പിന്നെ കാര്യങ്ങൾ ശടപടേന്നായി, എല്ലാവരും ഒരുങ്ങി ഇറങ്ങി അജു താഴെ വണ്ടിയുടെ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്നുണ്ട്, മീനാക്ഷിയും മറ്റു വാനരപ്പടയും അവന്റെ മാരക തള്ളുംകേട്ട് സഹിച്ചു അതുംനോക്കി നിൽപ്പുണ്ട്. ഇതും നോക്കി സ്റ്റെപ്പിന്റെ ഏറ്റവും മുകളിലത്തെ പടിയിൽ നിന്നിരുന്ന എന്റെ കൈയിൽ അഭി വന്നുപിടിച്ചു.
: ഇന്നലെ പറഞ്ഞതൊന്നും ഫിറ്റിന്റെ പുറത്തല്ല. ശരിക്കും മനസ്സിൽ തട്ടി തന്നെ പറഞ്ഞതാണ്. നീ ആലോചിക്ക്, എന്നിട്ട് വാ, ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കും. (അവന്റെ കണ്ണിൽ വീണ്ടും ഇന്നലെ രാത്രി കണ്ട കാർമേഘം ഉരുണ്ടു കയറി പെയ്യാൻ കാത്ത് നിന്നു. അത് പെയ്തൊടുങ്ങതു തടയാൻ, അവൻ തിരിഞ്ഞു നോക്കാതെ സ്റ്റെപ് ഇറങ്ങി നടന്നു. അജു ബോണറ്റ് അടച്ചു വണ്ടിയിൽ കയറി, ജോൺ അത് സ്റ്റാർട്ട് ചെയ്തു, ഉറക്കത്തിലായിരുന്ന കാർ, തപ്പി പിടഞ്ഞു എഴുന്നേറ്റു ഒന്നു മുരണ്ട്, കോട്ടുവായിട്ടു മുന്നോട്ടു നീങ്ങി, അഭി ഒരിക്കൽ കൂടി എന്നെ നോക്കി. കാർ ലോകത്തിനെ അങ്ങേ മൂലയിൽ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.
അതുവരെ സന്തോഷത്തിൽ നിന്നിരുന്ന മീനാക്ഷി ദേഷ്യത്തിൽ ചവിട്ടിതുള്ളി മുകളിലേക്ക് കയറിപ്പോയി.
ദേഷ്യം മാറിയിട്ടില്ല. ഞാൻ മുകളിൽ കയറിചെന്നപ്പോൾ അവളുടെ മുഖം തുലാവര്ഷ രാത്രികൾ എന്നപോലെ ഇരുണ്ടു കൂടിയിട്ടുണ്ട്. അവളുടെ ട്രാവൽ ബാഗിൽ, അവിടവിടെ ചിതറികിടക്കുന്ന വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നുണ്ട്, ഇടയിൽ എന്റെ ഒരു ബനിയനും കയറിപ്പോയി അവളതു ദേഷ്യത്തിൽ തിരിച്ചെടുത്തു കട്ടിലിന്റെ ഒരു കോണിലേക്കു വലിച്ചെറിഞ്ഞു അടുക്കിപെറുക്കൽ തുടർന്നു.
: മീനാക്ഷി (ഞാൻ വിളിച്ചത് അവളുടെ ദേഷ്യത്തെ ഇരട്ടിപ്പിച്ചേ ഉള്ളു, മടക്കി വയ്ക്കൽ നിർത്തി ഡ്രെസ്സുകൾ കുത്തി കയറ്റി തുടങ്ങി)
: എനിക്ക് അപ്പോ അവരുടെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ മറ്റൊരു വഴിയും തോന്നിയില്ല. പറ്റിപ്പോയി.
: മറ്റൊരു വഴിയും കണ്ടില്ലെങ്ങി കല്യാണം കഴിക്കലാണോ ഒരുവഴി, ഞാൻ ശ്രീയോട് ഇനി എന്ത് പറയും. (അവള് നിരാശാഭവത്തിൽ പറഞ്ഞു നിർത്തി, ശരിയാണ് എന്നെപോലെ അലസനായ ഒരാളെ കല്യാണം കഴിക്കാൻ ഞാൻ പോലും ഒന്നാലോചിച്ചിട്ട് വേണ്ടെന്നേ പറയു)