അങ്ങനെ മീനാക്ഷി കൊണ്ട് വന്ന കുഴപ്പങ്ങൾക്ക് എല്ലാം ഒരു അവസാനം ആയി. ഇനി സമാധാനമായി കിടന്നു ഉറങ്ങണം.
വീട്ടിലെത്തിയതും കട്ടിലിലേക്ക് കമന്ന് വീണു, ഷീറ്റിനും തലയിണക്കും, അവളുടെ മണം, രാത്രിയിൽ പാരിജാതം പൂത്തമണം. എഴുന്നേറ്റു സോഫയിൽ പോയികിടന്നു. രണ്ടു ദിവസത്തെ ഉറക്കം കണ്ണിനെ ബലമായി പിടിച്ചു അടച്ചു. കുഴപ്പങ്ങളില്ലാത്ത നാളെയിലേക്കു ഞാൻ ഉറക്കത്തിന്റെ തേരിലേറി യാത്രയായി.
ഒന്നും അവിടെ തീർന്നില്ല, അതൊരു തുടക്കം മാത്രമായിരുന്നു, അഴിച്ചാലും അഴിച്ചാലും വീണ്ടും മുറുകി വരുന്ന, അഴകുള്ള ഒരായിരം കുഴപ്പങ്ങളുടെ തുടക്കം…
********************************
മീനാക്ഷി പോയി ഒരാഴ്ചക്ക് ശേഷം….
കണ്ണ് തുറന്നപ്പോൾ മുറി തലകുത്തി നിൽപ്പുണ്ട്.ഒന്നുകൂടി കണ്ണ്തിരുമി നോക്കിയപ്പോ കാര്യം മനസിലായി മുറിയല്ല ഞാനാണ് തലകുത്തി നിൽക്കുന്നതു. രാത്രിയെപ്പോഴോ സോഫയിൽ നിന്ന് ഇഴുകി വീണ്, തലയും ഇടതുതോളും നിലത്തുകുത്തിനിൽപ്പാണ്. അത് മുഴുവനായി മനസ്സിലാക്കി വന്നപ്പോഴേക്കും വഴുക്കി, മുതുകടിച്ചു നിലത്തുവീണു. തല ഒരു സൈഡിലേക്കു തിരിക്കാൻ പറ്റണില്ല, പെടലി ആയി. മുതുകടിച്ചു വീണ വേദനയുമുണ്ട്. ഞാൻ അവിടെ തന്നെ ഇരുന്നൊന്നു ഞെരങ്ങി. ഇന്നലെ അടിച്ച കൂത്താട റമ്മിന്റെ വാട ഇപ്പോഴും വായിൽ നിൽപ്പുണ്ട്. സമയം നോക്കി ഉച്ചക്ക് 2 മണി. നല്ല ദാഹം എഴുന്നേറ്റു ഒരു വായ വെള്ളം കുടിച്ചിറക്കി, ആസിഡ് ഇറങ്ങും പോലെ അതിറങ്ങിപ്പോയി, പക്ഷെ വയറ്റിലെത്തിയപ്പോൾ എന്തൊരു സുഖം. റം അടിച്ച് ഫിറ്റ്ആയി കെടന്നൊറങ്ങി, എണീക്കുമ്പോ, വരണ്ടതൊണ്ടയിൽ ഒരു കവിള് വെള്ളം കുടിക്കണം, ആഹാ സ്വർഗം.
ഞാൻ ഹാളിനു നടുക്ക് ഇട്ടിരുന്ന മരമേശയിൽ കൈകുത്തി തല അതിൽ ചാരി ആലോചിച്ചു. എനിക്ക് എന്താണ് പറ്റിയത്. ഞാൻ എന്താണ് ഇങ്ങനെ. മീനാക്ഷി വന്നുപോയതിൽ അധികം നാൾ ആയിട്ടില്ല, ഞാൻ എണ്ണിനോക്കി ഒരെത്തും പിടിയും ഇല്ല, മാസങ്ങൾ എത്രയോ ഈ ദിവസങ്ങളിൽ കഴിഞ്ഞു പോയതുപോലെ തോന്നുന്നു. അതിനു ശേഷം ശരിക്കൊന്നു ഉറങ്ങിയത് ഓർമ്മയില്ല. ദിവസങ്ങൾക്കു ദൈര്‍ഘ്യം കൂടിക്കൂടി വന്നു. ഒന്നും ചെയ്യാൻ മനസ്സ് വരുന്നില്ല. സ്റ്റുഡിയോയിൽ പോയിട്ട് ഒരുപാടു നാളായി. കൈയിൽ കാശൊക്കെ തീർന്നു തൊടങ്ങി, അവിടെ പോയിരുന്നെങ്കി ശമ്പളം കിട്ടിയേനെ. ഇനിയും ഈ അവസ്ഥ തുടർന്നാൽ അടുത്ത ആഴ്ച ജോലിയും പോകും, മുഴുപ്പട്ടിണിയും ആവും. ഈ ആഴ്ച ഒരു ഇന്റർവ്യൂ എങ്കിലും ചെയ്യണം, ഫോണിൽ മിസ്സ്ഡ് കാൾസ് കുമിഞ്ഞു കൂടുന്നുണ്ട്. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.