മീനാക്ഷി കല്യാണം 4 [നരഭോജി]

Posted by

അവിടന്ന് മെട്രോയിലേക്കു നടക്കുന്നദൂരം  മുഴുവൻ അവൾ സംസാരിച്ചു കൊണ്ടിരുന്നു, പുതിയ കോളേജ്, കുട്ടികൾ, അവിടെ കിട്ടിയ നല്ല ഒരുകൂട്ടം  സുഹൃത്തുക്കൾ, കുമുദം, ക്ലാസ്സിൽ ഉണ്ടായ തമാശകൾ, അധ്യാപക വിദ്യാർത്ഥി ഭേദമന്യേ അവിടെ അവൾക്കു വന്ന പ്രണയാഭ്യർത്ഥനകൾ. ഒരു നൂറുകഥകൾ.

അവൾ ഒരുപാട് മാറിയിരിക്കുന്നു. അന്ന് ഞാൻ ആദ്യം ആയി കാണാൻ വന്ന പെണ്ണേ അല്ല, നല്ല ചുറുചുറുക്കും, സന്തോഷവും. അതിനു ഞാൻ ആണ് കാരണം എന്ന് തോന്നുമ്പോൾ, എനിക്ക് അളവില്ലാത്ത സന്തോഷം മനസ്സിൽ നുരഞ്ഞുപൊങ്ങി. ഞാൻ ആ കഥകളൊക്കെ കേട്ട്, സംശയങ്ങളും ചോദിച്ചു പോക്കറ്റിൽ കയ്യും തിരുകി അവൾക്കൊപ്പം നടന്നു, അവൾക്കു വന്ന പ്രണയലേഖനങ്ങളുടെ എണ്ണം കേട്ടപ്പോൾ എനിക്ക് ചെറിയൊരു കുശുമ്പ് ഇല്ലാതില്ലാതില്ലതില്ല, അതിൽ പകുതിയും തമിഴിൽ ആയിരുന്നു എന്നത് എനിക്ക് സമാധാനം ആണ്. ഇനി കുമുദം വായിച്ചു കൊടുത്തിരിക്കുമോ, യേയ് ഒരിക്കലും ഇല്ല.

നടന്നു ഞങ്ങൾ കൊയംമേട് മെട്രോസ്റ്റേഷനിൽ മെട്രോ പിടിച്ച് അംജിക്കാര, അണ്ണാനഗർ വഴി ഗോപാലപുരത്തേക്കു തിരിച്ചു. വാതോരാതെ കഥകൾ പറഞ്ഞുകൊണ്ടിരുന്ന മീനാക്ഷി എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണു, എന്റെ തോൾചാരി മെട്രോ ട്രെയിനിൽ അവളിരിക്കുമ്പോൾ, എനിക്ക് ഞാൻ ഈ ഒരു നിമിഷത്തിനു വേണ്ടി മാത്രമാണ് ജീവിച്ചിരുന്നത് എന്ന് തോന്നിപോയി, എന്തോ ലോകം കീഴടക്കിയപോലെ ഞാൻ അവളെ കൈകളാൽ എന്റെ തോളിൽ ചേർത്ത് വച്ച് ഇരുള് മൂടിയ ചെന്നൈ നഗരത്തോട് നിശബ്ദമായി നന്ദിപറഞ്ഞു.

എഗ്മോർ ജംക്ഷനിൽ ഇറങ്ങി ഓട്ടോയിൽ കോളജിലേക്കു പോകുമ്പോഴും അവൾ ഉറക്കത്തിൽ നിന്ന് എണീറ്റ ആ ഒരു ആലസ്യത്തോടെ കഥകൾ തുടർന്നു, എന്തുകൊണ്ടോ ഉറക്കം കുഴച്ച പെണ്ണിന്റെ പാതിയടഞ്ഞ തവിട്ടു ശർക്കര കണ്ണുകളും, ആലസ്യം വിട്ടു മാറാത്ത സ്വരവും, വിരിയാൻ കാത്ത് നിൽക്കുന്ന നിശാഗന്ധിപ്പൂവൊത്ത മുഖവും. എനിക്കെന്തോ അവളെ ചുംബിക്കണം എന്ന മോഹം ഉള്ളിലുണർന്നു. ഞാൻ പോലും അറിയാതെ കയറിവന്ന ആ ചിന്തയെ മറികടക്കാൻ ഞാൻ കഷ്ടപ്പെട്ട് ശ്രമിച്ചു കൊണ്ടിരുന്നു, എങ്ങിനെയൊക്കെയോ കടിച്ചുപിടിച്ചു നിന്നു, ഇടതടവില്ലാതെ വിശേഷംപറച്ചിലിനിടയിൽ, വിടർന്നടയുന്ന ആ പവിഴമല്ലി അധരങ്ങൾക്കടുത്തു അടുത്ത് വിറയ്ക്കുന്ന ചുണ്ടുകളുമായി ഞാനിരുന്നു.

ഓട്ടോ ഗോപാലപുരത്തേക്കുള്ള അവസാന തെരുവുംകടന്നപ്പോൾ, എവിടെനിന്നോ ഓടിയണച്ചെത്തിയ മഴ അധികം ശക്തിയില്ലാതെ പെയ്തു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *