എല്ലാം അറിഞ്ഞ് അവനും വല്ലാതെ വിഷമം തോന്നി.
“അല്ല പ്രതാപാ , കിച്ചു എങ്ങോട്ടാ പോയേ?”
അയാളുടെ അടുത്തേക്ക് വന്ന രവീന്ദ്രൻ ചോദിച്ചു.
“ചെന്നൈയിലേക്ക് , അവന്റെ ചിറ്റപ്പൻ അവിടെയല്ലേ”
അപ്പോഴും ഏങ്ങലടക്കാൻ പാട് പെടുകയായിരുന്നു അനിത.
ഒരു നിമിഷത്തേക്ക് എങ്കിലും തന്റെ മകനെ വെറുത്തുപോയതിലുള്ള വേതന അവരുടെ കണ്ണുകളിൽ നിന്ന് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
“നിങ്ങളിങ്ങനെ ഇരിക്കാതെ കിച്ചൂനെ വിളിക്ക്. അടുത്ത സ്റ്റേഷനിൽ ഇറങ്ങി വേഗം വരാൻ പറ”
“വിളിച്ചുനോക്കി , കാൾ പോവുന്നുണ്ട്. എടുക്കുന്നില്ല”
സുനിത പറഞ്ഞത് കേട്ട് വിക്കി നിരാശയോടെ പറഞ്ഞു.
“വേണ്ട. തൽക്കാലം അവനെ വിളിക്കണ്ട”
സഹദേവൻ പറഞ്ഞു.
“അതാ നല്ലത്. ആകെ വിഷമിച്ച് പോയതല്ലേ , അവന്റെ മനസ്സൊന്ന് തണുക്കട്ടേ. എന്നിട്ട് നോക്കാം”
രവീന്ദ്രൻ പറഞ്ഞത് ശരിയാണ് എന്ന് എല്ലാവർക്കും തോന്നി.
കുറച്ചുകൂടി സമയം എടുത്താണ് ശ്രീലക്ഷ്മിയെ റൂമിലേക്ക് മാറ്റിയത്.
കൈയ്യിൽ ഡ്രിപ്പ് ഇട്ട് അവൾ അങ്ങനെ കിടന്നു.
ക്ഷീണിച്ച അവളുടെ മുഖം ്് എല്ലാവരും വേദനയോടെ കണ്ടുനിന്നു.
സങ്കടം സഹിക്കാൻ ആകാതെ കരഞ്ഞുപോയിരുന്നു മായയും , അനിതയും.
എല്ലാവരും ചേർന്ന് അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
കണ്ണുകൾ തുറന്നിരുന്നു , എങ്കിലും അവൾ ഒരു മയക്കത്തിൽ എന്നപോലെ കിടന്നു.
ഇടക്ക് എപ്പോഴോ എല്ലാരേയും നോക്കിയ അവളുടെ കണ്ണുകൾ വേറെ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.
നിരാശയോടെ പൂട്ടിയ ആ കണ്ണുകളിലെ നോവ് ആരും കണ്ടില്ല , എങ്കിലും അവൾ പോലും അറിയാതെ അവളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മറ്റ് രണ്ട് കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.
പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കിലും പ്രീതിയുടെ നിർബന്ധം കാരണം മൂന്ന് ദിവസം കൂടി അവളെ അവിടെ അഡ്മിറ്റ് ചെയ്തു.
അത്രയും ദിവസം ക്ളാസിൽ പോലും പോകാതെ ചിന്നുവും , മാളുവും അവൾക്ക് കൂട്ട് നിന്നു.
ബാക്കി എല്ലാവരും വന്നുപോയിക്കൊണ്ടിരുന്നെങ്കിലും ഡിസ്ചാർജ് ആയി ശ്രീലക്ഷ്മി വീട്ടിൽ എത്തുന്നത് വരെ അവളുടെ ഇടവും വലവും എന്ത് ആവശ്യത്തിനും അവർ ഉണ്ടായിരുന്നു.
പക്ഷേ , വീട്ടിൽ എത്തിയെങ്കിലും ആ പഴയ പ്രസരിപ്പും ഉത്സാഹവും ഒന്നും അവളിൽ ഉണ്ടായിരുന്നില്ല.
“കോളേജിൽ പോകാൻ പോലും താൽപര്യം ഇല്ലാണ്ടായി”