വറുത്ത അരിപ്പൊടിയിൽ തേങ്ങചേർത്ത്, ജീരകവും, ചതച്ച ചുവന്നുള്ളിയുമിട്ട്, നാളികേരവെള്ളമൊഴിച്ചു ഞെരടികുഴച്ചു. ഓട്ടകുത്തിയ കണ്ണൻചിരട്ടയിൽ, നാളികേരം മുകളിലിട്ടു, പുട്ടുനിറച്ച്, കുക്കറിൽ നിന്നും ആവികയറ്റി വേകിച്ചെടുത്തു.
നല്ല കുത്തുപൊടി മുളകും, മസാലയും ഇട്ടു ഉള്ളിമൂപ്പിച്ചു കടലക്കറിയും വച്ചു, മണം കേട്ട് എനിക്ക് തന്നെ കൊതിയാവുന്നു.
വട്ടിയ വാഴയിലയിൽ ഇതൊക്കെ ശ്രദ്ധിച്ചു പൊതിഞ്ഞെടുത്തു, ഞാൻ പടിക്കെട്ടുകൾ ഇടവിട്ട ചിലതിൽ മാത്രം ചവിട്ടി ചാടിയിറങ്ങി. എന്റെ തിടുക്കം കണ്ടു മിനിമോൾ, അവളുടെ ഫ്രണ്ട്ഗ്രിൽ പല്ലുകൾ കാട്ടി ചിരിച്ചു.
എങ്ങനെ എത്തിയെന്നും, എപ്പോൾ എത്തിയെന്നും ചോദിച്ചാൽ എനിക്കറിയില്ല, ഞാൻ ആ ആജാനുബാഹു മതിലിനു മുന്നിൽ എത്തിനിന്നു. കയറിക്കഴിഞ്ഞിട്ടാണ് പുട്ടിന്റെ കാര്യം ഓർമ്മ വന്നത്, ഇറങ്ങിപോയി അതെടുത്തു, വീണ്ടും വലിഞ്ഞു കയറി, ആരോടും പരാതിയില്ല യാതൊരുവിധ തളർച്ചയും ഇല്ല.
മതിലിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കിയത് അവളുടെ വിടർന്ന കണ്ണുകളിലേക്കായിരുന്നു. ഈ മരം കോച്ചുന്ന തണുപ്പത്ത്, ഈക്കണ്ട വഴിയുംതാണ്ടി, ഇതിലൊക്കെ അള്ളിപ്പിടിച്ചുകയറി ഞാൻ വരുമെന്ന്, സ്വപ്നജീവികല്ലാത്ത ആരെങ്കിലും വിശ്വസിക്കുമോ?!! അത്ഭുതമെന്തെന്നാൽ ഞാൻ ഇതൊക്കെ കടന്നിവിടെ വന്നു, അവൾ ഈ നിലാവിൽ എന്നെ കാത്തിരിക്കുകയും ചെയ്തു. ഞങ്ങളുടെ ലോകം ഏതോ പഴംപാട്ടിൽ ഇണചേർത്തെഴുതിയ വരികളായിരുന്നോ?!!
ഞാൻ വന്നപ്പോൾ തൊട്ട്കാണിച്ചു കൂട്ടുന്നതെല്ലാം കണ്ടു ഒരു ചെറിയചിരിയാ മുഖത്തുണ്ട്. ഞാൻ ബദ്ധപ്പെട്ടു കയറുന്നതു അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു.
ഒരു മരകഷണത്താൽ മാത്രം വേർതിരിക്കപ്പെട്ട, ജാലകത്തിന്റെ ഒരുഭാഗത്തു അവളും മറ്റതിൽ ഞാനും, കാലുകൾ പുറത്തേക്കിട്ടു ആരോ കടിച്ചുബാക്കി വച്ചിരിക്കുന്ന ചന്ദ്രക്കലയും നോക്കിയിരുന്നു. താളത്തിൽ ഇളകിയാടുന്ന അവളുടെ കാലുകൾ നിലാവിൽ ചിത്രംവരച്ചു.
അവളി ലോകത്തൊന്നും അല്ലായിരുന്നു, ചൂട് പുട്ടിൽ, എരിവുള്ള കടലക്കറിയും കൂട്ടി ഇടയ്ക്കു തുരുതുരെ ഏരു വിളിച്ചു അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു. പാവം വായിക്കു രുചിയായി ഭക്ഷണം കഴിച്ചിട്ട് എത്രനാളായി, എവിടെ ചെന്ന്, എന്തൊക്കെ കഴിച്ചാലും, മലയാളിക്ക് മനസ്സ് നിറയാ, മ്മ്ടെ നടൻഭക്ഷണം കഴിക്കുമ്പോൾ തന്നെയാണ്. ഞങ്ങളുടെ കൈകൾ തമ്മിൽ ഒരു വിരൽ ദൂരം മാത്രമേ അകലം ഉണ്ടായിരുന്നുള്ളു, അതൊന്നെത്തിപിടിക്കാൻ, അതെന്തൊരു ദൂരം ആണ്, അതിലും എളുപ്പത്തിൽ നമുക്ക് സഹാറമരുഭൂമി തലങ്ങനെ മുറിച്ചുകടക്കാം.