പിന്നെ കുറേ നേരം ഫോട്ടോ എടുപ്പും കാര്യങ്ങളുമായി ആകെ ബഹളമായിരുന്നു.
ആ സമയത്താണ് നവി ശ്രീലക്ഷ്മിയെ കാണുന്നത്.
എല്ലാവരും ചുറ്റും ്് മുഴങ്ങിക്കൊണ്ടിരിക്കുന്ന സംഗീതത്തിലും , ്് തമാശകളിലും മുഴുകി ഇരിക്കുകയാണ്.
പക്ഷേ അവൾ മാത്രം അതിൽനിന്ന് എല്ലാം അകലം പാലിച്ച് അധികം ആരും ഇല്ലാത്ത ഒരിടത്ത് ഇരുന്നു.
നവി ശ്രദ്ധിക്കുകയായിരുന്നു , കഴിഞ്ഞുപോയ കാലങ്ങൾ അവളിൽ വരുത്തിയ മാറ്റങ്ങൾ.
കുസൃതിയും , കുട്ടിത്തവും നിറഞ്ഞ ആ മുഖം വല്ലാതെ മാറിയിരിക്കുന്നു.
ഇപ്പോൾ വല്ലാത്ത ഒരു ശൂന്യത മാത്രമാണ് അവിടെ ഉള്ളത്.
സൂക്ഷിച്ച് നോക്കിയാൽ കണ്ണുകൾക്ക് താഴെ കറുത്ത പാടുകൾ കാണാം.
റോസ് നിറത്തിലുള്ള സാധാരണ ചുരിദാറാണ് അവളുടെ വേഷം.
മാളുവിനേയും , ചിന്നുവിനേയും വച്ച് നോക്കുമ്പോൾ കാര്യമായ ഒരുക്കങ്ങൾ ഒന്നും അവളിൽ കണ്ടില്ല.
താൻ അറിയുന്ന ശ്രീക്കുട്ടിയല്ല തന്റെ മുന്നിൽ ഉള്ളത് എന്ന് അവന് തോന്നി.
ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ശ്രീലക്ഷ്മി മുഖമുയർത്തി ചുറ്റും നോക്കി.
കുറച്ച് മാറി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.
നോട്ടം പരസ്പരം കൂട്ടിമുട്ടിയപ്പോൾ രണ്ടുപേരിലും ചെറിയ ഒരു ഞെട്ടൽ ഉണ്ടായി.
എന്തോ പറയാൻ അവളുടെ അടുത്തേക്ക് നടന്ന നവിയേ അതുവഴി വന്ന സച്ചി വിളിച്ചു
“ആ , നീ ഇവിടെ ഉണ്ടാരുന്നോ? , ഇങ്ങോട്ട് വന്നേ , നിന്നെ സജിയേട്ടൻ തെരക്കുന്നു”
അതും പറഞ്ഞ് അവന്റെ കൈയ്യും പിടിച്ചുവലിച്ച് അവൻ വേറെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി.
നവി തിരിഞ്ഞ് നോക്കിയെങ്കിലും അപ്പോഴേക്കും ശ്രീലക്ഷ്മി അവിടെ നിന്ന് പോയിരുന്നു.
ഭക്ഷണം കഴിഞ്ഞ് ഒരിടത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു അവർ.
“എന്നാലും മോനേ , നീ ഫാഗ്യവാനാടാ”
വിക്കിയേ നോക്കി ശ്രീ ചിരിച്ചു.
“അതെന്താ?”സച്ചി ചോദിച്ചു.
“അല്ലടാ , ഇഷ്ടമുള്ള ജോലി , ഇപ്പ ദേ ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി. അപ്പോ ഇവൻ ഫാഗ്യവാനല്ലേഡേയ്”
അവൻ എന്നെ നോക്കി.
“എന്താ മോനേ , ശ്രീക്കുട്ടാ , അതിലൊരു തേപ്പിന്റെ മണമടിക്കുന്നപോലെ ഉണ്ടല്ലോ?”
വിക്കി ചിരിച്ചു.
“ഒന്ന് പോടോ. ഞാൻ വെറുതെ പറഞ്ഞതാ”