” ഡാ… പ്ലീസ്… ഇപ്പൊ എന്നോടൊന്നും ചോദിക്കല്ലേ… ”
നാണത്താൽ കുനിഞ്ഞ മുഖവും ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൾ മറുപടി പറഞ്ഞു. നാണത്താൽ പൂത്തുലഞ്ഞിരിക്കുകയായിരുന്നു ജിൻസി.
എന്തൊക്കെയോ ചോദിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ മൗനമായി നിന്നു.
പിന്നേ ഫ്ലാറ്റിൽ എത്തുംവരെ അവളെന്നെ നോക്കിയതേയില്ല.
അതുകൊണ്ട് തന്നെ ഞാൻ ഒന്നും പറഞ്ഞുമില്ല.
അവളുടെ ഫ്ലാറ്റിനു മുന്നിൽ എത്തി വാതിൽ തുറന്നുകഴിഞ്ഞ് അവളെന്നെ നോക്കിയ ആ നോട്ടം. അതിൽ എല്ലാമുണ്ടായിരുന്നു. എന്നോടുള്ള പ്രേമവും കാമവും എല്ലാം.
അവൾ കണ്ണുകളാൽ എന്നെ മയക്കിവച്ചതുപോലെ ആയിരുന്നു എനിക്ക് തോന്നിയത്.
എന്റെ കണ്ണിൽ നോക്കിത്തന്നെ അവൾ പയ്യെ മുന്നോട്ട് വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം അടുത്തുകൊണ്ടിരുന്നു. ആദ്യ ചുംബനം ആസ്വദിക്കാനായി ഞാനെന്റെ കണ്ണുകൾ പയ്യെ അടച്ചു. തൊട്ടടുത്ത നിമിഷം,
” പോടാ….ഹഹഹ… ” ഒരു ചിരിയോടെ അവളെന്നെ തള്ളി വാതിൽക്കൽ നിന്ന് മാറ്റി ഡോർ വലിച്ചടച്ചു.
കപ്പിനും ചുണ്ടിനുമിടയിൽ ഒരു ചുംബനം നഷ്ടമായെങ്കിലും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോഴും അവശേഷിച്ചിരുന്നു.
ആ ചിരിയോടെ തന്നെ ഞാൻ എന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അതോടെ എന്റെ ചിരി മങ്ങി. അകത്ത് നേരത്തേ താകയുടെ വീട്ടിൽ വച്ച് കണ്ട സ്ത്രീയും മറ്റൊരാളും ഇരിപ്പുണ്ടായിരുന്നു.
അവളുടെ അമ്മയും അച്ഛനും. അവർക്കടുത്ത് അല്ലിയും അമ്മയും നിൽപ്പുണ്ടായിരുന്നു. ഞാൻ അവരോട് മോശമായി എന്തെങ്കിലും പറയുമോ എന്നൊരു ഭയം അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു.
” ഞങ്ങള് മോനെ നോക്കി ഇരിക്കുകയായിരുന്നു… ഞങ്ങളെ മനസിലായിക്കാണും എന്ന് കരുതുന്നു. നിന്റെ അമ്മേടെ കൂട്ടുകാരിയാ ഞാൻ…
ഇത് എന്റെ ഹസ്ബൻഡ് ശ്രീനിവാസൻ.
ഇന്നവിടെവച്ചു ഞങ്ങടെ മോള് അങ്ങനൊക്കെ പറഞ്ഞേല്… ഞങ്ങൾ മോനോട് മാപ്പ് ചോദിക്കുവാണ്. വീ ആർ റിയലി സോറി… മോൻ നാളെ എന്തായാലും കല്യാണത്തിന് വരണംട്ടോ… ”
അവിടെ ഇരുന്ന് ആന്റി എന്നോടായി പറഞ്ഞു. അത് എന്നെ വീണ്ടും ഓർമിപ്പിച്ചതിൽ ദേഷ്യം തോന്നിയെങ്കിലും ഞാനത് പുറത്ത് കാട്ടിയില്ല.