“ഉണ്ണിയേട്ടാ എന്താ ഈ ആലോചിച്ചു കിടക്കണെ?”
അവൾ മുന്നിൽ കൈവീശി എന്നെ ചിന്തയിൽ നിന്നുണർത്തി. അവളോട് അതെങ്ങനെ ചോദിക്കാനാണ്, അതുകൊണ്ടു ഞാൻ തിരിച്ചൊരു ചോദ്യം തന്നെ ചോദിച്ചു.
“എങ്ങോട്ടാണ് നീ ഇത്ര രാവിലെത്തന്നെ?”
“ശ്രീ വിളിച്ചിരുന്നു, അവൻ അടുത്തയാഴ്ച്ചവരും, അവനു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫെസ്സർ ആയി ജോലി ശരിയായിട്ടുണ്ട്. ഇവിടെ വന്നു മാര്യേജ് രജിസ്റ്റർ ചെയ്താൽ എനിക്കും വിസക്ക് പ്രശ്നം ഉണ്ടാവില്ലന്ന തോന്നണത്. നമ്മുടെ രജിസ്ട്രറേൻ കാലാവധി അടുത്ത ആഴ്ച തീരല്ലേ? അപ്പൊ ഒപ്പിടാൻ പോവാതിരുന്നാൽ ക്യാൻസൽ ആവില്ലേ? അതിനു ശേഷം അപ്ലിക്കേഷൻ കൊടുക്കാമെന്ന അവൻ പറഞ്ഞെ.”
തിരക്കിട്ടു ഒരുങ്ങുന്നതിനിടയിൽ എന്നെ നോക്കാതെ ഇത്രയും പറഞ്ഞു, അവൾ എന്റെ നേരെ തിരിഞ്ഞു.
എന്റെ തല കറങ്ങുക ആയിരുന്നു. തലക്ക് ആരോ കല്ലുപൊട്ടിക്കുന്ന കൂടം കൊണ്ട് അടിച്ചപോലെ ഞാൻ പകച്ചിരുന്നു. കരയണോ, ചിരിക്കണോ എന്നെനിക്കു പിടികിട്ടുന്നില്ല. എഴുന്നേൽക്കണ്ടായിരുന്നു, മിണ്ടാതെ കിടന്ന മതിയായിരുന്നു, ഇനി കിടന്നാലോ, ഏയ് നടക്കില്ല, അവൾക്കു എനെറെ മുഖം കണ്ടാൽ എല്ലാം പിടികിട്ടും.
ഇതെന്നെങ്കിലും ഉണ്ടാവുമെന്നെനിക്കു അറിയാമായിരുന്നു, എങ്കിലും അതിനെ എങ്ങനെ നേരിടുമെന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നില്ല. ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവൾക്കു എന്റെ മുഖം മാറിയത് കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന വ്യഥ മനസ്സിലായിട്ടാണെന്നു തോന്നുന്നു, വന്നെനിക്കു താഴെയിരുന്നു, സോഫയിൽ താടിവച്ച് എന്റെ മുഖത്തേക്ക് കുട്ടികളെപ്പോലെ നോക്കിയിരുന്നു.
“പോകാൻ എനിക്കും വിഷമം ഉണ്ട്, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചതു, സന്തോഷിച്ചത് ഉണ്ണിയേട്ടന്റെ ഒപ്പം ഉണ്ടായ ദിവസങ്ങളാ. മരിച്ചാലും അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ജീവിതാവസാനം വരെ അതൊക്കെ ആലോചിച്ചിരിക്കും.” അവൾ ഒരു കണ്ണിൽ ഒഴുകിവന്ന കണ്ണ്നീര് തുടച്ചു.
“പക്ഷെ അവൻ വന്നു വിളിക്കുമ്പോ എനിക്ക് പോകാതിരിക്കാൻ പറ്റോ? അത് വിശ്വാസ വഞ്ചനയല്ലെ?”
അവളുടെ മൂക്കിൽ നിന്ന് അത് പറഞ്ഞു തീർന്നപ്പോഴേക്കും രക്തം ചാലുകീറി ഒഴുകിതുടങ്ങി. അതിൽ നിന്നും അവൾ വല്ലാത്ത പ്രഷറിൽ കൂടിയാണ് കടന്നു പോകുന്നതെന്ന്, എനിക്ക് മനസ്സിലായി.
അവളുടെ മൂക്കിൽ നിന്നൂർന്നു വന്ന രക്തം, തള്ളവിരലിൽ തുടച്ചെടുത്ത്, ഞാൻ ആ സന്ദർഭം ലഘൂകരിക്കാൻ, ദയനീയമായി ഒരു താമശപറയാൻ ശ്രമിച്ചു.