സാധാരണമായ എല്ലാവഴികളും നശിക്കുമ്പോൾ നമ്മളെല്ലാം സാഹസികരായി മാറും, എട്ടടിയോളം ഉയരം വരുന്ന പാറക്കല്ലിൽ കെട്ടിപ്പൊക്കിയ ആ ആജാനുബാഹു ആയ മതിൽ ഞാൻ ചാടാൻ തീരുമാനിച്ചു. ഇരുള് വീണ ഒരു മറവിൽ മതിലിൽ തള്ളി നിന്നിരുന്ന പാറക്കല്ലുകളിൽ ചവിട്ടി ഞാൻ ബദ്ധപ്പെട്ട് കയറി. മാനത്തു അമ്പിളിമാത്രം എന്റെ ഈ കസർത്തു കണ്ടു ചിരിച്ചുനിന്നു. അപ്പുറത്തേക്ക് എത്ര താഴ്ചയുണ്ടെന്നു അറിയില്ല താഴെ ഇരുട്ട് കെട്ടി കിടക്കുകയാണ്. ഒന്നും നോക്കിയില്ല ചാടി. ഇപ്പുറത്തു മതിലിനു ഉയരം കുറവായതു കൊണ്ട്, ചത്തില്ല.
അന്ന് കണ്ട ഓര്മവച്ച് ഇരുളിന്റെ മറപറ്റി കെട്ടിടങ്ങളുടെ അങ്ങേ അറ്റത്തുള്ള കുമുദത്തിന്റെ റൂമിലേക്ക് നടന്നു. ഓരോ റൂമിലും അർദ്ധവസ്ത്രധാരികൾ ആയ തരുണി മണികൾ അഴിഞ്ഞാടുന്നുണ്ട്, പലതരത്തിലും പലസൈസ് ലും ഉള്ളവ എല്ലാം ഒന്നിനൊന്നു മെച്ചം. ഞാൻ അറിയാതെ വായതുറന്നുപോയി. പരദൂഷണങ്ങളും, പാട്ടുകളും, പെൺകിളികളുടെ കിളികൊഞ്ചലുകളും, കടന്നു ഞാൻ നടന്നു, മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ഇതെല്ലാം അല്പംനേരം കണ്ട് ആസ്വദിച്ചുനില്കാമായിരുന്നു. ആരും കാണുന്നില്ലന്നു ഉറപ്പുവരുത്തി വരാന്തയിലേക്ക് കടന്നു കുമുദത്തിനെ മുറിയുടെ വാതിലിൽ തട്ടി. രണ്ടാമത് തട്ടുന്നതിനു മുന്നേ വാതിൽ തുറക്കപ്പെട്ടു.
: സാർ, നീങ്കളാ. എപ്പടി വന്ധിങ്കെ ഇന്ത നേരത്തിലെ. (പെണ്ണിനു ഞാൻ ഇവടെ വന്ന കഥയാണ് അറിയേണ്ടത് ആദ്യം തന്നെ, പിന്നെ ഞാൻ ഈ പാതിരാത്രി, ഒരു മൂഞ്ചിയ എട്ടടിമതിലുംചാടി അവളെ കാണാൻ വന്ന കോളേജുക്കുമാരനല്ലേ കഥ പറഞ്ഞിരിക്കാൻ.)
അപ്പോൾ കൂടുതൽ തുറക്കപ്പെട്ട വാതിലിൽ കൂടി തലകുമ്പിട്ടു ഉള്ളിൽ ഇരിക്കുന്ന മീനാക്ഷിയെ കണ്ടു, അവൾക്കു ഞാനാന്ന് മനസ്സിലായെങ്കിലും തലയുയർത്തി നോക്കിയില്ല.
ഹാവു, എനിക്ക് ഒരു ഇരട്ടപെറ്റപോലെ ആശ്വാസം തോന്നി.
: അമ്മാവേ പാക്ക വന്തിങ്കളാ, സരി ഇങ്കെ നിക്കാതെ, ഉള്ളവാങ്കെ (അവൾ അകത്തേക്ക് ക്ഷണിച്ചു)
ഞാൻ ഒന്നും പറഞ്ഞില്ല, അവളെ നോക്കി ഒരു ആശ്വാസചിരി ചിരിച്ചു തിരിച്ചു നടന്നു. എങ്ങനെയൊക്കെയോ മതിലിൽ വീണ്ടും വലിഞ്ഞു കയറി, അപ്പുറത്തേക്ക് ചാടി. ചാടികഴിഞ്ഞാണ് ഇപ്പുറത്തെ ഉയരമല്ല അപ്പുറത്തേക്കെന്നു ഓർത്തത്. കാരണവന്മാരുടെ പുണ്യംകൊണ്ട് കാലു ഉളിക്കി എന്നല്ലാതെ, ഇത്തവണയും ചത്തില്ല.
ഉളുക്കിയ കാലും ഞൊണ്ടി സമാധാനത്തോടെ വീട്ടിലേക്കു നടന്നു.