: വേറെ എന്ത് പറഞ്ഞ അവരെ ഒന്ന് നിർത്ത നീ തന്നെ പറ, ഇതല്ലാതെ മറ്റെന്തു ചെയ്തിരുന്നെങ്കിലും നിന്നെ അവരിവിടന്നു വലിച്ചിഴച്ചു കൊണ്ട് പോയേനെ, അടുത്ത മുഹൂർത്തത്തിൽ ആരുടേലും തലേല് വച്ച് കെട്ടിയേനെ, എനിക്ക് വല്ലതും ചോദിക്കാൻ പറ്റോ?, എതിർക്കാൻ പറ്റോ?, നീ തന്നെ പറ.
മീനാക്ഷി ആലോചനയിലേക്കു വീണു.
: എന്നാലും ഈ താലി…. അവൾ അതിൽ പിടിച്ചു നിന്നു.
: അത് വെറും ഒരു മഞ്ഞ ഒരു ചരടല്ലേ, എപ്പോ വേണമെങ്കിലും പൊട്ടിച്ചു കളയാം, ശ്രീറാമിനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം. (നിറഞ്ഞ ഒരു മൗനത്തിനു ശേഷം ഞാൻ തുടർന്നു)
അമ്മക്ക് നീ ന്നു പറഞ്ഞ ജീവൻ ആയിരുന്നു, എന്റെ ഓർമയിൽ ഇപ്പോഴും അമ്മയെ ഓർത്തു ആ തറയിൽ കിടന്നു കരയുന്ന ഒരു നീ ഉണ്ട്. ആ നിനക്ക് വേണ്ടി ഞാൻ മരിക്കും.
ഞാൻ പറഞ്ഞതിൽ അവൾക് താങ്ങാവുന്നതിലും അപ്പുറം ഉള്ള എന്തൊക്കെയോ ഉണ്ടായിരുന്നു, കൂടുതൽ ഏങ്ങൽ അടിച്ചു തേങ്ങികൊണ്ട് അവൾ ബാഗും എടുത്തു ഇറങ്ങി, നടന്നു നീങ്ങുന്ന അവളുടെ തല, കരച്ചിലിന്റെ ആന്ദോളനത്തിനൊത്തു ദോലനം ചെയ്യുന്നുണ്ടായിരുന്നു. മുടിഴകൾ എനിക്ക് നേരെ അവയുടെ കൈകൾ നീട്ടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ, ഒരു യാത്രപോലും പറയാതെ അവൾ നടന്നകന്നു. തൊടിയിലെ ആഞ്ഞിലിയെന്നോണം നിശ്ചലമായി അതും നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
പറയാതെ എവിടെ നിന്നോ ഒരുദിവസം കയറി വന്ന അവൾ, പറയാതെ തന്നെ തിരിച്ചു പോയി, ഞാൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്, അവളെ കയറ്റിയ ഓട്ടോറിക്ഷ, കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കിനിന്നു.
********************************
നേരം ഒരുപാടായി, പുറമെ ഇരുള് കയറും തോറും എന്റെ ഉള്ളിൽ ആധിയും കയറിക്കയറി വന്നു. ഈ നേരം കേട്ട നേരത്തു ആ പെണ്ണ് എവിടെയാവും പോയിട്ടുണ്ടാവുക, ഹോസ്റ്റലിൽ എത്തിയിരിക്കുമോ. ഫ്ലാറ്റ് പൂട്ടി ഞാൻ വേഗം ഗണേശപുറത്തേക്കു പുറപ്പെട്ടു. യാതൊരു ലെക്കും ലഗാനും ഇല്ലാത്ത വാച്ച്മാനോട് ചോദിച്ചപ്പോൾ,
“തെരിയാത് സാർ” എന്നല്ലാതെ മറ്റൊരുത്തരവും കിട്ടിയില്ല. കുമുദത്തെയെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ചോദിക്കാമായിരുന്നു….