , ഇപ്പം കഴിച്ചതേയുള്ളൂ”
“ഉം , ഡാ നീ കട്ട് ചെയ്യ്”
“എന്താടീ?”
“നമ്മടെ ആള് വിളിക്കുന്നുണ്ട്”
“ശരിയെന്നാ , നടക്കട്ടെ”
മറുതലയ്ക്കൽ കേട്ട ചിരിയുടെ കൂടെ ഞാൻ കാൾ കട്ട് ചെയ്ത് ഫോൺ ചാർജിൽ ഇട്ടു.
ബാൽക്കണിയിലെ ചാരുകസേരയിൽ കുറേ നേരം കണ്ണുമടച്ച് കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു.
എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ നടക്കുന്നത്?
ഒരിക്കൽ എല്ലാം അവസാനിപ്പിച്ച് , പറയാനുള്ളത് പോലും കേൾക്കാതെ അകറ്റിയവർ ഇന്ന് വീണ്ടും ചേർത്ത് പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
എല്ലാം മറന്ന് ജീവിക്കുന്ന എന്നെ തേടി വീണ്ടും വരാനിരിക്കുന്നത് നീറുന്ന അനുഭവങ്ങൾ തന്നെയാണോ.
ചിന്തകൾ അവസാനം ഇല്ലാതെ നീണ്ടുപോയി.
ആലോചനയിൽ മുഴുകി ഇരുന്ന അവന്റെ കണ്ണുകളിൽ ഉറക്കം പതിയെ കൂട് കൂട്ടാൻ തുടങ്ങി.
*****
ഉറക്കം അതിന്റെ പുതപ്പുകൊണ്ട് മൂടിയ രാത്രി പകലിന്റെ തലോടൽ അറിഞ്ഞ് പതിയെ മുഖം ഉയർത്തി.
അടുത്തുള്ള മരക്കൊമ്പിൽ വന്നിരുന്ന് ഏതോ പക്ഷി ചിലച്ചു.
അത് കേട്ട് അവൻ കണ്ണുകൾ തുറന്നു.
മുന്നിൽ അധികം അകലെ അല്ലാതെ വിശാലമായ പാടം നീണ്ട് കിടക്കുന്നത് കാണാം.
സൂര്യൻ തന്റെ ചെറു കൈകൾ നീട്ടി ചെടികളെ തഴുകുന്നത് പോലെ തോന്നി.
കാക്കയും , കൊക്കും പിന്നെ പേരറിയാത്ത ഏതൊക്കെയോ ജീവികളും , അവയുടെ ജോലികളിൽ തിരക്കിട്ട് മുഴുകുകയാവാം.
അപ്പോഴും ഞാൻ അതേ ഇരിപ്പാണ്. പെട്ടന്ന് ഒന്നും മനസ്സിലായില്ലെങ്കിലും , കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ചയിൽ മനസ്സിന് നല്ല സുഖം തോന്നി.
ഹരി അങ്കിൾ വിളിച്ചതും , നാട്ടിൽ എത്തിയതും എല്ലാം ഓർമയിലേക്ക് വന്നു.
കൈയ്യും കാലും അനക്കിയ ശേഷം മുറിയിലേക്ക് കയറി.