ഓർമ്മകൾക്കപ്പുറം 1 [32B]

Posted by

“ഞാൻ ഇത് എവിടാണ്? എനിക്ക് എന്താ സംഭവിച്ചത്? എങ്ങനെ ഇവിടെ എത്തി?” പല പല ചോദ്യങ്ങൾ ചോദിക്കാൻ അയാൾ ശ്രമിച്ചു എന്നാൽ ശബ്ദം പുറത്തേക്കു വന്നില്ല. ചുറ്റും നിൽക്കുന്ന ആരെയും തനിക്ക് പരിചയം ഇല്ല. അൽപ സമയത്തിനകം താനൊരു ഹോസ്പിറ്റലിൽ ആണെന്ന് അയാൾക്ക്‌ മനസ്സിലായി. തന്നോട് സംസാരിക്കുന്ന ആൾ ഡോക്ടർ ആണെന്ന് അയാൾ അനുമാനിച്ചു. ഡോക്ടർ അവിടെ നിൽക്കുന്ന എല്ലാവരോടും ഓരോ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ അയാൾ ഹിന്ദി ആണ് സംസാരിക്കുന്നത്.

“ഹായ്… പേടിക്കണ്ട താങ്കൾക്ക് കുഴപ്പം ഒന്നുമില്ല. ചെറിയൊരു ആക്‌സിഡന്റ്. മൂന്നു ദിവസമായി ഇവിടെ അഡ്മിറ്റ്‌ ആയിട്ട്. ബ്ലഡ്‌ കുറച്ച് നഷ്ടമായി. ഇപ്പോ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ?” ഡോക്ടർ ചെറിയൊരു വിശദീകരണം നൽകികൊണ്ട് ചോദിച്ചു. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഡോക്ടർ അപ്പോഴും അയാളോട് ഓരോന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു. “ഞാൻ… എനിക്ക്… എന്താ പറ്റിയത്??” വ്യക്തമായിട്ട് അല്ലെങ്കിലും അയാൾ സംസാരിച്ചത് മലയാളം ആണെന്ന് മിഴി മനസ്സിലാക്കി, അവൾ മുന്നോട്ട് വന്നു.

“ഡോക്ടർ… അയാൾ മലയാളി ആണെന്ന് തോന്നുന്നു.” “ഓ ഐ സി… എങ്കിൽ മിഴി ഒന്ന് സംസാരിക്ക്.” ഡോക്ടർ പിന്നിലേക്ക് മാറി നിന്നതും മിഴി കട്ടിലിന് അരികിൽ എത്തി. “അതേ.. പേടിക്കാൻ ഒന്നുമില്ല നിങ്ങൾക്ക് കൊഴപ്പം ഒന്നുല്ല, ഒരാഴ്ചക്ക് ഉള്ളിൽ എല്ലാം ശെരിയാവും. എന്താ സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ?” മിഴി അയാളെ പ്രതീക്ഷയോടെ നോക്കികൊണ്ട്‌ ചോദിച്ചു. “എനിക്ക്… ഓർമ…ദേഹം നല്ല വേദന… തലയും…” വാക്കുകൾ ഒന്നും പൂർണമായി പുറത്തേക്ക് വരുന്നില്ല എങ്കിലും അവൾക്ക് കാര്യം മനസിലായി. അവൾ അത്‌ ഉടൻ ഡോക്ടറെ അറിയിച്ചു. ഡോക്ടർ മിഴിയുടെ കയ്യിൽ നിന്നും ഒരു പേന വാങ്ങി അയാളുടെ അരികിൽ എത്തി അയാളുടെ കണ്ണിന് അരമീറ്റർ മുന്നിൽ അത്‌ വെച്ചു. “ജന്റിൽമാൻ, ദാ ഇതിലേക്കു നോക്കു. നോട്ടം മാറ്റരുത് ഞാൻ ഇത് അനക്കാൻ പോകുവാണ്.. ഒക്കെ?” ഡോക്ടർ ആ പേന രണ്ട് സൈഡിലേക്കും ചലിപ്പിച്ചു, അതിന് അനുസരിച്ച് അയാളുടെ കണ്ണും ചലിക്കാൻ തുടങ്ങി. “ഗുഡ്… അങ്ങനെ തന്നെ…എന്തെങ്കിലും ഓർമ വരുന്നുണ്ടോ? എന്താ തന്റെ പേര്?” ഡോക്ടർ മേത്ത അയാളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *