“ഉണ്ണിയേട്ടൻ…. ഇന്നലെ…. കിടക്കുമ്പോൾ ഒരു കാര്യം പറഞ്ഞു, അത് സത്യമാണോ?”
ഞാൻ എന്താണെന്നു മനസ്സിലാവാതെ അവളെ നോക്കി.
“എന്നെ…. എന്നെ…. അത്രക്കു ഇഷ്ടമാണോ, ജീവനാണോ….”
അവൾ എന്നെ നോക്കാതെ, എന്റെ കണ്ണിൽ നോക്കാതെയാണ് അത് ചോദിച്ചത്.
ഞാൻ അത് അവളോട് പറഞ്ഞു എന്നത് എന്നെ ഞെട്ടിച്ചു എങ്കിലും, എന്നെങ്കിലും അവളോടത് പറയാൻ ഞാൻ ഉള്ളാൽ ആഗ്രഹിച്ചിരുന്നു .
എനിക്കതിനു ഉത്തരം പറയാൻ കഴിഞ്ഞില്ല, കണ്ണിൽ നിറഞ്ഞു നിന്നിരുന്ന ഒരു തുള്ളി കണ്ണുനീർ, നിലവിട്ടു താഴേയ്‌ക്കൊഴുകി കയ്യിൽ വീണു ചിതറി.
ഞാൻ അത് ഒളിപ്പിക്കാൻ എന്നോണം വിഫലമായി എഴുന്നേറ്റു നടക്കാൻ നോക്കിയെങ്കിലും അവൾ അത് കണ്ടിരുന്നു.
“നാളെ ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചുപോകും. ഇനിയെന്നെ കാണാൻ ഉണ്ണിയേട്ടൻ വരരുത്. ഞാൻ വളരെ കുറച്ചു നാളെ ഇവിടെ ഉണ്ടായിരിക്കുള്ളൂ. പോയാൽ പിന്നെ…… നമ്മൾ ഒരിക്കലും ജീവിതത്തിൽ കണ്ടുമുട്ടില്ല.”
പിന്നിൽനിന്നും ശക്തമായി അവളിതു പറയുന്നുണ്ടായിരുന്നു. കൂടുതൽ കേൾക്കാൻ ത്രാണിയില്ലാത്തതാണ് കൊണ്ട് ഞാൻ നടന്നു ബാത്‌റൂമിൽ കയറി, ഷവർ തുറന്ന്, തണുത്ത ടൈലിൽ തലയമർത്തി കുറച്ച്നേരം നിന്നു. കണ്ണുനീർ ഷവറിലെ വെള്ളത്തിൽ ലയിച്ചു കണ്ണെത്താത്ത ഏതോ ലോകത്തേക്ക് യാത്രയായി.
****************
കുളികഴിഞ്ഞിറങ്ങിയ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു, ഇനി അവളെ വേദനിപ്പിക്കില്ല.
നോക്കുമ്പോൾ അരികിലെ കബോഡിന് മുകളിൽ അവളന്ന് എന്നെ എറിഞ്ഞ ‘എൻവിറോൺമെന്റൽ കെമിസ്ട്രി’ ബുക്ക് ഇരിക്കുന്നു. മിനിയാന്നതു കോളേജ് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാൻ അവള് പറഞ്ഞിരുന്നു. ഞാൻ അത് ഉഴപ്പി വൈകിപ്പിച്ചു. എന്തായാലും മാറ്റത്തിന്റെ ആദ്യപടിയായി ഇത് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാം.
ബുക്ക് എടുത്തു, “മീനാക്ഷി ഞാൻ ബുക്ക് കൊടുത്തിട്ടു വരാം” എന്നുപറഞ്ഞു ഇറങ്ങി.
അപ്പോഴത്തെ ദേഷ്യത്തിന് അവൾ തിരിഞ്ഞു നോക്കുകയോ, എന്തെങ്കിലും പറയുകയോ ചെയ്തില്ല.
***************
കുറച്ചു സമയത്തിന് ശേഷം ആണ് അവള് ഓർത്തത് , ‘ലൈബ്രറിയിൽ നല്ല പൊടിയുണ്ട്, ഇൻഹേലർ എടുക്കാതെ പോകരുത്’ എന്ന് അവനോടു മിനിയാന്ന് പറഞ്ഞത്.
അവനു ശ്വാസംമുട്ട് എത്രക്ക് അപകടകരമായ രീതിയിൽ ഉണ്ട് എന്ന് അവൾക്കു വ്യക്തമായി അറിയാമായിരുന്നു, അവളതു നേരിട്ട് കണ്ടിട്ടുള്ളതാണ്, കല്യാണപിറ്റേന്ന് തന്നെ.