“നല്ല പനിയായിരുന്നു അതാ രാവിലെ വരാൻ പറ്റാഞ്ഞത്”
ആ വാക്കുകൾ അവളുടെ ഉള്ളിൽ എവിടെയൊക്കെയോ കൊളുത്തി വലിച്ചെന്നു തോന്നുന്നു, അവളുടെ പതിഞ്ഞ തേങ്ങൽ കുറച്ചുകൂടി ഉച്ചത്തിലായി.
“എനിക്കൊരു അബദ്ധം പറ്റിയതാണ് എന്നോട് ക്ഷമിക്കില്ലേ മീനാക്ഷി”
അവൾ ഒന്നും മിണ്ടിയില്ല കരഞ്ഞുകൊണ്ട് തന്നെ, എന്നെ അണച്ച്പിടിച്ചു കട്ടിലിൽ കൊണ്ടു കിടത്തി, ഒരാൾക്ക് കഷ്ടിച്ച് കിടക്കാവുന്ന വലിപ്പമേ അതിനുണ്ടായിരുന്നുള്ളു.
അവൾ മുറിയിൽ ആകെ കരഞ്ഞുകൊണ്ട് ഓടിനടക്കുന്നുണ്ട്, എന്തൊക്കെയോ കീറി, എന്റെ തലയിൽ തുണി നനച്ചിട്ടു.
“ഞാൻ പൊക്കോളാം, ഞാൻ ഇത് തരാൻ വന്നതാ.”
ഞാൻ അപ്പോഴും കൈയിൽ വിടാതെ പിടിച്ചിരുന്ന ഏത്തക്ക അപ്പത്തിന്റെ പൊതി അവൾക്കു നീട്ടി, അവൾ കരച്ചിൽ കലർന്ന ഒരു ദേഷ്യത്തിൽ അത് വാങ്ങി മേശയിൽ വച്ചു.
എഴുന്നേൽക്കാൻ നോക്കിയ എന്നെ അവൾ, അതിനു സമ്മതിക്കാതെ, പുതപ്പുകൊണ്ട് മൂടി അണച്ച് കിടത്തി , ഞാൻ ഇടയ്‌ക്കൊന്നും എഴുന്നേറ്റു പോകാതിരിക്കാൻ അത്ര ശക്തിയിൽ അവളെന്നോട് ചേർന്നിരുന്നു, നെഞ്ചിൽ തലവച്ച് എന്റെ ഹൃദയതാളം ശ്രദ്ധിച്ചു അവൾ കിടന്നു.
“ ഇതുവരെ എന്നെ ആരും ഇങ്ങനെ ഒന്നും സ്നേഹിച്ചിട്ടില്ല, അതോണ്ട് ഏതോ ഒരു നിമിഷത്തിൽ എനിക്കൊരു പൊട്ടബുദ്ധി തോന്നിപോയതാ, ഒരു ഇഷ്ടം തോന്നിപോയതാ. എന്നോട് ദേഷ്യം തോന്നല്ലേ”
അവൾ ഒന്നും മിണ്ടാതെ ഇതെല്ലം കേട്ട്കിടന്നു, എന്റെ നെഞ്ചിൽ കണ്ണീരു പടർന്നൊഴുകുന്നണ്ടായിരുന്നു.
ഞാൻ പിച്ചുംപേയും പറയുന്ന അവസ്ഥയിലേക്ക് കടന്നിരുന്നു എന്തൊക്കെയാണ് പറയുന്നതെന്ന മുഴുവനായി ബോധം എനിക്കുണ്ടായിരുന്നില്ല.
“മീനാക്ഷി എനിക്കൊരു ആഗ്രഹം ഉണ്ട്, സാധിച്ചെരോ.”
നീണ്ട നിശബ്ദതയും അവളുടെ തേങ്ങലും എനിക്ക് സമ്മതംമൂളി, അല്ലെങ്കിലും എന്താണ് പറയുന്നതെന്ന ബോധം എനിക്ക് അപ്പോഴേക്കും പോയിരുന്നു.
“ ആ താലി….. അതവിടെ കിടന്നോട്ടെ…. അവൻ വരുന്നതിന്ന് തലേന്ന് വരെയെങ്കിലും….”
അവൾ എഴുന്നേറ്റു എന്നെ ഒന്ന് നോക്കി,
എന്റെ ബോധമണ്ഡലവും, അബോധമണ്ഡലവും ഒന്നായി എന്നവൾക് മനസ്സ്സിലായി. മറയുന്ന കാഴ്ച്ചയിൽ ഞാൻ അത് പറഞ്ഞു മുഴുവിക്കാൻ കിണഞ്ഞു ശ്രമിച്ചു.
“ഈ അരവിന്ദൻ ജീവിതത്തിൽ ആകെ ആഗ്രഹിച്ചു കെട്ടിയ താലിയ അത്…. ആദ്യം ആയിട്ടും……. അവസാനം ആയിട്ടും……. ഇനി അങ്ങനൊന്നും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. മരണം വരെ എനിക്കോർക്കാൻ, അതീ കുറച്ചു ദിവസങ്ങൾ അവിടെ കിടക്കട്ടെ….. കിടക്കട്ടെ….”