************************
എങ്ങനെയൊക്കെയോ പൊത്തിപിടിച്ചു കയറി, മുകളിന്നു താഴേക്ക് നോക്കുമ്പോ തലകറങ്ങുന്നുണ്ട്. കുറച്ചു നേരം ജാലകത്തിനു മുൻപിൽ നിന്നു, തുറന്നില്ല, ആരും തുറന്നില്ല, അല്ലെങ്കി ശബ്ദം കേട്ടാൽ അപ്പൊ തന്നെ തുറക്കുന്നതാണ്. വേണ്ടായിരുന്നു ഒന്നും. മീനാക്ഷി ന്ന് പറഞ്ഞു രണ്ടു വട്ടം മുട്ടി വിളിച്ചിട്ടും, തുറന്നില്ല, ഞാൻ തളർന്നു സൺഷേഡിൽ ഇരുന്നു.
“എന്തിനാ വന്നിരിക്കണെ, ഇനിം കെട്ടിപിടിക്കാനോ ഉമ്മ വെക്കനോ ആണോ?”
എനിക്ക് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല.
“ഉണ്ണിയേട്ടന് അറിയാവുന്നതല്ലേ എല്ലാം, ഞാൻ വേറൊരാളെ മനസ്സികൊണ്ട് നടക്കണ പെണ്ണാണെന്ന്, ശ്രീ പോലും എന്നോട് ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ല”
ഞാൻ ഒരു നെടുവീപ്പിട്ടു, പുറകിലെ ചുവരിലേക്കു ചാരി, തലക്കുമുകളിൽ ജനലിനോട് ചേർന്ന് കേൾക്കുന്ന അവളുടെ ശബ്ദവും കേട്ടിരുന്നു .
“ഈ താലിയുടെ ബലത്തിൽ ആണോ എന്നോടിങ്ങനെ ചെയ്തേ, പൊട്ടിച്ചു തന്നുവിടട്ടെ ഇപ്പൊ തന്നെ ഞാൻ ഇത് കൈയിൽ”
എന്റെ നെഞ്ചിൽ ഒരു വിങ്ങൽ കടന്നു വന്നു.
“എനിക്കൊരു തെറ്റ് പറ്റിപ്പോയി. പെട്ടന്ന് പൊട്ടബുദ്ധിക്ക് എന്തൊക്കെയോ മനസ്സിൽ തോന്നിപോയി, ഇനി ഒരിക്കലും ഉണ്ടാവില്ല. എന്നോട് ക്ഷമിക്ക് നീ.” എന്റെ ശബ്ദത്തിൽ എന്റെ ജീവിതത്തിൽ ഇതുവരെ തിങ്ങി നിറഞ്ഞ മുഴുവൻ നിരാശയും കലർന്നിരുന്നു.
ഞാൻ വെറുതെ ഇരുട്ടിലേക്കും നോക്കിയിരുന്നു, കണ്ണിൽ അൽപ്പം നനവ് തോന്നുന്നുണ്ടായിരുന്നു.
“തമാശക്ക് ഓരോന്ന് പറയുവെങ്കിലും, എനിക്ക് ഉണ്ണിയേട്ടനെ എൻ്റെ ഭർത്താവായൊന്നും കഴിയില്ല, അങ്ങനെ വിചാരിക്കേം വേണ്ട. ഈ നശിച്ച മാസം കഴിഞ്ഞ നമ്മൾ ഇനി ഒരിക്കലും ജീവിതത്തിൽ കാണാനും പോണില്ല. പോകുന്നതിനു മുന്ന് ഈ താലിയും ഞാൻ ഊരി കയ്യിൽ തരും.” അവൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ ഇടറുന്ന സ്വരത്തിൽ ഇത് പറഞ്ഞവസാനിപ്പിച്ചു.
അവളുടെ ഓരോ വാക്കിലും മനസ്സിൽ വല്ലാത്തൊരു വേദന തോന്നുന്നുണ്ടായിരുന്നു, അർഹത ഇല്ലാത്തതെന്തോ ആശിച്ചു പോയത് പോലെ. ഞാൻ അനങ്ങാൻപോലും പറ്റാതെ, ആ നിശാകാറ്റും ഏറ്റ്, സൺഷേഡിയിൽ ഇരുന്നു, താരകങ്ങൾ എൻ്റെ അവസ്ഥ കണ്ടു സമാധാനിപ്പിക്കാൻ പോലും വരികളില്ലാതെ കണ്ണുംചിമ്മി നിന്നു.
മുകളിൽ ജനൽ തുറക്കപെട്ടു, എഴുന്നേൽക്കാനോ, അവളെ ഒന്ന് തലയുയർത്തി നോക്കനോ പോലും ശക്തി ഇല്ലാതെ ഞാൻ അവിടെ തന്നെ ഇരുന്നു.