(അവൾ തിടുക്കത്തിൽ എനിക്കൊരു താക്കീതും തന്നു ചെയ്തിരുന്ന ഏതോ പണി മുഴുവനാക്കാൻ തിരിച്ചോടി, ഈ പെണ്ണ് റബ്ബറുപാലാണോ കുടിക്കണത്)
അവൾ പറഞ്ഞ കാര്യം എന്റെ തലക്കുള്ളിൽ കിടന്നു വിങ്ങി. മീനാക്ഷി വന്നന്നു മുതൽ ആരോടും ശരിക്കൊന്നു സംസാരിച്ചിട്ടില്ല, റൂമിൽത്തന്നെ ഒതുങ്ങിക്കൂടും, ഭക്ഷണം ഇഷ്ടം ആവാതെ ആവും, ശരിക്കു കഴിക്കാറില്ല, അത് പോട്ടെ, ശരിക്കൊന്നു ഉറങ്ങാറ്പോലും ഇല്ലെന്നാണ് കുമുദം പറയുന്നത്. എപ്പോഴും കരച്ചിൽ ആണ്. പോരാത്തതിന് ചൂട് സഹിക്കവയ്യാണ്ട് ഇടക്കിടക്ക് മൂക്കിൽ നിന്ന് ചോരയും വരുന്നുണ്ടത്രേ. എന്തൊക്കെ സഹിച്ചു പാവം ഈ ദിവസങ്ങൾക്കുള്ളിൽ, അതും ഞാൻ ഇവിടെ പനപോലെ ഉണ്ടായിട്ടും. ഇല്ല ഞാൻ ഉള്ളപ്പോൾ ഇനി അവൾ ഒറ്റപ്പെടില്ല, ഒരിക്കലും.
കയ്യിൽ ഉണ്ടായിരുന്ന കാശുവച്ച്, അടുത്തുള്ള കടയിൽ കയറി, ഗോതമ്പുപൊടിയും, നല്ല പഴുത്ത പാളേങ്കോടൻ പഴവും, നല്ല കറുത്ത ശർക്കരയും, കുറച്ചു നെയ്യും, ഏലക്കായും, ജീരകവും, വാങ്ങി വീട്ടിലേക്കു വച്ച് പിടിച്ചു.
********************* ഗോതമ്പു പൊടിയിൽ വെള്ളം ചേർത്ത് കുഴമ്പാക്കി, പഴവും ശർക്കരയും മറ്റു കൂട്ടങ്ങളും ഉടച്ചു ചേർത്തു, നെയ്യിൽ വട്ടിയ നാളികേരക്കൊത്ത് കൂടിയിട്ടു, നന്നായി കുഴച്ചെടുത്തു. നല്ലപോലെ ചേർന്ന മാവ് മൃദുവാക്കാൻ അൽപനേരം വച്ചു.
ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു. മനസ്സുമുഴുവൻ ഇത് കൈയിൽ കിട്ടുമ്പോൾ ഉള്ള അവളുടെ നിറഞ്ഞ ചിരിമാത്രമായിരുന്നു. നാളത്തെ ഇന്റർവ്യൂന് ഉള്ള സമയം വിളിച്ചു ചോദിച്ചു, കണ്ടൻറ് എഴുതി ഉണ്ടാക്കി. വൈകുന്നേരം വരെ കാത്തിരുന്നു. രാത്രിയവളുടെ തനിനിറം കാട്ടിതുടങ്ങിയത് പോലും അറിയാതെ, ഞാൻ തിരക്കിട്ട ഉണ്ണിയപ്പ പണിയിൽ ആയിരുന്നു.
വെളിച്ചെണ്ണയിൽ നെയ്‌ച്ചേർത്തു ചൂടായിവന്ന ഉണ്ണിയപ്പ ചട്ടിയിൽ ഓരോ കുഴികളിലും ഞാൻ ശ്രദ്ധയോടെ എന്റെ സ്നേഹം നിറച്ചുകൊടുത്തു, അത് ഇളംസ്വർണ്ണനിറം മാറി, ചുവന്നു വരുന്നതും സസൂക്ഷ്മം നോക്കിയിരുന്നു. പപ്പട കോലിനു കുത്തി വെന്തോന്നു നോക്കി, ഞാൻ കണ്ണെടുക്കാതെ ഇരുന്നു. വേവ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയ ഞാനും ഉണ്ണിയപ്പവും തവിടുപൊടിയ. പണ്ടത്തെ പോലെ അല്ല ഇത് മീനാക്ഷിക് കൊടുക്കാൻ ഉള്ളതാണ്. രാത്രി ഒരുപാട് വൈകി ആണ് പണിയൊക്കെ ഒന്ന് ഒതുങ്ങിയത്, വേറെ ഒന്നും ഉണ്ടാക്കാൻ നിന്നില്ല, കരിഞ്ഞ രണ്ടുമൂന്നു ഉണ്ണിയപ്പം തന്നെ എടുത്ത് കഴിച്ചു.