പൂജ പോയതും, മിഴി എല്ലാ റൂമിലും കയറി പരിചയപ്പെട്ടു. മുൻപ് അവിടെ ഉണ്ടായിരുന്ന രോഗികൾളോട് അവൾ പരിചയം പുതുക്കി. കൂടെ ഒബ്സെർവഷൻ റൂമിലും പോയി നോക്കി. ബോധം വീണിട്ടില്ല. അവൾ അവിടെ വെച്ചിരുന്ന പ്രിസ്‌ക്രിപ്‌ഷൻ ഒക്കെ എടുത്ത് നോക്കി, മരുന്ന് കൊടുക്കേണ്ട സമയവും മറ്റും നോട്ട് ചെയ്ത് പുറത്തിറങ്ങി.
കൂടെ ഡ്യൂട്ടി ഉള്ള ശിവാനി എത്തിയിട്ടില്ല. അവൾ വന്നിട്ട് വേണം അവളെ ഇത് ഏല്പിച്ചു ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ. ഇന്നലെ രാത്രിയും പട്ടിണി ആണ്. ഡോക്ടർ റൗണ്ട്സിനു വരാൻ ടൈം ആവുന്നു. അങ്ങനെ ഓരോന്ന് ഓർത്ത് നിന്നപ്പോഴേക്കും ശിവാനി എത്തി. “സോറി.. സോറി.. സോറി…ക്യാന്റീനിൽ നല്ല തിരക്കായിരുന്നു അതാ ലേറ്റ് ആയെ. നീ എപ്പോ എത്തി?” ഒറ്റ ശ്വാസത്തിൽ അവൾ അത്രെയും ചോദിച്ചു നിർത്തി. “എന്റെ ശിവ… കഥയൊക്കെ ഞാൻ വന്നിട്ട് പറയാം. വിശന്നിട്ടു വയ്യ. ദേ നീ ഇതൊക്കെ ഒന്നെടുത്തു വെയ്ക് അപ്പോഴേക്കും ഞാൻ ഓടി പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. ഡോക്ടർ വരാൻ സമയം ആയി.” “ആഹ് എന്നാ പോയിട്ട് വാ ഇത് ഞാൻ എടുത്തു വെയ്ക്കാം.” മിഴിയെ പറഞ്ഞു വിട്ടിട്ട് ശിവാനി മരുന്നെല്ലാം എടുത്ത് വെയ്ക്കാൻ തുടങ്ങി.
അല്പം കഴിഞ്ഞതും ഡോക്ടർ മേത്തയുടെ കാർ വരുന്നത് ശിവാനി കണ്ടു. അവൾ വേഗം തന്നെ പോയി ഡോക്ടറുടെ റൂം സെറ്റ് ചെയ്തു. ഇതിനിടയിൽ ഡോക്ടർ മേത്ത റൂമിൽ എത്തിയിരുന്നു, “ഗുഡ്മോർണിംഗ് ഡോക്ടർ.. ” “ഗുഡ്മോർണിംഗ് ശിവാനി, ഇന്ന് രോഗികൾ കുറവാണല്ലോ, നല്ല കാര്യം.” അവൾ അവിടെ നിന്നിരുന്ന രോഗികളെ ഒന്നൊന്നായി അകത്തേക്ക് കയറ്റി വിട്ടു. അധികം രോഗികൾ ഇല്ലായിരുന്നു ഒരു മണിക്കൂർ കൊണ്ട് തന്നെ കൺസൾട്ടേഷൻ കഴിഞ്ഞു.
“ആഹ് ശിവാനി, ഇനി ആരെങ്കിലും ഉണ്ടോ പുറത്ത്?” “ഇല്ല ഡോക്ടർ. കഴിഞ്ഞു.” “ഓക്കേ… എന്നാൽ റൗണ്ട്സിനു റെഡി ആയിക്കോളൂ, സമയം കളയണ്ട. വേറെ ആരാ ഉള്ളത്?” “മിഴി ജോയിൻ ചെയ്തിട്ടുണ്ട് ഡോക്ടർ.” “ഓ.. മിഴി എത്തിയോ. ഓക്കേ അയാളോടും പറഞ്ഞേക്ക്. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം അപ്പോഴേക്കും നിങ്ങൾ റെഡി ആവാൻ നോക്ക്.” “ഓക്കേ ഡോക്ടർ…”