എനിക്ക് തോന്നണത് ഡൽഹിയിലെ ഏതെങ്കിലും കോണാട്ട്സ്പേസിൽ വച്ച് അപ്സരസ് കാലുതെറ്റി രാഘവമ്മാമന്റെ തലയിൽ വീണതായിരിക്കും. മോളെന്നു പറഞ്ഞു എടുത്ത് വളർത്തിയുണ്ടാവും, നമുക്ക് അറിയില്ലലോ.
ഞാൻ യന്ത്രികം ആയി എഴുന്നേറ്റു. പക്ഷെ ഒരുകൂട്ടം പൂവാലന്മാരുടെ ആഘോഷത്തിന്നിടയിൽ ഞാൻ മുങ്ങിപ്പോയി. ആരെയും കണ്ണെടുത്തു പോലും നോക്കാതെ അവൾ നടന്നകന്നു. നോക്കിയിരുന്നെങ്കിലും അവളെന്നെ കാണുമോ എന്നത് സംശയം ആണ്. പരാക്രമത്തിൽ പരാജയപ്പെട്ട ഒരു കൂട്ടം പൂവാലപ്പടയുടെ തലവനായി ഞാൻ അവിടെ നിന്നു. പതുക്കെ പട നാലുദിക്കിൽ പിരിഞ്ഞു. ഞാൻ ആയുധമില്ലാതെ ഒറ്റക്കായി.
ഇവിടെ ഇരുന്ന ഒരുപാടുപേരിൽ ഒരാൾ മാത്രമാണ് അവൾക്ക് ഞാൻ. ഞാൻ എന്താണ് ചെയ്തത്, ഒരു കോമാളി വേഷവും കെട്ടി, ഇവിടെ വരെവന്നു, വേണ്ടായിരുന്നു, കണ്ടിരുന്നെങ്കിൽ അവൾക്കത് ഒട്ടും ഇഷ്ടപെട്ടേനില്ല.
ഞാൻ തിരികെ നടന്നു. യമണ്ടൻ ഗേറ്റും കടന്നു ബസ് സ്റ്റോപ്പിലേക്ക് നടന്നു. സമയം ഒരുപാട് ആയതിനാൽ, ബസ്റ്റോപ്പിൽ തിരക്കൊഴിഞ്ഞിരുന്നു. ഞാൻ സാധാരണ മനുഷ്യന്മാർക്കു ഇരിക്കാൻ ബുദ്ധിമുട്ടുള്ള ഒറ്റക്കമ്പി സീറ്റിൽ, ആയാസത്തോടെ ഇരുന്നു.
ഫോൺ ഒരു വട്ടം ബെല്ലടിച്ചു നിർത്തി, പിന്നെയും അടിച്ചു തുടങ്ങി, പുതിയ നമ്പർ ആണ്, പെട്ടന്ന് ‘ഉണ്ടോണ്ടിരിക്കലെ നായക്കൊരു വിളികിട്ടീ’ ന്ന് പറയണപോലെ, നെറ്റ് കിട്ടിയ ട്രൂകേളർ, മീനാക്ഷി രാഘവൻ എന്ന് കാണിച്ചു, ഞാൻ ചാടികേറി അറ്റൻഡ് ചെയ്തു.
കുറച്ചു നേരത്തെ നിശ്ശബ്ദതക്കും ശ്വാസതാളത്തിനും ശേഷം ആ കിളിനാദം എന്റെ കാതിൽ മുഴങ്ങി.
: എന്തായിരുന്നു ആ പിള്ളേരുടെ ഇടയിൽ, കാലത്തേ വായ്നോക്കാൻ ഇറങ്ങിയതാണോ. (കുറുമ്പിൽ ചാലിച്ച ഒരു ഗൗരവം.) എനിക്ക് ഒന്നും പറയാൻ പറ്റാതെ വായടഞ്ഞു നിൽക്കുക ആയിരുന്നു. അവൾ എന്നെ കണ്ടിരുന്നു. മറുപടി കാണാത്തപ്പോൾ അവൾ പിന്നെയും തുടർന്നു.
: എവിടന്നു കിട്ടി ആ പൂക്കൾ ഷർട്ടും, കീറിപറിഞ്ഞ ഒരു പാന്റും, ഇവിടെ പിള്ളേര്‌പോലും ഇട്ടുകണ്ടിട്ടില്ല അങ്ങനെ ഒന്ന്. (പതിഞ്ഞ ഒരു ചിരി ഞാൻ കേട്ടു.)
പെണ്ണുങ്ങൾക്ക് മുഖത്തു രണ്ടുകണ്ണും തലയ്ക്കു ചുറ്റും കാക്കത്തൊള്ളായിരം കണ്ണും ഉണ്ടെന്ന യാഥാർഥ്യം ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
: ഞാൻ…. ഞാ… ഞാൻ ഒന്ന് കാണാൻ വന്നതാ.