ഞാൻ പൊട്ടൻ ആട്ടം കാണുമ്പോലെ അവർ പറയുന്നതും കേട്ട് എന്താ മറുപടി പറയേണ്ടത് എന്നറിയാതെ കട്ടിലിൽ ഇരിക്കുകയാണ്
“..ഒരു കാര്യം ഞാൻ പറഞ്ഞേക്കാം രണ്ടുമിനിയീ കുട്ടിക്കളി ഒക്കെ നിർത്തിക്കൊ…”ജാനിയമ്മ പറഞ്ഞു നിർത്തിയതും ‘അമ്മ പറഞ്ഞു തുടങ്ങി
“..അഭീ എടാ ശ്രീയെ നമുക്കങ്ങു കെട്ടിച്ചു വിട്ടാലോ..എപ്പോഴും നിന്നെ നോക്കി ഇങ്ങനെ ഇരുന്നാൽ ശെരിയവില്ലലോ!! എന്താ നിന്റെ അഭിപ്രായം?”
എനിക്കാകെ ഒരു ഷോക്ക് അടിച്ച അവസ്ഥ..നെഞ്ച് പടപടാ ഇടിക്കുന്നു..ശ്രീയെ നോക്കിയപ്പോൾ അവൾക്കും എന്റെ അതേ അവസ്ഥയാണ്…മുഖമാകെ ഇരുണ്ടു പെണ്ണിന്റെ..എനിക്കുമെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ
ഒരു ദയനീയ അവസ്ഥയിൽ ഞാൻ ജാനിയമ്മയെ നോക്കിയപ്പോ അത് കാണാത്ത മട്ടിൽ ജാനിയമ്മ പറഞ്ഞു..
“..അവനതിൽ സന്തോഷമേ കാണൂ സന്ധ്യേ…ശ്രീയേക്കാൾ അവനായിരിക്കും കൂടുതൽ സന്തോഷം!!”
ഇവരെന്തൊക്കെയാ ഈ പറയണേ ഇവർക്കറിയില്ലേ ശ്രീയെ എനിക്കിഷ്ടമാണെന്നുള്ള കാര്യം!! എനിക്കാകെ വട്ടു കയറി..
“..അമ്മേ അത് ഇങ്ങനൊക്കെ ഇപ്പൊ…”ഞാൻ പറഞ്ഞു തുടങ്ങിയതും
“..ഞങ്ങളിന്ന് പോയ വഴിക്ക് ശ്രീമോളുടെ ജാതകം ആ കണിയാരെക്കൊണ്ട് നോക്കിയിരുന്നു..അവൾക്ക് ചേരുന്നൊരു പയ്യന്റെ ജാതകം കിട്ടുവേം ചെയ്തു….
…….ശ്രീമോൾക്ക് പരിചയമുള്ളൊരു പയ്യനാണെടാ..” അമ്മ പറഞ്ഞു
അത്രയും കെട്ടപ്പോഴേക്കും ശ്രീയുടെ കണ്ണു നിറഞ്ഞൊഴുകുന്ന പരുവമായി..എന്റെ ചങ്ക് പൊട്ടിപോകുമോ എന്നുവരെ തോന്നിപ്പോയി..ബെഡിൽ നിന്നും ഞാൻ ഞൊണ്ടി എഴുന്നേറ്റു
“…പയ്യന്റെ പേര് അഭിനവ്..അച്ഛന്റെ പേര് രാജീവ്..അമ്മ ദാ ഈ നിക്കുന്നവൾ..”അമ്മയെ ചൂണ്ടി ജാനിയമ്മ അത് പറഞ്ഞപ്പോഴേക്കും ശ്രീ കരഞ്ഞു പോയിരുന്നു
അതെന്റെ തല പ്രോസസ്സ് ചെയ്തെടുക്കാൻ ഒരു നിമിഷം വേണ്ടി വന്നു..
ശ്രീ കരഞ്ഞുകൊണ്ട് ഓടി വന്നെന്നെ കെട്ടിപിടിച്ചു….മുഖമെന്റെ നെഞ്ചിലമർത്തി കിടന്നവൾ കരഞ്ഞു പക്ഷെ സന്തോഷം കൊണ്ടായിരുന്നു എന്ന് മാത്രം!!
അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..അല്ല നിറഞ്ഞൊഴുകിയിരുന്നു..ഇത്രയേറെ സന്തോഷം അറിഞ്ഞ ദിവസം വേറെ ഇല്ലെന്ന് ഞാൻ മനസ്സിലാക്കിയ ദിവസം..
“..എന്തിനാ തള്ളേ നിങ്ങളീ പെണ്ണിനെ ഇങ്ങനെ കരയിക്കണേ..??” ഒരേ സമയം കരഞ്ഞും ചരിച്ചും ഞാൻ ജാനിയമ്മയോട് ചോദിച്ചതും
“ടാ ടാ..അടികിട്ടുവെ..” എന്നെ പ്രസവിച്ച അമ്മ ശകാരിച്ചു
പക്ഷെ ജാനിയമ്മ കണ്ണുകൾ തുടച്ചുകൊണ്ട് ചിരിക്കുകയാണ് ചെയ്തത്…
“..എന്റെ പൊന്ന് തള്ളേ നിങ്ങളുമൊന്നും പറയണ്ട ഞാൻ ചത്തില്ലെന്നെ ഒള്ളു…”ശ്രീയുടെ മുടിയിൽ തഴുകിക്കൊണ്ട് അമ്മയോടും പറഞ്ഞപ്പോഴേക്ക് ജാനിയമ്മ ഉറക്കെ ചിരിച്ചുപോയി!!