അവളുടെ വിരിഞ്ഞ കണ്ണുകളിൽ കുറുമ്പിൽ പൊതിഞ്ഞൊരു ദേഷ്യം കണ്ടപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്കു മടങ്ങിവന്നതു.
അവൾ കൈ രണ്ടും ചേർത്ത്കെട്ടി, താഴെ ക്ലാസ്സിൽ വൈകിവന്ന കുട്ടിയെന്നോണം മിഴിച്ചു നിൽക്കുന്ന എന്നെ എന്നെ ഒരു കുസൃതിനോട്ടം നോക്കി നിൽപ്പാണ്.ആ കുഞ്ഞു നുണക്കുഴിക്കെന്തു ചേലാണ്.
പാരവശ്യം പുറത്തു കാണിക്കാതെ ഞാൻ കൈയിലെ പൊതിയവൾക്കു നീട്ടി. അവളതു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. വേഗം തട്ടിപറിച്ചു വാങ്ങി, നെഞ്ചിൽ ചേർത്ത് പിടിച്ചു. കടൽത്തിരകൾ പോലെ കനത്ത മുടിയിഴകൾ എന്നെ തഴുകി കടന്നു പോയി. ആ പരിലാളനയിൽ ഞാൻ അല്പൻനേരം കോരിത്തരിച്ചു നിന്നുപോയി.
: നിക്കറിയാരുന്നു ഇന്ന് ഇതും കൊണ്ട് ഉണ്ണിയേട്ടൻ ഒറപ്പായിട്ടും വരൂന്ന്, കുമുദം പറഞ്ഞു കണ്ടൂന്ന്.
(ഞാൻ ഈ പാതിരാത്രി ഉണ്ണിയപ്പവും കൊണ്ട് ഇത്രേടംവരെ റിസ്ക് എടുത്ത് വരുമെന്ന് കൊച്ചു കുട്ടികൾ പോലും വിശ്വസിക്കില്ല, അവളിതും കാത്തിരിക്കായിരുന്നോ?!!)
: അത്… ഞാൻ…ഉണ്ണിയപ്പം ഉണ്ടാക്കിയപ്പം, നീ ഇതൊക്കെ കഴിച്ചിട്ട് കുറച്ച് നാളായിണ്ടാവില്ലേ, കുറച്ച് നിനക്ക് കൊണ്ടതരാം വച്ചു. അല്ലാതെ ഹ ഹ, കുമുദം പറഞ്ഞതോണ്ടൊന്നും അല്ല, വെറുതെ ഇരുന്നപ്പോ അങ്ങട് ഇണ്ടാക്കാൻ തോന്നി.ഒരോരോ വട്ടുകള് ഹ ഹ. (ആദ്യം ഒന്ന് പതറിയെങ്കിലും ഞാൻ പറഞ്ഞവസാനിപ്പിച്ചു)
ഉണ്ണിയപ്പം എന്നുകേട്ടതോടെ പെണ്ണിന് തിരക്കായി, പൊതിയഴിച്ചു നിലാവിൽ ഉണ്ണിയപ്പം കണ്ട അവളുടെ കണ്ണ് പുഷ്യരാഗം പോലെ തിളങ്ങി. ഒരെണ്ണം എടുത്ത് നെയ്യിൽ കലർന്ന അതിന്റെ മണം ആസ്വദിച്ചു നിർവൃതിയോടെ അവൾ കഴിച്ചു അതിൻറെ രുചിയിൽ മുഴുകി നിന്നു.
: നിക്കറിയ, എനിക്ക് വേണ്ടിമാത്രം ഇണ്ടാക്കിയതാന്ന്, ഇനി കള്ളം പറഞ്ഞുകൂട്ടണ്ട. (അവൾ ഉണ്ണിയപ്പത്തിൽ മുഴുകി കണ്ണുപോലും തുറക്കാതെ പറഞ്ഞു)
ഞാൻ ഉണ്ണിയപ്പത്തിൽ ലയിച്ചു നിൽക്കുന്ന അവളുടെ ദേവാങ്കനമാർ തോൽക്കുന്ന അംഗലാവണ്യവും, ഭാവങ്ങൾ മിന്നിമറയുന്ന വദനാരവിന്ദവും നോക്കി മയങ്ങി നിന്നു. ഇതിനു വേണ്ടി മാത്രമാണ് ഞാൻ ഇതെല്ലം ചെയ്തത്. ഈമുഖമൊന്നു പ്രകാശിച്ചു കാണാൻ വേണ്ടിമാത്രം.
അവളതു ആസ്വദിച്ചു കഴിക്കുമ്പോൾ ആ കരിനീല തടാകങ്ങൾ പോലുള്ള കണ്ണുകൾ നിറഞ്ഞു വന്നു. മുഖം കൂടുതൽ വിടർന്നുവന്നു. ഇത്രയും സൗന്ദര്യം തൊട്ടടുത്ത് കണ്ട ഞാൻ, ജനലരികിൽ പുറത്തേക്കു തള്ളിനിൽക്കുന്ന കാൽപ്പാളികളിൽ ഒന്നിൽ കൈതാങ്ങി, തലതോളിൽ ചായ്ച്ചുവച്ച്, അതും ആസ്വദിച്ചു നിന്നു. ഇടയ്ക്കെപ്പോഴോ തുറന്ന മീനാക്ഷിയുടെ ഈറൻമിഴികൾ, എന്റെ കണ്ണുകളിൽ ഉടക്കി.