ഞാൻ കാണുന്ന കാലത്തു അവൾ ക്യാൻസറിന് മുഴുവനായും അടിമപ്പെട്ടിരുന്നു, കീമോ പറിച്ചെറിഞ്ഞ മുടിയിഴകളിലും, ക്ഷീണം വരയിട്ട കുഴിഞ്ഞ കണ്ണുകളിലും, അവളിലെ ചൈതന്യം മാത്രം കെടാതെ കത്തി നിന്നിരുന്നു, അവളൊരു ചിരിയിൽ എല്ലാം ശരിയാവും എന്ന് ഈ ലോകത്തിനെ തന്നെ വിശ്വസിപ്പിച്ചു. ആ പോസ്റ്റിവിറ്റി നിറഞ്ഞുനിന്നിരുന്ന വാക്കുകൾ കേൾക്കാൻ, അവളോട് സംസാരിച്ചിരിക്കാൻ, ഒഴിവുള്ളപ്പോഴെല്ലാം ഞാൻ ഓടിചെല്ലുമായിരുന്നു. ചെല്ലുമ്പോൾ ഉണ്ണിയപ്പം നിർബന്ധം ആണ്, അത് ഹോസ്പിറ്റൽ ആണോ, വീടാണോ, റോഡാണോ, എന്നൊന്നും വിഷയം അല്ല, ഉണ്ണിയപ്പം വേണം. അതവൾക്കു കഴിക്കാൻ പറ്റുമായിരുന്നോ എന്നെനിക്കു ഇപ്പോഴും സംശയം ആണ്, അത് വാങ്ങിച്ച് തലയിണക്കടിയിൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കും.
(ഞാൻ ആ ചുവരിൽ തൂക്കിയിട്ടിരുന്ന മദ്യകുപ്പികളിൽ അവൾ വരച്ച ചിത്രങ്ങളിലും, കടലാസിൽ മരകഷണങ്ങൾ ചേർത്ത് നിർമ്മിച്ച ഒരു നൂറുകൂട്ടം കളിപ്പാട്ടങ്ങളിലും നോക്കിനിന്നു, ശരിക്കും പറഞ്ഞാൽ ഒരു വർഷവും മൂന്നു മാസവും മുൻപുള്ള ആ ക്രൂരമായ ദിനം അതിന്റെ കൂർത്തനഖങ്ങൾ വച്ച് എൻറെ നെഞ്ച് മാന്തി പറിക്കുന്നുണ്ടായിരുന്നു.)
************
അവൻ അവന്റെ 1984 മോഡൽ ബുള്ളറ്റ് എയർകളഞ്ഞു കിക്കർ അടിച്ചു സ്റ്റാർട്ട് ആക്കി. തണുത്ത ആ രാത്രി ഞങ്ങൾ പരസ്പരം ഒന്നും പറയാതെ ഹോസ്റ്റലിലെ ലക്ഷ്യമാക്കി വണ്ടിയോടിച്ചു. നിരാലംബരായ ഞങ്ങളുടെ ഈ വിചിത്രനിശായാത്ര ആസ്വദിച്ച് തണുത്തകാറ്റ് കോളറിലും ഷർട്ടിലും തട്ടിതഴുകി യാത്രപറഞ്ഞു പിന്നോട്ടുപോയി.
സമയം ഒരുപാട് വൈകി, വിസ്‌കി മാന്യൻ ആണ്, പതുക്കെയേ തലയ്ക്കു പിടിക്കു, പിടിച്ച പക്ഷെ അവൻ വിടില്ല. ഞങ്ങൾ രണ്ടാളും കുഴഞ്ഞു തുടങ്ങി, എന്തെങ്കിലും കഴിക്കണം.
എങ്ങനെ ഒക്കെയോ വണ്ടി നിർത്തി അടുത്തുള്ള തട്ടുകടയിൽ കയറി. ബ്രെഡും ഓംലെറ്റും, ഓർഡർ ചെയ്തു. ദോഷം പറയരുതല്ലോ, ഇത്ര ഊമ്പ്യ ഓംലറ്റ് ഈ നൂറ്റാണ്ടിൽ വേറെ കഴിച്ചിട്ടില്ല. നല്ല ഫിറ്റല്ലെ ഞങ്ങൾ കട കയ്യേറി അയാളെ ഓംലറ്റ് അടിച്ചു പഠിപ്പിച്ചൊടങ്ങി.
അരിഞ്ഞു വച്ചിരുന്ന സവാളയും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയിൽ വാട്ടി, ഉപ്പും, ചുവന്ന മുളകും, കുറച്ചു മസാലയും, കണ്ടുപിടിച്ചതിൽ ഇട്ട്, വാടി വന്ന കൂട്ട് അടിച്ചു വച്ചിരുന്ന മുട്ടയിൽ ചേർത്തിളക്കി, പച്ചമുളകും ഉള്ളിയും പിന്നെയും ചേർത്തടിച്ചു ഓംലറ്റ് ആക്കി, കുരുമുളക് മേലെ വിതറി അയാളെ നിർബന്ധിച്ചു തീറ്റിച്ചു കൊണ്ട് ടോണി ഉറക്കെ പറഞ്ഞു.