അവന്റെ മുഖത്തേക്ക് നോക്കിയ അനിത അവിടെ കണ്ടത് തന്റെ പഴയ കിച്ചുവിനെ തന്നെയായിരുന്നു.
അവരുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
“എന്താ അമ്മേ”
നവി അവരുടെ മുഖത്തേക്ക് നോക്കി.
“ഏയ് , ഒന്നുമില്ല”
“പോട്ടെ എന്റെ അമ്മേ. ഇനി അതൊന്നും ഓർത്ത് വെഷമിക്കണ്ടാ”
അവരുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് പ്രതാപനും അനിതയും ചിരിച്ചു.
എന്തൊക്കെയോ പറഞ്ഞ് അവർ കളിയും ചിരിയുമായി അവിടെ ഇരുന്നു.
പെട്ടന്ന് ഒരു ദിവസം ഇല്ലാതായ ്് ്് സന്തോഷങ്ങൾ ആ വീട്ടിലേക്ക് വീണ്ടും എത്തുകയായിരുന്നു.
= = = = =
“ഡാ , എന്താ സങ്ങതി?”
വീട്ടിൽ ഇരിക്കുമ്പോൾ സച്ചി വിളിച്ചിരുന്നു.
ഭീമന്റെ അടുത്തേക്ക് വരാം എന്ന് പറഞ്ഞപ്പോൾ വിക്കിയുടെ വീട്ടിലേക്ക് വരാനാണ് പറഞ്ഞത്.
അച്ഛനോട് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പുള്ളിയുടെ മുഖത്തും സാധാരണ കാണാത്ത ഒരു ചിരി ഉണ്ടായിരുന്നു.
എല്ലാം കൂടെ ഒരു വശപ്പിശക് തോന്നിയപ്പോൾ ഞാൻ ശ്രീയെ വിളിച്ചു.
“അതൊക്കെ സർപ്രൈസാണ് മോനേ”
എന്നാണ് ആശാൻ പറഞ്ഞത്.
നാട്ടിൽ വന്നിട്ട് വിക്കിയെ മാത്രമാണ് കണ്ടുകിട്ടാഞ്ഞത്.
പഴയ സ്ഥലത്ത് തന്നെ കൂടാം എന്നായിരുന്നു കരുതിയത്. പിന്നെ അവരാണ് പറഞ്ഞത് വിക്കിയുടെ അടുത്ത് ആവാം എന്ന്.
ഇതിനിടയിൽ പറയാൻ വിട്ടുപോയ ചില കാര്യങ്ങൾ ഉണ്ട്.
വേറെ ഒന്നുമല്ല , ഞങ്ങൾ ്് നാലിനേയും പറ്റിയാണ്.
കടന്നുപോയ വർഷങ്ങൾ ഞങ്ങളെ പല വഴികളിലേക്കും തിരിച്ചിരുന്നു. എന്റെ കാര്യം അറിയാല്ലോ?
വിക്കി അവന് ഇഷ്ടമുള്ള കാര്യം തന്നെ തൊഴിലാക്കി. ആള് ഇപ്പൊ ഒരു കരാട്ടെ മാസ്റ്റർ ആണ്.
ശ്രീ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജർ ആണ്.
സച്ചി ഒരു സ്കൂൾ മാഷ് ആകാനുള്ള ശ്രമങ്ങളിലുമാണ്.
നടന്ന് നടന്ന് ഒടുവിൽ അവന്റെ വീട്ടിൽ എത്താറായി.
മുറ്റത്ത് ഒരു പന്തൽ ഇട്ടിട്ടുണ്ട്!. അധികം ഒന്നും ഇല്ലെങ്കിലും കുറച്ച് നാട്ടുകാർ അങ്ങിങ്ങായി ഇട്ടിരിക്കുന്ന കസേരകളിൽ ഇരുന്ന് വർത്തമാനം പറയുന്ന തിരക്കിൽ ആണ്.
കയറിച്ചെന്നപ്പോൾ ആദ്യം കണ്ട സാധനം കണ്ട് ഞാൻ ശരിക്കും ഞെട്ടി.
ഒരു ഫോട്ടോ ആയിരുന്നു സംഭവം.