(ടോണിയെ നോക്കി നെറ്റി ചുളിച്ച് ആണ് അക്ക പറഞ്ഞു നിർത്തിയത്, അക്ക അവനെ പൊറുക്കി എന്ന് വിളിച്ചത് പോലും അറിയാതെ അവൻ ഗാഢനിദ്ര പൂണ്ടു കിടന്നു. മീനാക്ഷിയെ അക്കക്ക് നല്ലോണം ഇഷ്ടം ആയിട്ടുണ്ട്, ഇല്ലെങ്ങി ഇത്ര വെപ്രാളപ്പെട്ട് ഓടി വരില്ല, പക്ഷെ അവര് പറഞ്ഞതിൽ ഞങ്ങൾ നല്ല ചേർച്ചയാണ് എന്ന് പറഞ്ഞത് എനിക്ക് അത്ഭുതം ആയി, എന്നെ കാണാൻ അത്ര ഭംഗി ഒക്കെ ഉണ്ടോ, സ്നേഹം കൊണ്ട് പറഞ്ഞതാവും.പക്ഷെ അക്ക ശരിക്കും തോന്നിയാൽ മാത്രേ എന്തേലും പറയാറുള്ളു വെറുതെ സന്തോഷിപ്പിക്കാൻ മാത്രം ഒന്നും പറയാറില്ല. ആ എന്തേലും ആവട്ടെ, അക്കയോട് പറഞ്ഞേക്കാം)
: അക്കക്കു, അത്രക്ക് ഇഷ്ടായത് കൊണ്ട് അന്തപൊണ്ണിനെ, ഞാൻ കഴിഞ്ഞാഴ്ച കല്യാണം കഴിച്ചു. എല്ലാം പെട്ടന്നായിരുന്നു. അക്ക നാട്ടിന്ന് വന്നിട്ട് ഒരുമിച്ചു വന്നുകണ്ടു സർപ്രൈസ് തരാംന്നു വച്ചിരിക്കാർന്നു, അതിനുമുന്നെ അവള് വന്ന് എല്ലാം പൊളിച്ചു.
: രാമൻ സീത മാതിരിയെ ഇരുക്കു ആവി, യേ ആവ കോപത്തിലെ കളമ്പി പോറാ, സണ്ടയാ.
അപ്പൊ അവള് ഇവിടന്നു ചവിട്ടിതുള്ളി പോയത് കണ്ടു അക്ക വിചാരിച്ചു ഞങ്ങൾ ഇന്നലെ വെള്ളംഅടിച്ചതിന്റെ പിണക്കം കാണിച്ചതാവും ന്ന് .
ഹ ഹ ഹ , അവൾക്കെന്തിനാണ് പിണക്കം, ഈശ്വര ശരിക്കും പിണക്കാവോ. അവാൻ സാധ്യത ഉണ്ട് ഇന്നലെ അവളെ കാണാൻ പോയിട്ട് എന്തൊക്കെയാ ഉണ്ടായതെന്ന് യാതൊരു ഐഡിയയും കിട്ടുന്നില്ലാലോ, എന്തായാലും ഇന്ന് സ്പെഷ്യൽ വല്ലതുമായി ചെന്ന് കാലുപിടിക്ക തന്നെ വഴി
: മിഴിച്ചിരിക്കാതെ പോയി സമാധാനിപ്പിക്കാൻ ഉള്ള വഴി നോക്കടാ പൊട്ടാ, അയ്യോ എന്റെ കുട്ടിയോള്.
എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയ അക്ക, എല്ലാ ദിവസത്തെയും പകൽ സ്ഥിരമായി നടക്കുന്ന അങ്കംവെട്ടുകളിലേക്കു തിരിച്ചോടി, പിള്ളേർക് വണ്ടി വരാൻ സമയം ആയി കാണണം.
ഞാൻ ചാടിയെഴുന്നേറ്റു പണികളെല്ലാം കഴിച്ചു, ടോണിയെ വിളിച്ചു ഉണർത്തി ഒരു കാപ്പി ഇട്ടു കൊടുത്തു, തട്ടികൂട്ടിയ ഉപ്പുമാവും കഴിച്ചു അവൻ അങ്ങനെ ഇരിക്കുമ്പോ, ഞാൻ സദ്യക്കുള്ള ആലവട്ടവും വെഞ്ചാമരവും വിരിച്ചു.
പഴുത്ത പൈനാപ്പിളും, ടച്ചിങ്‌സ് ആണെന്ന് പറഞ്ഞു ടോണി എവിടന്നൊക്കെയോ കാശുപോലും കൊടുക്കാതെ എടുത്തു കൊണ്ട് വന്ന കുറച്ചു മുന്തിരിയും ഇരിപ്പുണ്ട്. പൈനാപ്പിൾ എടുത്തു നുറുക്കി, കുറച്ചു അരച്ചും ചേർത്ത്, നല്ല കറുത്ത ഉണ്ടശർക്കരയിട്ടു വേവിച്ചു, മഞ്ഞളും പച്ച മുളകും ചേർത്ത്, കുറച്ചു നാളികേരം പാകത്തിനരച്ചു ചേർത്ത്, നെയ്യിൽ വറ്റൽമുളക്, മുന്തിരി, കറിവേപ്പില, കടുക്, ഉലുവ ഇട്ടു വാട്ടി, താളിച്ചു എടുത്തു.