**********************************
വീട്ടിൽ ചെന്ന് അല്പനേരം കിടന്നുറങ്ങി, വേഗം തന്നെ ചാടിയെഴുന്നേറ്റ് ഓട്ടം തുടങ്ങി. ഉച്ചക്ക് ഇന്റർവ്യൂ ഉണ്ട്, ഫെമിനിസ്റ്റ് ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന, സ്ത്രീകൾക്ക് പുരുഷൻമാർക്കു സമമായി ജീവിക്കാൻ അവകാശമുണ്ടെന്ന പരസ്യമായവാദം മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന ഒരു നടിയുമായാണ് അഭിമുഖം. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന സിനിമ മേഖലയിൽ അങ്ങനെ സംസാരിക്കുക എന്ന് പറയുന്നത് കൂടി വിപ്ലവമാണ്.
എമ്മ വാട്സൺ, നിക്കോൾ കിഡ്മാന് ആയി നടത്തിയ ഇന്റർവ്യൂവും, അരുന്ധതി റോയുടെ ചില ഇന്റർവ്യൂകളും റഫർ ചെയ്തു നോറ്റ്‌സ് എടുത്തു. ഇത്തരം ആളുകളോട് സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് നാളെ ഒരു തലവേദനയായി വരാം. അപ്പോൾ നമ്മളും തയ്യാറായിരിക്കണം. ബാക്കിയെല്ലാം സൗഹൃദപരമായ സംഭാഷണത്തിൽ ഒതുക്കാം. എന്ത് പറയണം എന്ന് അധികം ആലോചിച്ചില്ലെങ്കിലും, എന്തൊക്കെ പറയരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും, തേങ്ങയരച്ച് ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച അവിയലും, നല്ല പുളിമാങ്ങ ഇട്ടരച്ച ചമ്മന്തിയും കൂട്ടി വാട്ടിയ വാഴയിലയിൽ പൊട്ടിച്ചൊറ് കെട്ടി, ഞാൻ ആലോചിച്ചു, ഈയൊരു കാര്യത്തിൽ ഞാനൊരു കലാകാരൻ തന്നെ. ആകെ ഒരു സന്തോഷം, എല്ലാത്തിനും ഉത്സാഹം.എനിക്ക് ഇങ്ങനെയും ജീവിക്കാൻ കഴിയുമെന്ന് ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു.
നടക്കുന്ന വഴികളിലും, അടിക്കുന്ന വെയിലിലും അവൾ മാത്രം, അവളെ കുറിച്ചുള്ള വിചാരം മാത്രം. ഓടുന്ന ബസ്സിലെ വിൻഡോസീറ്റിൽ പകൽക്കിനാവും കണ്ടു ഞാനിരുന്നു.
**********************************
സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തിരുന്നു പരീക്ഷാപേപ്പർ നോക്കുന്ന മീനാക്ഷി. എന്തോ ശബ്‌ദം കേട്ട് തലയുയർത്തി.
“ശ്……ശ്……” (വീണ്ടും അതെ ശബ്‌ദം)
ഈശ്വരാ പാമ്പാണോ, അവൾ ചുറ്റും പരതിനോക്കി.
ജനലിനുള്ളിലൂടെ തലകടത്തി ഞാൻ പതുക്കെ പറഞ്ഞു.
: പേടിക്കണ്ട മീനാക്ഷി, പാമ്പല്ല…. ഞാനാ. (ഞാൻ ഇളിച്ചു കാണിച്ചു)
മീനാക്ഷി വേഗം ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി, എന്നെ ജനലിനു മറവിൽ ഒളിപ്പിച്ചു.തല കൈയടക്കം പുറത്തിട്ട്, ജനൽപടിയിൽ കൈമുട്ടുകുത്തി അവൾ എന്നെ നോക്കികിടന്നു, അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ, തോരണം ചാർത്തി. ഞാൻ നിൽക്കുന്ന ഭാഗം ഇടുങ്ങിയ ഒരു ആരുമുപയോഗിക്കാത്ത ഇടനാഴിയാണ്, അവിടവിടെ ചപ്പുചവറുകൾ കൂടി കിടപ്പുണ്ട്, സ്റ്റാഫ്റൂമിനോടടുത്ത ഭാഗം ആയതു കൊണ്ട് പിള്ളേരെയും കാണാൻ ഇല്ല.