‘കരയണ്ട മീനാക്ഷി, ഞാൻ ഇല്ലേ?’ അത് പറയാൻ മാത്രം ഉള്ള ശക്തി എനിക്കുണ്ടായിരുന്നില്ല, മദ്യം വീണ്ടും എന്റെ കണ്ണുകളെ അമർത്തിയടച്ചു.
******************
ശ്ശേ …… വളരെ വളരെ മോശം ആയിപോയി, ഞാൻ ഇനി ജന്മത്ത് കുടിക്കില്ല. ഇന്നലെ എന്തൊരു ബോർ ആണ് ആയതു. ഔ…. ഓർക്കാൻ പോലും പറ്റണില്ല.
ഞാൻ എഴുന്നേറ്റു മച്ചിലേക്കു നോക്കി ആലോചിച്ചു, നല്ല തലവേദന ഉണ്ട്.. ഒരു കട്ടൻ ഇട്ടു കുടിച്ചു. മീനാക്ഷി കുളിക്കായിരിക്കും. അവള് ഇന്നും ലീവ് ആക്കിയോ.
“ആ, എണീറ്റൊ കള്ളുകുടിയൻ”
ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
ഈറൻ മുടി ഒരു സൈഡിലേക്ക് വിരിച്ചിട്ട്, തലചരിച്ചു കൈയുംകെട്ടി അവള് എന്നെ നോക്കിനിന്നു. മുഖത്തു ഗൗരവം ആണ്. ഈറൻ താങ്ങി നിൽക്കുന്ന ആ മുഖത്തു ഒരു ജാലകണമാവാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഞാൻ വെറുതെ കൊതിച്ചു. ഞാൻ ഒരു ഇളിഞ്ഞ ചിരിചിരിച്ചു.
“ ഇളിക്കണ്ട, പടിക്കെട്ടു കയറാൻ പോലും പറ്റാണ്ട് നിലത്തിരുന്നു നെരങ്ങായിരുന്നു ഞാൻ വരുമ്പോ, ഷർട്ടിൽ ചോരയാണെന്നു വച്ച് പേടിച്ചു അഴിച്ചു നോക്കുമ്പോൾ, നിങ്ങളുടെ അച്ഛന്റെ അച്ചാറാണ് അതിലെന്നു പറഞ്ഞു എന്നോട് ചൂടായതു ഓർമ്മയുണ്ടോ?.. എവിടന്നു, ചവിട്ടി പൊന്തിച്ച് അതിന്റെ അടിയിൽ ഛര്‍ദ്ദിച്ചതോ…. ഏയ്….
എന്നെ ഈക്കണ്ട സ്റ്റെപ് മുഴുവൻ താങ്ങിപിടിച്ചു കയറ്റിച്ചതെങ്കിലും ഓർമ്മ ഉണ്ടോ?”
“ചിലതൊക്കെ….”
ഞാൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ അവളുടെ തീപാറുന്ന നോട്ടം കണ്ടു നിശബ്ദതപാലിച്ചു, മൗനം ആണ് വിദ്വാന്ഭൂഷണം.
അവൾ ഇപ്പോൾ മുഴുവനായും ഒരു ഭാര്യയുടെ ശൗര്യത്തിലേക്കു എത്തിയിരുന്നു.
“നിങ്ങളീ താലി കെട്ടിയതു കൊണ്ടല്ലേ എന്നോടിങ്ങനെയൊക്കെ കാണിക്കുന്നത്, എല്ലാം സഹിച്ചു നിൽക്കുമെന്ന് വിചാരിച്ചല്ലേ. അല്ലെങ്കിൽ തന്നെ ഞാൻ ആരോടാ ഈ പറയണത്? എന്നോട് വല്ല സ്നേഹം ഉണ്ടെങ്കിൽ അല്ലെ ഞാൻ പറഞ്ഞാൽ കേൾക്കാ.”
എനിക്കൊന്നും പറയാൻ പറ്റിയില്ല. എന്റെ ഉള്ളിൽ അവളോട് എത്ര ഇഷ്ടമാണെന്നു പറഞ്ഞു മനസ്സിലാക്കേണ്ടത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. എന്തോ അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങി. എൻറെയും. ഞാൻ അവളുടെ ആ പീലികണ്ണുകളിൽ നോക്കിയിരുന്നു. എന്തൊക്കെയോ അവളുടെ മനസ്സിൽ കുഴഞ്ഞു മറയുന്നുണ്ടായിരുന്നു, അതെനിക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവൾ എനിക്ക് നേരെ നോക്കാതെ വലതു വശത്തെ ചുമരിൽ നോക്കി ചോദിച്ചു.