“ചോട്ടു…ആ തോർത്ത് താ വേഗം. ഇയാളെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. ജീവനുണ്ട്. വാ വന്നു പിടിക്ക്.” മഹീന്ദർ ആജ്ഞയാപിച്ചു. ആ നേരം കൊണ്ട് അവനും സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു. ഒട്ടും സമയം കളയാതെ അവൻ ആ തോർത്ത് അയാൾക്ക് എറിഞ്ഞു കൊടുത്തു ശേഷം ഓടി വന്നു അയാളെ പൊക്കി എടുക്കാൻ സഹായിച്ചു.
മഹീന്ദർ ആ തോർത്ത് കൊണ്ട് അയാളുടെ തലയിൽ മുറിഞ്ഞ ഭാഗം അമർത്തി കെട്ടി അതോടെ ചോരയുടെ ഒഴുക്ക് കുറഞ്ഞു. “ഭായ് നമുക്ക് ഒരു ആംബുലൻസ് വിളിക്കാം? ഇയാളെ നമ്മൾ എങ്ങനെ കൊണ്ടുപോകും അല്ലെങ്കിൽ? ” “ആംബുലൻസ് വിളിച്ചു അവർ എത്തി ഇയാളെ കൊണ്ടുപോകുമ്പോ താമസിക്കും, ഒരു കാര്യം ചെയ്യാം നമ്മുടെ വണ്ടിയിൽ കൊണ്ടുപോകാം എന്നിട്ട് പോണ വഴി നമുക്ക് ആംബുലൻസ് വിളിക്കാം ഒരു പക്ഷേ അവർ നമ്മുടെ കൂടെ ഓടി എത്തിയാൽ ഇയാളെ നമുക്ക് ആ വണ്ടിയിലേക്ക് മാറ്റാം.” മഹീന്ദർ പറഞ്ഞതാണ് ശെരിയെന്നു അവനും തോന്നി. സമയം തീരെ കളയാൻ ഇല്ല. അവർ അയാളെ താങ്ങി ട്രക്കിന്റെ ക്യാബിനിൽ കയറ്റി, ചോട്ടു അപ്പൊ തന്നെ തളർന്നു പോയിരുന്നു. ഒട്ടും വൈകാതെ തന്നെ അവരുടെ വണ്ടി അയാളെയും കൊണ്ട് പറന്നു. ചോട്ടു അയാളുടെ മുറിവിൽ തുണി ചേർത്ത് അമർത്തി പിടിച്ചു മറ്റേ കൈ കൊണ്ട് ഫോൺ എടുത്ത് ആംബുലൻസ് കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. “ചോട്ടു… വേഗം നീ മാപ്പിൽ നമുക്ക് അടുത്ത് ഉള്ള ഹോസ്പിറ്റൽസ് ഏതാണെന്നു നോക്ക് ഇനിയിപ്പോ ആംബുലൻസ് വരുന്നത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല.” അവന്റെ വിരലുകൾ ഫോണിൽ ദ്രുതവേഗം ചലിച്ചു. “ഭായ്.. ദേ നോക്ക് 3 കിലോമീറ്റർ മുന്നോട്ട് പോയാൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. K.V.M ഹോസ്പിറ്റൽ.” “ഹോ ഭാഗ്യം…നീ ആ ഹോസ്പിറ്റലിന്റെ നമ്പർ ഡയൽ ചെയ്ത് വേഗം ഒരു സ്ട്രക്ചർ റെഡി ആക്കാൻ പറ. ആക്‌സിഡന്റ് കേസ് ആണെന്ന് പറഞ്ഞാൽ മതി.” മഹീന്ദർ ആക്സിലേറ്ററിൽ ഒന്നുകൂടി കാൽ അമർത്തി. വണ്ടി മുന്നോട്ട് കുതിച്ചു.
അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റൽ കോമ്പൗണ്ടിലേക് ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും അന്തം വിട്ടു. സഡൻ ബ്രേക്കിട്ട വണ്ടിയുടെ വീലുകൾ നിരങ്ങി നീങ്ങി നിശ്ചലമായി. വണ്ടി നിന്നതും അതികായനായ മഹീന്ദർ ചാടി ഇറങ്ങി, അപ്പോഴേക്കും വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് രണ്ട് അറ്റെൻഡേർസ് ഓടി എത്തി. ചോട്ടുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ മഹീന്ദർ അയാളെ വേഗം തന്നെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി. അപ്പോഴും അയാൾക്ക് ബോധം ഉണ്ടായിരുന്നില്ല. *****************************