“ഭാര്യ കാത്തിരിക്കില്ലേ, വിളിച്ച് പറഞ്ഞോ വൈകുമെന്ന്, എന്താ ഡ്രൈവറെ കൂടാതെ ഒറ്റക്ക് യാത്ര തിരിച്ചത്? മുതലാളിക്ക് കുറെ ഡ്രൈവര്‍മാര്‍ ഒക്കെ കാണുമല്ലോ വിളിപ്പുറത്ത്” അവള്‍ തുരു തുരെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു.
“കല്യാണം ആയില്ല, അമ്മയും അച്ഛനുമാണ് കാത്തിരിക്കാനുള്ളത്. ഞാന്‍ സാധാരണ സന്ധ്യക്ക് ശേഷമേ വീട്ടില്‍ എത്താറുള്ളു, കുറച്ച് കഴിഞ്ഞ് വീട്ടില്‍ വിളിച്ച് പറയണം, വൈകുമെന്ന്.”
“എന്താ കല്യാണം കഴിക്കാത്തത്, ഒരു മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കട്ടാണല്ലോ കാണുമ്പോള്‍?”
“കാമിനിയെ വേണ്ട സമയത്ത് കാണാന്‍ സാധിച്ചില്ലല്ലോ, അതാണ് ഇതുവരെ കല്യാണം കഴിക്കാതിരുന്നത്,” റിസ്ക്ക് ആണെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു മറുപടി അവന്‍ കൊടുത്തു.
പൊടുന്നനെ അവള്‍ ഓഫ് ലൈന്‍ ആയി.
അല്‍പ്പ നേരം കൂടി മറുപടി കാത്തിരുന്ന ശേഷം അവന്‍ യാത്ര പുനരാരംഭിച്ചു, കലമിട്ടുടച്ചോ ദൈവമേ, എന്നാലോചിച്ചുകൊണ്ട്. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് അടിവാരം ദൂരെ കാണാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വണ്ടി സൈഡാക്കി അവന്‍ ഫോണെടുത്ത് നോക്കി. ഹാവൂ, കാമിനിയുടെ ഒരു ഹായ് വന്നിട്ടുണ്ട്, കക്ഷി വീണ്ടും ഓണ്‍ലൈന്‍ എത്തിയിട്ടുണ്ട്. “ഞാന്‍ ഇഷ്ട്ടപ്പെടാത്തത് വല്ലതും പറഞ്ഞോ, എന്താണ് പെട്ടന്ന് യാത്ര പറയാന്‍ പോലും നിക്കാതെ പോയത്?” അവന്‍ ചോദിച്ചു.
“പെട്ടന്നങ്ങിനെ വായിച്ചപ്പോള്‍ ഞാന്‍ വല്ലാതെയായി, അതാണ് പോയത്. ഇപ്പൊ ഞാന്‍ വീട്ടിലെത്തി, ഇന്ന് നേരത്തെ പോന്നു, വരുന്നതിനിടെ ആലോചിച്ചപ്പോള്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് തോന്നി” അവള്‍ മറുപടി അയച്ചു. “ആട്ടെ ഇപ്പൊ എവിടെ എത്തി, മഞ്ഞൊക്കെ മാറിയോ?”
“ചാറ്റല്‍ മഴയുണ്ട് പക്ഷെ ഒന്നരമണിക്കൂര്‍ കൊണ്ട് വീടെത്തുമെന്നു തോന്നുന്നു. നോക്കു കാമിനി ഞാന്‍ ഉദ്ദേശിച്ചത്, ഇഷ്ട്ടപ്പെട്ട പെണ്കുട്ടിയെ ഇത് വരെ കാണാത്തത് കൊണ്ട് വിവാഹം നീണ്ടു എന്നാണ്.” ഉടനെത്തന്നെ അവന്‍ വീണ്ടും എഴുതി, “തന്നെ പോലൊരു സാധനത്തിനെയാണ് എനിക്ക് വേണ്ടത്.”
“ഈ ബസ്സ് മിസ്സായി മോനെ, പ്രായവും ഏറി. വേറെ വല്ലതും ഇതേ ലൈനില്‍ ഉണ്ടോ എന്ന് നമുക്ക് തിരയാം” അവള്‍ മറുപടി അയച്ചു.
“നമുക്ക് മെസേജ് നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കാമോ, എന്നാല്‍ എനിക്ക് ഡ്രൈവും ചെയ്യാം സംസാരിക്കുകയും ആവാം,” അവന്‍ ചോദിച്ചു.
“വേണ്ട കുട്ടി, ഞാനൊന്ന് കംഫര്‍ട്ടബിള്‍ ആവുന്ന വരെ നമുക്ക് ചാറ്റ് മതി. ഇപ്പൊ ഞാന്‍ എന്തായാലും പോട്ടെ പണിയുണ്ട്, അമ്മയെ അടുക്കളയില്‍ സഹായിക്കണം. അരുണ്‍ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് വേഗം വീടെത്തു, ബൈ.”
“താങ്ക്സ് ഫോര്‍ ദി കണെക്റ്റ് കാമിനി, നമുക്കിത് തുടര്‍ന്നു കൂടെ? ബൈ ഫോര്‍ നവ്.” അവന്‍ ഡ്രൈവിംഗ് തുടര്‍ന്നു.
(തുടരും)