“അയ്യോ അങ്കിളിതെന്താ കാണിക്കണേ , അതൊന്നും സാരില്ല. മോക്ക് ഒരു പ്രശ്നം വരുമ്പോ ആരും ഇങ്ങനെയൊക്കെ ചെയ്തൂന്ന് വരും. എനിക്ക് ആരോടും ദേഷ്യമില്ല”
ഹരിയുടെ കൈകൾ അവൻ പിടിച്ചുമാറ്റി.
“ഇനിയുമിങ്ങനെ പ്രതാപനേയും , അനിതയേയും വെഷമിപ്പിക്കണോ?”
“മക്കള് പെണങ്ങിയാലുള്ള വേതന ഞങ്ങക്ക് നന്നായി അറിയാം. ഒരു തെറ്റും ചെയ്യാത്ത നിന്റെ അച്ഛനേയും , അമ്മയേയും ഇനിയും വിഷമിപ്പിക്കരുത്”
അവൻ ഒന്നും മിണ്ടിയില്ല.
“ഞങ്ങള് കാരണം ഒരു തെറ്റും ചെയ്യാത്ത അവരിങ്ങനെ ്് വേദനിക്കുന്നത് സഹിച്ചില്ല. അതാ കുറച്ച് വൈകിയാണെങ്കിലും എല്ലാം നിന്നോട് പറയാൻ തീരുമാനിച്ചേ”
ശബ്ദം കേട്ടപ്പോഴാണ് പുറകിൽ നിന്നിരുന്ന മായയെ അവൻ കണ്ടത്.
കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.
“എന്നിട്ട് , ശ്രീക്കുട്ടി എവിടെപ്പോയതാ?”
അൽപം കഴിഞ്ഞ് അവൻ ചോദിച്ചു.
“മാളൂന്റെ വീട്ടിലേക്ക് പോയതാ. ഇപ്പം മിക്ക സമയത്തും അവിടെയാ”
മായ ചിരിച്ചു.
“എന്നാ , ഞാൻ പോട്ടേ?”
“ഉച്ചയായില്ലേ , ഊണ് കഴിച്ചിട്ട് പോയാപ്പോരേ?”
“വേണ്ട ആന്റി , അവിടെ അമ്മ കാത്തിരിക്കും”
ഒരു ചിരിയോടെ അവരെയും നോക്കി നവനീത് പുറത്തേക്ക് നടന്നു.
തന്റെ സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി തുടങ്ങിയതിലുള്ള ആശ്വാസം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
കുറച്ചുകൂടി മുന്നോട്ട് പോയ ശേഷം ഒരു വളവും കടന്ന് അവൻ മുമ്പിലേക്ക് നടന്നുപോയി.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ കടന്നുപോയ വഴിയുടെ ഒരു വശത്തായുള്ള ഇടവഴിയിലൂടെ റോഡിലേക്ക് ഇറങ്ങി ശ്രീലക്ഷ്മി അവളുടെ വീട്ടിലേക്കും നടന്നു.
സമയത്തിന്റെ മായാജാലം , അടുത്ത് ഉണ്ടായിരുന്നിട്ടും പരസ്പരം കാണാതെ അവർ രണ്ട് വഴിക്ക് നടന്നുപോയി.
*****
ഭക്ഷണം കഴിഞ്ഞുള്ള സമയത്ത് ടീവി കാണുകയായിരുന്നു അനിത. പുറത്ത് വരാന്തയിൽ തന്റെ ഫോണും നോക്കി പ്രതാപും ഇരിപ്പുണ്ട്.
സോഫയിൽ ഇരുന്നിരുന്ന അനിതയുടെ അടുത്ത് നവനീത് വന്നിരുന്നു.
അവൻ അമ്മയുടെ മടിയിലേക്ക് തല വച്ച് കിടന്നു.
ആദ്യം അമ്പരന്നു പോയിരുന്നു അവർ.
പുറത്ത് പോയി വന്നത് മുതലുള്ള അവന്റെ മാറ്റം ആ അമ്മ ശ്രദ്ധിച്ചിരുന്നു.
പതിയെ നവിയുടെ തലയിലൂടെ അവർ വിരലോടിച്ചുകൊണ്ടിരുന്നു.
അമ്മയുടെ മടിയിൽ കിടക്കുമ്പോൾ തന്റെ വിഷമങ്ങൾ എല്ലാം ഇല്ലാതാകുന്നത് അവൻ അറിഞ്ഞു.