ഫ്ലാറ്റ് എത്തിയതും ഞാൻ നാല് കാലിൽ ചാടിയിറങ്ങി, കാശ് ടോണി കൊടുത്തിരുന്നു, അത് നന്നായി ഇല്ലെങ്ങി ഞാൻ ഫിറ്റാണെന്നു ഓട്ടോക്കാരന് മനസ്സിലായേനെ, എനിക്ക് ശരിക്കും കണ്ണ് പിടിക്കണില്ല. അവൻ ഒന്നും പറയാതെ എടുത്തുപോയി.
ഞാൻ സമയം ആലോചിച്ചു, യാതൊരു എത്തുംപിടിയും കിട്ടണില്ല. ആകാശത്തു പലവർണ്ണത്തിൽ അമിട്ടുകൾ പൊട്ടുന്നുണ്ട്. ആരൊക്കെയോ ഓളിയിടുന്നുണ്ട്.
“എന്തിനാ പടക്കം പൊട്ടിച്ചത്, ഇന്നെന്താ വിഷു ആണോ?”
ഞാൻ അടുത്ത് നിന്നിരുന്ന ഒരു ഇലക്ട്രിക്ക്പോസ്റ്റിനോട് ചോദിച്ചു. ഉത്തരം കിട്ടാതെ ആയപ്പോ അവനു ഇത്തിരി അഹംകാരം കൂടിയിട്ടുണ്ടെന്നു മനസ്സിൽ ആലോചിച്ചു ഞാൻ വീട്ടിലേക്കു നടന്നു.
പടികയറലായിരുന്നു ഏറ്റവും വലിയ ടാസ്ക്. ഞാൻ ഒരു പടി കയറുമ്പോൾ മൂന്ന് പടി താഴോട്ട് ഇറങ്ങും, അതെങ്ങനെ ശരിയാവും, അങ്ങനെയാണെങ്കിൽ ഈ പന്ത്രണ്ട് സ്റ്റെപ് കയറി മുകളിൽ എത്താൻ എത്ര നേരം ഞാൻ എടുക്കും. പി.എസ്.സി പരീക്ഷക്ക് വന്ന ചോദ്യം പോലെ ഞാൻ ഇതും ആലോചിച്ചു അവിടെ താഴെ രണ്ടാമത്തെ പടിയിൽ ചാരിയിരുന്നു .
ഞാൻ ഫോൺ എടുത്തു നോക്കി ഇരുപത്തിയേഴു മിസ്സ്ഡ് കാൾസ് മീനാക്ഷി, ഇവൾക്കെന്താ പ്രാന്തായോ. നോക്കിയിരിക്കലെ വീണ്ടും ‘മീനാക്ഷി കാളിങ്’ കാണിച്ചു. ഞാൻ തപ്പിപിടിഞ്ഞു അതെടുത്തു.
“മീനാക്ഷി….മോളെ… നീ എവിടെ ആയിരുന്നെടീ, ഞാൻ എത്രവട്ടം വിളിച്ചു. ഇരുപത്തേഴുവട്ടം” എന്റെ മനസ്സിൽ അങ്ങനെ ആണ് ഓടിയത്.
അവൾക്കെന്തോ പന്തികേട് തോന്നിയെങ്കിലും പറഞ്ഞു തുടങ്ങി.
“ഉണ്ണിയേട്ടൻ എവിടെയാ, എത്ര നേരം ആയി ഞാൻ വിളിക്കാണ്. എന്നോട് പിണങ്ങിയിരിക്കണോ?” അവൾ കരച്ചിലിന്റെ വക്കത്തായിരുന്നു. ഞാൻ ഒരുപാട് കാത്തിരുന്നു എന്നവൾക്കു തോന്നിക്കാണണം, മേശപ്പുറത്തു രാവിലെതൊട്ടു തയ്യാറാക്കി വച്ചിരുന്ന ഭക്ഷണമെല്ലാം അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും.
“മീനാക്ഷി……മോളെ…. അങ്ങനെ ഒന്നും പറയല്ലെടിയെ. (ഞാൻ വലിയൊരു ശ്വാസം എടുത്തു, കണ്ണൊന്നു തിരുമ്മി പറഞ്ഞുതുടർന്നു.)
ചേട്ടൻ താഴെ ഉണ്ടടി, സ്റ്റെപ് കയറികൊണ്ടിരിക്കാ. ഇപ്പൊ എത്തും, കാൽക്കുലേഷനിൽ ചെറിയ ഒരു ഡൌട്ട് അതാ വൈകണെ.”
ശബ്ദത്തിൽ വ്യത്യാസം കേട്ടപ്പോൾ അവൾക്കു ഉറപ്പായി എന്തോ പ്രശനം ഉണ്ടെന്നു, അവൾ ഫോൺ കട്ട് ചെയ്തു സ്റ്റെപ് ഓടിയിറങ്ങി വരണ ശബ്ദം കേൾക്കാം.
കുടിച്ചത് അവൾക്കു മനസ്സിലാവാതിരിക്കാൻ, ഞാൻ വരുന്ന വഴിക്കു ഒരു തമിഴൻ്റെന്നു അടിച്ചു മാറ്റിയ ചീർപ്പ് പോക്കറ്റിൽ നിന്ന് എടുത്തു മുടി ചീകിയൊതുക്കി, കണ്ടോ ഞാൻ ഫുൾ പ്ലാൻഡ് ആയിരുന്നു. ചീർപ്പ് പോക്കറ്റിൽ ഒളിപ്പിച്ചു ഞാൻ നാച്ചുറൽ ആയി, സ്വഭാവികം ആയി സ്റ്റെയർകേസിൽ ചാരിയിരുന്നു.