അഴിഞ്ഞു വീണ മുടിയിഴകളും, വിടർന്ന കണ്ണുകളും, മിന്നിമറയുന്ന അഴകൊത്ത നുണക്കുഴിയും…. ‘മീനാക്ഷി’, അവൾ വായുവിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു ഓർഗാനിക് കെമിസ്റ്ററി പഠിപ്പിക്കുന്നു, എന്തൊരു അഭൗമലാവണ്യം. എൻറെ മനസ്സിൽ ഇന്നലെ രാത്രി മിന്നിമറഞ്ഞു, ഒരോ നിമിഷങ്ങളും, അവൾക്കൊപ്പം ഉള്ള ഓരോ സെക്കന്റുകളും, ഞാൻ ആ നിമിഷം മാത്രമാണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നി പോകുന്നു.
ഞാൻ തിരിഞ്ഞുനടന്നു, വരാന്തകൾ പിന്നിട്ടു, കോളേജ് കുട്ടികൾ നിറഞ്ഞൊഴുകുന്ന കല്ലുവിരിച്ച നടവഴിയിലേക്കു കടന്നു. തലങ്ങു വിലങ്ങും ഓടുന്ന കോളേജ് കുട്ടികൾക്കിടയിൽ, തലകുമ്പിട്ടു ഒരു പൊട്ടനെപോലെ ചിരിച്ചു കൊണ്ട് ഞാൻ നടന്നു.
മറ്റൊരാളെ പ്രണയിക്കുന്ന പെൺകുട്ടി, സ്വപ്നത്തിൽപോലും എന്നെ പ്രണയിച്ചിരിക്കാൻ സാധ്യതയില്ലാത്ത പെൺകുട്ടി, അവളെ പ്രണയിച്ചാൽ ഞാൻ നാളെ കരയേണ്ടി വന്നേക്കാം, വിരഹത്തിന്റെ നീറുന്ന വേദന സഹിക്കേണ്ടി വന്നേക്കാം, പക്ഷെ അപ്പോൾ ആ നിമിഷം അതൊന്നും എനിക്കൊന്നുമൊരു വിഷയമേ ആയിരുന്നില്ല….!!
‘അവളുടെ വിടർന്ന കണ്ണുകൾ, ആ നിഷ്കളങ്കമായ ചിരി, ആ കുഞ്ഞുകുഞ്ഞുനുണക്കുഴികൾ, അവൾ മാത്രം…. എന്റെ മാത്രം…..’
ഞാൻ ചിരിച്ചുകൊണ്ടേയിരുന്നു, കത്തുന്ന വെയിലിലും, എന്നെ കടന്നുപോയ വരണ്ട പൊടിക്കാറ്റിലും, പ്രാന്ത്പിടിച്ചു നെട്ടോട്ടമോടുന്ന ആയിരക്കണക്കിന് ജനങ്ങൾക്കിടയിലും ഞാൻ നിറുത്താതെ ചിരിച്ചു കൊണ്ടേയിരുന്നു….
“ശരിയാണ് പ്രണയത്തിനു കാര്യകാരണങ്ങളൊന്നും തന്നെയില്ല, അത് അതിന്റെതായ സമയത്തു താനെ സംഭവിക്കും ….”
“ഇറ്റ് ജസ്റ്റ് ഹാപ്പെൻസ്…………”
****************************************