ഹോസ്റ്റൽഗേറ്റിനു അരികിലെ ഏറെ പ്രയാസപ്പെട്ട്, മങ്ങിയും അണഞ്ഞും തെളിഞ്ഞും കത്തിക്കൊണ്ടിരിക്കുന്ന സോഡിയം വേപ്പർലാമ്പിനടിയിൽ വച്ച് അവൾ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. അലോസരപ്പെടുത്തിക്കൊണ്ടു, ഉപദ്രവിക്കാൻ മാത്രമായി പെയ്തുകൊണ്ടിരിക്കുന്ന ആ മഴയും നനഞ്ഞു, പാന്റിന്റെ പോക്കറ്റിൽ കൈകളുംതിരുകി നേരിയവഴുക്കലുള്ള മതിലുംചാരി ഞാൻ നിന്നു, അകന്നു പോകുന്ന അവളുടെ നിഴലുകൾക്കുപോലും എന്ത് അനഘസൗന്ദര്യമാണ്.
പെട്ടന്ന് ആ നിഴൽ എനിക്കടുത്തേക്കു വീണ്ടും ഓടിയടുത്തു, ഞാൻ അവളുടെ വിടർന്ന പീലികണ്ണുകളിൽ നോക്കി, തല വേപ്പർലാമ്പിന്റെ മിന്നിമറയുന്ന ആ ചൂടുപിടിപ്പിക്കുന്ന മഞ്ഞലൈറ്റിൽ ഒരു സൈഡ് ലേക്ക് ചരിച്ചു അവൾ ചോദിച്ചു,
: ഉണ്ണിയേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിൽ ഭാവങ്ങൾ വ്യക്തമാകാൻ, അവൾ വളരെ അടുത്താണ് മുഖം പിടിച്ചിരിക്കുന്നത്, നനഞ്ഞ ആ മുഖവും, കൂമ്പിയടഞ്ഞ ആലസ്യം തിങ്ങിനിൽക്കുന്ന കണ്ണുകളും, തുടുത്ത ചാമ്പങ്ങാ കണക്കെ നേർത്ത ചുണ്ടുകളും, ഞാൻ അവളുടെ കഴുത്തിന് പിറകിലേക്ക് കൈ കടത്തി ചേർത്ത് അവളുടെ അഗാധമായ നയനങ്ങളിലേക്കു മിഴികളാഴ്ത്തി, അവളുടെ മുടിയിഴകൾക്കടിയിലെ നേർത്ത കഴുത്തിൽ ഞാൻ വിരലോടിച്ചു, അവളുടെ കണ്ണുകളിൽ ഞാൻ ഇന്നുവരെ കാണാത്ത വശ്യത, സ്വബോധത്തെ അനുരാഗം കീഴടക്കി. ഇടറിയ ആ മഞ്ഞവെളിച്ചത്തിൽ, മഴയുടെ ശബ്ദത്തിൽ, വിറയ്ക്കുന്ന ചുണ്ടുകളോടെ അവളെ ഞാൻ ആദ്യമായി ചുംബിച്ചു, അവൾക്കെന്തു മധുരമാണ്, എന്റെ തലയ്ക്കു പിന്നിൽ, മുടിയിഴകളിലൂടെ അവളുടെ നേർത്ത വിരലുകൾ ഒഴുകിയിറങ്ങി, മങ്ങിയ വെളിച്ചത്തിൽ മതിലിനോട് കുറച്ചുകൂടി ചേർന്ന് അമർന്നു നിന്ന അവളുടെ വിടർന്നകീഴ്ച്ചുണ്ടിൽ ഒരുക്കൽ കൂടി ഞാൻ കൊതിയോടെ ചുംബിച്ചു. അവളിൽനിന്നു എതിർപ്പിന്റെ കൊള്ളിയാൻ വെട്ടംപോലും ഞങ്ങൾക്കിടയിലേക്കു കടന്നു വന്നില്ല, മഴവെള്ളമെന്നോണം അവളതിൽ ലയിച്ചുനിന്നു .
“ഠപ്പേ ….” തെറ്റില്ല , വിചാരിച്ചതു തന്നെയാണ് കിട്ടിയത്
പെട്ടന്നെപ്പഴോ അവളിലുണർന്ന ബോധത്തിൻറെ ലാവെളിച്ചത്തിൽ ആ കൈകളെൻറെ മുഖത്തു പതിച്ചു, അവളെന്നെ തള്ളിമാറ്റി തിടുക്കത്തിൽ നടന്നകന്നു. സ്വബോധം നഷ്ടപെട്ട ഞാൻ ആ ദ്രവിച്ച സിമെന്റ് മതിലിൽ നെറ്റിമുട്ടിച്ച് പതിയെ ഇടിച്ചു കൊണ്ടിരുന്നു, സുഖമുള്ളൊരു വേദന നെഞ്ചിൽ പടർന്നു, ഇനിയിവളെ മറക്കുക എന്നതു ചിന്തിക്കാൻപോലും, എന്നെകൊണ്ടെങ്ങനെ സാധിക്കാനാണ്?!!..
അത്രമേൽ ഞാൻ അവളിലെ ആഴങ്ങളിലേക്ക് വീണു കഴിഞ്ഞു.