ആഹാ അംമ്പിസ്വാമി വരെ തോറ്റുപോകുന്ന അസ്സല് പൈനാപ്പിൾ പച്ചടി തയ്യാർ. ഇതിലവളല്ല അവളുടെ അച്ഛൻ കോന്തൻ രാഘവൻ വരെ അടിതെറ്റി വീഴും.
ശരവേഗത്തിൽ അണ്ടിപ്പരിപ്പിട്ട മസാല കൂട്ടുകറിയും, ലക്ഷമിഅക്ക നാട്ടി പോയപ്പോ കൊണ്ട് വന്ന നല്ല സൊയമ്പൻ ഇരിമ്പൻപുളി വറ്റൽമുളകിൽ വാട്ടി, നാളികേരം ചേർത്ത് ചമ്മന്തിയാക്കി അതും ചേർത്ത്, ഇലവാട്ടി പൊതിചോറ് കെട്ടി.
: സ്നേഹിച്ചു സ്നേഹിച്ചു നിന്നെക്കൊണ്ടു ഞാൻ, അരവിന്ദേട്ടാ, അരവിന്ദേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അരവിന്ദേട്ടാ, അങ്ങനെ പറയിക്കൂടി വാര്യംപ്പിള്ളിലെ മീനാക്ഷിമോളെ . ( ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു,)
ടോണി എന്റെ കാട്ടികൂട്ടലുകളും കണ്ടുചിരിച്ചു, ഇന്നലത്തെ ഹാങ്ങോവർ ട്രപ്പീസുകളിക്കുന്ന തലയും ഉഴിഞ്ഞിരുപ്പുണ്ട്.
: എ മാൻ ഇൻ ലവ് ഈസ്,മോസ്റ്റ് റിഡിക്കുലസ് റ്റു വാച്ച്
(പ്രണയത്തിലുള്ള ഒരു ആളെ കാണുന്നതിൽ പരം ഹാസ്യജനകമായ മറ്റൊരു കാര്യം ഇല്ല)
ഞാൻ അതിനു വലിയ ശ്രദ്ധകൊടുക്കാതെ അരിഞ്ഞു വറുത്ത പപ്പടത്തിൽ, മുളക്പൊടി വിതറുന്ന തിരക്കിൽ ആയിരുന്നു…
************************
: എന്തൊക്കെയാണ് ഉണ്ണിയേട്ടാ നിങ്ങളിന്നലെ കാട്ടികൂട്ടിയത്, വല്ല ഓർമ്മയും ഉണ്ടോ. അല്ല നിങ്ങൾ എന്ത് ചെയ്താലും എനിക്കെന്താണ്, നിങ്ങൾ ആരാ എൻറെ, നിങ്ങള് കുടിക്കേ, തലകുത്തി മറയെ , എന്താച്ചാ ചെയ്യ്.
(അവള് മുഖം വെട്ടിച്ചു, ചുണ്ടു കൂർപ്പിച്ചു, ഞാൻ കുറുമ്പ് കാണിച്ചു അടി വാങ്ങാൻ വരിനിൽക്കുന്ന ഒരു ഒന്നാംക്ലാസുകാരന്റെ പോലെ കൈ പിന്നിൽ കെട്ടി അവൾക്കു മുന്നിൽ പരുങ്ങിനിന്നു.)
: ഞാൻ നിന്റെ ആരും അല്ലെ (എന്റെ ശബ്ദത്തിൽ നിരാശ ഉണ്ടായിരുന്നു)
: അല്ല (അവള് ക്രൂരമായി അതിനു ഉത്തരം നൽകി, എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി പോലും ഉണ്ടായില്ല, ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി)
തിരിഞ്ഞുനടക്കും മുൻപേ അവൾ കൈയിൽ കടന്നു പിടിച്ചു
: ഇന്നലെ ഞാൻ എന്തോരം പേടിച്ചു പോയിന്നു അറിയോ ഉണ്ണിയേട്ടന്, അതിന്റെ മുകളീന്ന് അങ്ങാനും വീണിരുന്നെങ്കിലോ. അവിടന്ന് എഴുന്നേറ്റു പോയിട്ടു വീട്ടിൽ എത്തിയോ,അതോ എവിടെങ്കിലും പോയി വീണുകെടക്കണുണ്ടോ, ഞാൻ ആരോട് ആന്നു വച്ച ചോദിക്കാ.
(ഞാൻതിരിഞ്ഞു നോക്കുമ്പോ, ആ കരിക്കൊത്ത കണ്ണുകളിൽ,കണ്ണീരിൻ ഇളനീര് കിനിഞ്ഞിരുന്നു)