നിർബന്ധിച്ചു ഞാൻ അവളെ കട്ടിലിൽ കിടത്തും, രാവിലെ ഉണർന്നു നോക്കുമ്പോൾ, എന്റെ പുതപ്പിനുള്ളിൽ സോഫയിലെ പരിമിതമായ സ്ഥലത്തു ഒതുങ്ങി കൂടി ഒരു പൂച്ചയെപ്പോലെ അവൾ ഉറങ്ങുന്നുണ്ടാവും, അപ്പോൾ എനിക്കവളെൻ്റെ കുഞ്ഞു മോളാണെന്നു തോന്നും.
എന്റെ മനോമണ്ഡലം ആ നിഷ്കളങ്കമായ മുഖത്തിനു ചുറ്റും വലംവച്ച്കൊണ്ടിരുന്നു.
മുഖത്തൊരു കാറ്റടിച്ചാൽ, നല്ല ഒരു പാട്ടുകേട്ടാൽ, അറിയാതൊരു പൊടിമഴ എനിക്കുമേലെ തൂവിയാൽ എനിക്കവളെ ഓർമ്മവരും, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണും.
അവൾക്കും എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം, പക്ഷെ എന്തോ അവളാ പ്രണയത്തെ കൂട്ടുപിടിച്ചു എന്നിൽ നിന്ന് അകലാൻ ശ്രമിച്ചുകൊണ്ടിരുന്നു.
മീനാക്ഷിയുടെ കാമുകൻ, ഞാൻ ആയിരുന്നെങ്കിലോ.
എന്റെ ഹൃദയത്തിൽ അവളോട് ഇക്കണ്ട സ്നേഹം കുത്തിനിറക്കുന്ന ദൈവത്തിനു, അവനവിടെയൊരു മദാമ്മയോട് ഇഷ്ടം തോന്നിപ്പിക്കാൻ നിഷ്പ്രയാസം കഴിയില്ലേ.
എന്റെ ക്രൂരമായ മനസ് അനുനിമിഷം അവർ പിരിയാൻ ആഗ്രഹിച്ചു.
പ്രണയം നിഗൂഢമാണ്, അതിൻറെ ചിന്തകളോ അതിലേറെ നിഗൂഢം.
****************
അവളുടെ കരിഞ്ഞ കുക്കർ കേക്ക് തിന്നണ്ടി വന്ന ക്രിസ്തുമസ് രാത്രിയും കടന്നു ദിനങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകൾ പോലെ പാഞ്ഞു.
അങ്ങനെ പുതു വർഷത്തിന്റെ തലേന്ന് പകൽ പൊട്ടി വിരിഞ്ഞു.
ഞാൻ എഴുന്നേറ്റതും കണ്ടത് അവളെ ആയിരുന്നു, കാതിൽ ജിമിക്കിയണിഞ്ഞു കൊണ്ട് അവൾ ഓടിനടന്ന് എന്തൊക്കെയോ ചെയുന്നു. ഇന്ന് സാധാരണയിൽ വിപരീതമായി നേരത്തെ എണീറ്റു കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകാൻ തയ്യാറാവുകയാണ്. കൈയിൽ ചുവപ്പു എംബ്രോയിഡറി പട്ട വച്ച, ക്രീംകളർ പട്ടുതുണി കുർത്തയാണ് അണിഞ്ഞിരിക്കുന്നതു, പാട്ടുപാവാടയ്‌ക്കൊപ്പം ഇടുന്ന പോലെ എങ്കിലും ഇറക്കം കൂടുതൽ ഉണ്ട്, താഴെ അവിടവിടെ പിന്നിയ ബ്ലൂ ആംഗിൾ ലെങ്ത് ജീൻസ് ആണ്. കോളജിലേക്ക് ആയിരിക്കില്ല, അവിടേക്കു അവൾ സാരി ഉടുത്തേ പോയികണ്ടിട്ടുളളൂ. എന്തായാലും സിനിമ നടിമാർക്കു പോലും എന്റെ മീനാക്ഷിക്കൊത്തു ഭംഗി ഇല്ല, അതെനിക്കൊറപ്പാ. ഞാൻ സോഫയിൽ കൈമുട്ടു കുത്തി തല അതിൽ താങ്ങിനിർത്തി അവളെ നോക്കി.
സാമുദ്രിക ലക്ഷണപ്രകാരം ഇവൾ ശംഖിനിയോ, പത്മിനിയോ, എന്റെ തലയിൽ അപ്പോൾ അതാണ് കടന്നു പോയത്. രാത്രികളിൽ ശംഖിനിയും, പകലവൾ പത്മിനിയുമാകുമോ, ഇത്തരത്തിൽ സ്ത്രീ ശരീരങ്ങളോട് കാലത്തിനനുസരിച്ചു നമുക്ക് വ്യത്യസ്തഭാവങ്ങൾ തോന്നുന്നതെന്താണ്.